ADVERTISEMENT

ബെല്ലാരി∙ 56 പന്തിൽ 13 സിക്സും ഏഴു ഫോറും സഹിതം പുറത്താകാതെ 134 റൺസ്, നാല് ഓവറിൽ 15 റൺസ് വഴങ്ങി എട്ടു വിക്കറ്റ്, ഇതിനു പുറമെ രണ്ടു കിടിലൻ ക്യാച്ചുകളും ! – ട്വന്റി20 ക്രിക്കറ്റിന്റെ ‘പരിമിതി’കൾക്കുള്ളിൽനിന്ന് പരിധികളില്ലാത്ത ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പ്രകടനവുമായി കളംനിറഞ്ഞ കൃഷ്ണപ്പ ഗൗതത്തിന്റെ വിസ്മയ പ്രകടനത്തിനു സാക്ഷികളായ ആരാധകർ ഉറപ്പായും പറഞ്ഞിട്ടുണ്ടാകും; ‘നീ കൃഷ്ണപ്പയല്ലെടാ പൊന്നപ്പനാ, പൊന്നപ്പൻ’! ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി അവിശ്വസനീയ പ്രകടനങ്ങൾ പലകുറി ആവർത്തിച്ചിട്ടും അകന്നുനിൽക്കുന്ന ഇന്ത്യൻ കുപ്പായത്തിന് ശക്തമായ അവകാശവാദമുന്നയിച്ചാണ് കർണാടക പ്രീമിയർ ലീഗിൽ മുപ്പതുകാരനായ കൃഷ്ണപ്പ ഗൗതത്തിന്റെ അസാധ്യ പ്രകടനം.

‘ഓൾറൗണ്ടർ’ സ്ഥാനത്തിന് പുതിയ അർഥതലങ്ങൾ സമ്മാനിച്ച് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ വിസ്മയിപ്പിച്ച കൃഷ്ണപ്പ ഗൗതത്തിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ചിറകിലേറി, ഷിമോഗ ലയൺസിനെതിരായ മൽസരത്തിൽ ബെല്ലാരി ടസ്കേഴ്സിന് അവിസ്മരണീയ ജയം. ടോസ് മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ബെല്ലാരി ടസ്കേഴ്സ് നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ്. മറുപടി ബാറ്റിങ്ങിൽ ഷിമോഗ ലയൺസ് 16.3 ഓവറിൽ 133 റൺസിന് പുറത്തായതോടെ ബെല്ലാരിക്ക് 70 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തം. ഡീൻ ജോൺസ്, ആകാശ് ചോപ്ര തുടങ്ങിയ മുൻ താരങ്ങൾ കൃഷ്ണപ്പ ഗൗതത്തിന്റെ അവിശ്വസനീയ പ്രകടനത്തിൽ അദ്ഭുതം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

∙ 56 പന്ത്, പുറത്താകാതെ 134 റൺസ്

ആദ്യം ബാറ്റു ചെയ്ത ബെല്ലാരി ടസ്കേഴ്സിനായി വെറും 39 പന്തിൽനിന്ന് സെഞ്ചുറി തികച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയ ഗൗതം, ഇന്നിങ്സ് പൂർത്തിയാകുമ്പോൾ 56 പന്തിൽനിന്ന് 134 റൺസുമായി പുറത്താകാതെ നിന്നു. ഏഴു ഫോറും 13 പടുകൂറ്റൻ സിക്സും നിറം ചാർത്തിയതായിരുന്നു കൃഷ്ണപ്പ ഗൗതത്തിന്റെ ഇന്നിങ്സ്. കർണാടകക്കാരുടെ മാത്രം മൽസരമെന്നു പറഞ്ഞ് ഗൗതത്തിന്റെ പ്രകടനത്തിന്റെ കുറച്ചുകാണരുത്. പലതവണ ഇന്ത്യൻ ജഴ്സിയണിഞ്ഞ അഭിമന്യു മിഥുൻ ഉൾപ്പെടെയുള്ളവർ അണിനിരന്ന ബോളിങ് നിരയെയാണ് കൃഷ്ണപ്പ ഗൗതം അടിച്ചോടിച്ചത്!

ബെല്ലാരി ടസ്കേഴ്സ് 2.5 ഓവറിൽ 20 റൺസ് എന്ന നിലയിൽ നിൽക്കെ, ക്യാപ്റ്റൻ കൂടിയായ ചിദംബരം ഗൗതം 13 റണ്‍സുമായി പുറത്തായതോടെയാണ് കൃഷ്ണപ്പ ഗൗതം വൺഡൗണായി ക്രീസിലെത്തുന്നത്. ഇതോടെ ഷിമോഗ ലയൺസ് ബോളർമാർ സട കൊഴിഞ്ഞ സിംഹങ്ങളായി. അഭിഷേക് റെഡ്ഡിക്കൊപ്പം രണ്ടാം വിക്കറ്റിൽ 54 റണ്‍സ് കൂട്ടുകെട്ട് തീർത്താണ് തുടക്കം.

