ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുന്നേറുമ്പോഴും വന്നവഴി മറക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഓഗസ്റ്റ് 18ന് രാജ്യാന്തര ക്രിക്കറ്റിൽ വിരാട് ആദ്യ മൽസരം കളിച്ചിട്ട് 11 വർഷം പൂർത്തിയായി. 11 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ട്വിറ്ററിൽ നന്ദി പറയുകയാണ് ഇന്ത്യൻ നായകൻ. തിങ്കളാഴ്ചയാണ് കോലിയുടെ കുറിപ്പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

കോലിയുടെ ആദ്യ മൽസരത്തിലെ ചിത്രമുള്‍പ്പെടെ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് നിമിഷനേരം കൊണ്ട് ആരാധകരും ഏറ്റെടുത്തു. 11 വർ‌ഷം തികയുന്ന വേളയിൽ ട്വിറ്ററിൽ കോലി ഇങ്ങനെ കുറിച്ചു– ഒരു കൗമാരക്കാരനായി 2008 ൽ അരങ്ങേറിയതു മുതൽ ഇതുവരെ സ്വപ്നം പോലും കാണാത്തത്രയും അനുഗ്രഹമാണ് ദൈവം എനിക്കുമേൽ ചൊരിഞ്ഞത്. സ്വപ്നങ്ങൾ പിന്തുടരാനുള്ള ശക്തി നിങ്ങൾക്കും ഉണ്ടാകട്ടെ, എല്ലായ്പോഴും ശരിയായ പാത തന്നെ തിരഞ്ഞെടുക്കപ്പെടട്ടെ.

2008 ഓഗസ്റ്റ് 18ന് ശ്രീലങ്കയ്ക്കെതിരെ ദാംബുള്ളയില്‍ നടന്ന ഏകദിന മൽസരത്തിലായിരുന്നു വിരാട് കോലിയുടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഗൗതം ഗംഭീറിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത കോലി ആദ്യ മൽസരത്തിൽ നേടിയത് 22 പന്തിൽ വെറും 12 റൺസ് മാത്രം. ഈ മൽസരത്തിൽ ഇന്ത്യയെ 146 റൺസിന് എറിഞ്ഞൊതുക്കിയ ലങ്ക 8 വിക്കറ്റിനു ജയിക്കുകയും ചെയ്തു. ടെസ്റ്റിൽ 2011ൽ‌ വെസ്റ്റിൻഡീസിനെതിരെയും ട്വന്റി20യിൽ 2010ൽ സിംബാബ്‌വെയ്ക്കെതിരെയുമായിരുന്നു കോലിയുടെ അരങ്ങേറ്റ മല്‍സരങ്ങൾ.

ഏകദിന ക്രിക്കറ്റിൽ ആദ്യ മൽസരം കളിച്ച 2008ൽ കോലി ഒരു സെഞ്ചുറി പോലും നേടിയില്ല. 2009ൽ കൊൽക്കത്തയിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു കോലിയുടെ ആദ്യ സെഞ്ചുറി. അണ്ടർ 19 ലോകകപ്പ് ജയിച്ച ക്യാപ്റ്റനെന്ന നിലയ്ക്കാണ് രാജ്യാന്തര ക്രിക്കറ്റിലെ തുടക്കകാലത്ത് കോലി അറിയപ്പെട്ടത്. 2011 ലോകകപ്പ് ടീമിലും കോലിക്ക് ഇടം ലഭിച്ചു. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോൾ കോലി നേടിയത് 35 റൺസ്.

2014ൽ എം.എസ്. ധോണിയിൽനിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലി നിർണായക പരമ്പരകളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഓസ്ട്രേലിയയെ 2–1ന് പരാജയപ്പെടുത്തി, ഓസീസിനെതിരെ അവരുടെ നാട്ടിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമായി കോലിയും കൂട്ടരും. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമുള്ള റെക്കോർഡുകളും അതിവേഗമാണ് കോലി തകർക്കുന്നത്. 100 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താൻ കോലിക്ക് ഇനി 32 സെഞ്ചുറികള്‍ കൂടി മതി. 11 വർഷത്തിൽ‌ കോലി നേടിയത് 68 സെഞ്ചുറികൾ!. ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളിൽ നിലവില്‍ ഒന്നാം നമ്പർ ബാറ്റ്സ്മാനാണ് കോലി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി വെസ്റ്റിൻഡീസിലാണ് കോലിയുള്ളത്. ആന്റിഗ്വയിൽ നടക്കുന്ന വിൻഡീസ് എ ടീമിനെതിരായ മൂന്ന് ദിവസത്തെ സന്നാഹ മൽസരത്തിൽ താരം കളിക്കുന്നില്ല. ഏകദിന പരമ്പരയ്ക്കിടെ കോലിക്കു പരുക്കേറ്റതിനാൽ സന്നാഹ മൽസരത്തിൽ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു.

English Summary: Virat Kohli reflects on 11year journey in international cricket with twitter message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com