ADVERTISEMENT

പോർട്ട് ഓഫ് സ്പെയിൻ∙ ട്വന്റി20, ഏകദിന പരമ്പരകളിലെ സമ്പൂർണ വിജയത്തിനുശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി വെസ്റ്റിൻഡീസ് ബോർഡ് പ്രസിഡന്റ് ഇലവനെതിരെ ഇന്ത്യ ഇന്ന് ത്രിദിന സന്നാഹ മൽസരത്തിന് ഇറങ്ങും. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരും ട്വന്റി20, ഏകദിന പരമ്പരകളിൽനിന്ന് വിശ്രമം അനുവദിക്കപ്പെട്ട പേസ് ബോളർ ജസ്പ്രീത് ബുമ്രയും കളത്തിലിറങ്ങും. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആഷസ് പരമ്പരയോടെ തുടക്കമായ ടെസ്റ്റ് ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മൽസരം കൂടിയാണ് വിൻഡീസിനെതിരെ 22ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ്.

ട്വന്റി20, ഏകദിന പരമ്പരകളിൽ മികച്ച ഫോമിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലിക്ക് ഇന്ത്യ വിശ്രമം അനുവദിക്കാനാണ് സാധ്യത. മൂന്നു ട്വന്റി20 മൽസരങ്ങളിൽനിന്ന് 106 റൺസും രണ്ട് ഏകദിനങ്ങളിൽനിന്ന് 234 റൺസും നേടിയ കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ഏകദിനത്തിൽ രണ്ടു മൽസരങ്ങളിലും സെഞ്ചുറി നേടിയ കോലി അസാമാന്യ ഫോമിലാണ്. കൈവിരലിനു പരുക്കുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് കോലിക്ക് വിശ്രമം അനുവദിക്കാൻ സാധ്യത നിലനിൽക്കുന്നത്.

ട്വന്റി20 പരമ്പരയിലെ മൂന്നു മൽസരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യ, ഏകദിന പരമ്പരയിലെ പൂർത്തിയായ രണ്ടു മൽസരങ്ങളും ജയിച്ചാണ് പരമ്പര നേടിയത്. ഒന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടെസ്റ്റ് പരമ്പര കൂടി ജയിച്ചാൽ ചരിത്രത്തിലാദ്യമായി വിൻഡീസ് പര്യടനത്തിൽ മൂന്നു ഫോർമാറ്റിലും പരമ്പര വിജയമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമാക്കാം.

ആറു മാസത്തിലധികം നീളുന്ന ഇടവേളയ്ക്കു ശേഷമാണ് ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ളവർ രാജ്യാന്തര മൽസരത്തിന് ഇറങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും സമ്പൂർണ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ലാത്ത രഹാനെയ്ക്കും പരമ്പര നിർണായകമാണ്. ഈ സാഹചര്യത്തിൽ ഏറ്റവും മികച്ച ഒരുക്കമാകും സന്നാഹ മൽസരത്തിലൂടെ രഹാനെ ലക്ഷ്യമിടുന്നത്. ലോകകപ്പിനുശേഷം വിശ്രമത്തിനായി ദീർഘനാൾ ലഭിച്ച ബുമ്രയും, തിരിച്ചുവരവ് ഉജ്വലമാക്കാനുള്ള ശ്രമത്തിലാണ്. ട്വന്റി20, ഏകദിന ടീമുകളിലുണ്ടായിരുന്ന താരങ്ങളെ സംബന്ധിച്ച് ലിമിറ്റ‍ഡ് ഓവർ ഫോർമാറ്റിൽനിന്ന് ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറാനുള്ള സുവർണാവസരമാണ് പരിശീലന മൽസരം.

ഏകദിനത്തിൽ തീർത്തും നിറം മങ്ങിയ രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനം സന്നാഹ മൽസരത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടും. ഇന്ത്യ എയ്ക്കായി രണ്ട് അർധസെഞ്ചുറികൾ കുറിച്ച് വൃദ്ധിമാൻ സാഹ മികവുകാട്ടിയ സാഹചര്യത്തിൽ ഋഷഭ് പന്തിന് മികച്ച പ്രകടനം നടത്താൻ സമ്മർദ്ദമുണ്ടാകും. പ്രത്യേകിച്ചും വിക്കറ്റ് കീപ്പറെന്ന നിലയിൽ സാഹ പന്തിനേക്കാൾ മുന്നിൽ നിൽക്കുന്ന സാഹചചര്യത്തിൽ. ഹനുമ വിഹാരി, മായങ്ക് അഗർവാൾ തുടങ്ങിയ സ്പെഷലിസ്റ്റുകൾ ടീമിൽ സ്ഥാനത്തിനായി മൽസരിക്കുമ്പോൾ, രോഹിത് ശർമയ്ക്കും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.

മായങ്ക് അഗർവാൾ ഓപ്പണറാകുമെന്ന് ഉറപ്പാണെങ്കിലും ആരാകും രണ്ടാമൻ എന്ന ചോദ്യത്തിനും ഉത്തരം വ്യക്തമാകേണ്ടതുണ്ട്. ലോകേഷ് രാഹുലും ഹനുമ വിഹാരിയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി പേസ് ബോളർമാരായ ഉമേഷ് യാദവ്, ഇഷാന്ത് ശർമ എന്നിവർക്കും ടീം മാനേജ്മെന്റിനു മുന്നിൽ മികവു തെളിയിക്കാനുള്ള വേദിയാണ് ഈ മൽസരം. സ്പിൻ വിഭാഗത്തിൽ ദീർഘകാലത്തിനുശേഷം ആർ.അശ്വിൻ – രവീന്ദ്ര ജഡേജ സഖ്യം തിരിച്ചെത്തും.

English Summary: India  vs West Indies Cricket Board XI Warm Up Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com