16 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 34 റൺസുമായി റെഡ്ഡി പുറത്തായതോടെ നാലാമനായി മലയാളി വേരുകളുള്ള ദേവ്ദത്ത് പടിക്കൽ ക്രീസിൽ. ഏഴു പന്തിൽ ആറു റൺസുമായി ദേവ്ദത്ത് മടങ്ങിയത് ഗൗതത്തെ ബാധിച്ചില്ല. പിരിയാത്ത നാലാം വിക്കറ്റിൽ സീഷൻ അലിക്കൊപ്പം 94 റൺസിന്റെ കൂട്ടുകെട്ട്. അതും വെറും 41 പന്തിൽ! ഇതിൽ 83 റൺസും ഗൗതം വക! അലി ഒൻപതു പന്തിൽ 11 റൺസുമായി ഗൗതത്തിനൊപ്പം പുറത്താകാതെ നിന്നു.

∙ 24 പന്ത്, 15 റണ്‍സ്, ഹാട്രിക് സഹിതം എട്ടു വിക്കറ്റ്!

ബാറ്റുമായി കൃഷ്ണപ്പ ഗൗതം നടത്തിയ സംഹാരതാണ്ഡവും കണ്ട് അർധബോധാവസ്ഥയിലായ ആരാധകരുടെ ഉള്ള ബോധവും കൂടി കളയുന്ന പ്രകടനമാണ് ബോളിങ്ങിൽ കണ്ടത്. ആറു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയുടെ ലക്ഷണങ്ങൾ കാട്ടിയാണ് ഷിമോഗ ലയൺസ് തുടക്കമിട്ടത്. ഇതിൽ ആദ്യ വിക്കറ്റ് ഐപിഎല്ലിൽ കർണാടക താരം കൂടിയായ പ്രാസിദ് കൃഷ്ണയും രണ്ടാം വിക്കറ്റ് കൃഷ്ണപ്പ ഗൗതവും സ്വന്തമാക്കി.

എന്നാൽ, മൂന്നാം വിക്കറ്റിൽ അക്ഷയ് ബള്ളാൽ – പവൻ ദേശ്പാണ്ഡെ സഖ്യം തിരിച്ചടിച്ചതോടെ ബെള്ളാരി ടസ്കേഴ്സ് പ്രതിരോധത്തിലേക്കു വലിഞ്ഞു. 10 ഓവർ ക്രീസിൽനിന്ന ഇരുവരും ചേർന്ന് 96 റൺസാണ് ഷിമോഗയുടെ സ്കോർബോർഡിൽ ചേർത്തത്. എന്നാൽ, കൃഷ്ണപ്പ ഗൗതം എറിഞ്ഞ 12–ാം ഓവറിന്റെ രണ്ടാം പന്തിൽ അക്ഷയ് ബള്ളാൽ ക്ലീൻബോൾഡായത് വഴിത്തിരിവായി. 30 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 40 റൺസായിരുന്നു അക്ഷയിന്റെ സമ്പാദ്യം.

തൊട്ടടുത്ത പന്തുകളിൽ കെ.രോഹിത്, ക്യാപ്റ്റൻ കൂടിയായ അഭിമിന്യൂ മിഥുൻ എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ഗൗതം ഹാട്രിക് തികച്ചു. തുടർന്നുള്ള ഓവറുകളിൽ മോഹൻറാം നിദേഷ് (എട്ട്), മഞ്ജുനാഥ് (0), എച്ച്.എസ്. ശരത് (11) എന്നിവരെയും പുറത്താക്കിയ ഗൗതം നാല് ഓവർ പൂർത്തിയാക്കുമ്പോൾ ആ പ്രകടനം ഇങ്ങനെ ചുരുക്കിയെഴുതാം: 4-0-15-8 ! കളിയിലെ കേമൻപട്ടം നേടിയതും മറ്റാരുമല്ല!

∙ റെക്കോർഡില്ല, ഇത് ‘ക്രിക്കറ്റിന്റെ നഷ്ടം’ !

സംസ്ഥാനതല ട്വന്റി20 മൽസരങ്ങൾക്ക് ഔദ്യോഗിക അംഗീകാരമില്ലാത്തതുകൊണ്ടു മാത്രം കൃഷ്ണപ്പ ഗൗതത്തിന്റെ വിസ്മയ പ്രകടനം ക്രിക്കറ്റ് റെക്കോർഡ് ബുക്കുകളിൽ ഇടംപിടിക്കില്ല. ക്രിക്കറ്റിന്റെ നഷ്ടമെന്നല്ലാതെ എന്തു പറയാൻ! എങ്കിലും കർണാടക പ്രീമിയർ ലീഗിലെ ഒരുപിടി ബാറ്റിങ്, ബോളിങ് റെക്കോർഡുകളാണ് കൃഷ്ണപ്പ ഗൗതത്തിന്റെ വിസ്മയ പ്രകടനത്തിൽ വീണുടഞ്ഞത്.

കർണാടക പ്രീമിയർ ലീഗിലെ അതിവേ സെഞ്ചുറി, ഉയർന്ന വ്യക്തിഗത സ്കോർ, ഒരിന്നിങ്സിൽ കൂടുതൽ സിക്സ്, ഏറ്റവും മികച്ച ബോളിങ് പ്രകടനം, ഹാട്രിക് വിക്കറ്റ് നേട്ടം... റെക്കോർഡുകളുടെ പെരുമഴ തുടരുകയാണ്!

രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തതുപോലെ, കെപിഎൽ (കർണാടക പ്രീമിയർ ലീഗ്) ഇനി ‘കൃഷ്ണപ്പ പ്രീമിയർ ലീഗ്’ എന്ന് അറിയപ്പെടും!

English Summary: 134 not out, 8/15: K Gowtham smashes T20 records with unbelievable all-round figures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com