ADVERTISEMENT

നോർത്ത് സൗണ്ട്∙ ക്യാപ്റ്റനൊത്ത ഇന്നിങ്സുമായി വിരാട് കോലി, ഉപനായകന്റെ റോൾ ഭംഗിയാക്കി അജിൻക്യ രഹാനെ... ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ സാക്ഷികളാകുന്നത് അഴകാർന്നൊരു ക്രിക്കറ്റ് കാഴ്ചയ്ക്കാണ്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ കോലി–രഹാനെ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടുകെട്ടിന്റെ കരുത്തിൽ ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റിൽ. ടെസ്റ്റ് കരിയറിലെ 21–ാം അർധസെഞ്ചുറിയുമായി ക്രീസിൽ നിൽക്കുന്ന കോലിയുടെയും 19–ാം അർധസെഞ്ചുറി പൂർത്തിയാക്കിയ രഹാനെയുടെയും മികവിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കോലി 51 റൺസോടെയും രഹാനെ 53 റൺസോടെയും ക്രീസിൽ. ക്ഷമയുടെ ആൾരൂപങ്ങളായി ഉറച്ചുനിൽക്കുന്ന ഇരുവരും പിരിയാത്ത നാലാം വിക്കറ്റിൽ ഇതിനകം 104 റൺസും കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 260 റൺസായി ഉയർന്നു. ഓപ്പണർമാരായ ലോകേഷ് രാഹുൽ (85 പന്തിൽ 38), മായങ്ക് അഗർവാൾ (43 പന്തിൽ 16), ചേതേശ്വർ പൂജാര (53 പന്തിൽ 25) എന്നിവരാണ് പുറത്തായത്. വിൻഡീസിനായി റോസ്റ്റൻ ചേസ് രണ്ടും കെമർ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി. വിൻഡീസ് നിരയിലെ ഏഴു താരങ്ങൾ ഇതുവരെ പന്തെറിഞ്ഞെങ്കിലും നാലാം വിക്കറ്റിലെ കോലി–രഹാനെ സഖ്യം പൊളിക്കാനായിട്ടില്ല. ഏഴു വിക്കറ്റും രണ്ടു ദിവസത്തെ കളിയും ബാക്കിനിൽക്കെ മികച്ച ലീഡ് ഉറപ്പാക്കി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് വിജയത്തോടെ തുടക്കമിടാനാകും ഇന്ത്യൻ ശ്രമം.

∙ ഇഷാന്തിനു മുന്നിൽ ചൂളി വിൻഡീസ്

നേരത്തെ, അഞ്ചു വിക്കറ്റ് നേട്ടവുമായി മുന്നിൽനിന്നു പടനയിച്ച ഇഷാന്ത് ശർമയുടെ മികവിൽ ഒന്നാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 222 റൺസിന് പുറത്തായി. എട്ടു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച വിൻഡീസ്, 74.2 ഓവറിലാണ് 222 റൺസിന് എല്ലാവരും പുറത്തായത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 297 റൺസാണെടുത്തത്. ഇതോടെ ഇന്ത്യയ്ക്ക് ലഭിച്ചത് 75 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ജെയ്സൻ ഹോൾഡർ (65 പന്തിൽ 39), മിഗ്വേൽ കമ്മിൻസ് (0) എന്നിവരാണ് മൂന്നാം ദിനം പുറത്തായ വിൻഡീസ് താരങ്ങൾ. 45 പന്തുകൾ നേരിട്ട കമ്മിൻസ്, ഒരു റണ്ണുപോലും നേടാതെ ഏറ്റവുമൊടുവിലാണ് പുറത്തായത്. ഷാനൻ ഗബ്രിയേൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ചും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 174 റൺസെന്ന നിലയിൽ ഇന്ത്യയെ വെല്ലുവിളിച്ച വിന്‍ഡീസിന്റെ മൂന്നു വിക്കറ്റുകൾ വെറും അഞ്ചു റണ്‍സിനിടെ പിഴുതെടുത്ത ഇഷാന്ത് ശർമയാണ് രണ്ടാം ദിനം വിൻഡീസിനെ എട്ടിന് 189 റൺസ് എന്ന നിലയിലേക്കു തള്ളിവിട്ടത്. മൽസരത്തിലാകെ 13 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തത്. നേരത്തെ, ഇന്ത്യൻ ഇന്നിങ്സിലെ എട്ടാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ഇഷാന്ത് തീർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ടെസ്റ്റിൽ ഇഷാന്ത് അർധസെഞ്ചുറി കൂട്ടുകെട്ടിന്റെ ഭാഗമാകുന്നത്.

അർധസെഞ്ചുറിക്ക് രണ്ടു റൺസ് അകലെ വീണുപോയ റോസ്റ്റൻ ചേസാണ് വിൻഡീസിന്റെ ടോപ് സ്കോറർ. 74 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ചേസ് 48 റൺസെടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തിയ ഇന്ത്യൻ ബോളർമാർ വിൻഡീസ് ഇന്നിങ്സിൽ ഒരു കൂട്ടുകെട്ടും അർധസെഞ്ചുറി കടക്കാൻ അനുവദിച്ചില്ല. ക്രെയ്ഗ് ബ്രാത്ത്‌വയ്റ്റ് (14), ജോൺ കാംബെൽ (23), അരങ്ങേറ്റ താരം ഷമർ ബ്രൂക്സ് (11), ഡാരൻ ബ്രാവോ (18), ഷായ് ഹോപ്പ് (24), ഷിംറോൺ ഹെറ്റ്മയർ (35), കെമർ റോച്ച് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

∙ രക്ഷകൻ രഹാനെ, രക്ഷകൻ ജഡേജ

ഒന്നാം ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 96.4 ഓവറിലാണ് 297ന് എല്ലാവരും പുറത്തായത്. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കു പിന്നാലെ അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സിന് കരുത്തു പകർന്നത്. ടെസ്റ്റിലെ 11–ാം അർധസെഞ്ചുറി കുറിച്ച ജഡേജ, 112 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 58 റൺസെടുത്ത് ഏറ്റവും ഒടുവിലാണ് പുറത്തായത്. വെസ്റ്റിൻഡീസിനായി കെമർ റോച്ച് നാലും ഷാനൻ ഗബ്രിയേൽ മൂന്നും റോസ്റ്റൻ ചേസ് രണ്ടും ജെയ്സൻ ഹോൾഡർ ഒരു വിക്കറ്റും വീഴ്ത്തി.

അകത്തോ പുറത്തോ എന്ന നിലയിൽനിന്ന് ടീമിൽ സ്ഥാനം ഉറപ്പിച്ച രവീന്ദ്ര ജഡേജയുടെ പോരാട്ടമാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. ഏകദിന ലോകകപ്പ് സെമിയിലെ പോരാട്ടത്തെ അനുസ്മരിപ്പിച്ച് കളം നിറഞ്ഞ ജഡേജ, ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്കോറും കുറിച്ചു. എട്ടാം വിക്കറ്റിൽ ഇഷാന്ത് ശർമയ്ക്കൊപ്പം ജഡേജ പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്. ഇഷാന്ത് 62 പന്തിൽ ഒരു ബൗണ്ടറി സഹിതം 19 റൺസെടുത്തു.

വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ അർധസെഞ്ചുറിക്കരുത്തിൽ ഒന്നാം ദിനം ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണു നേടിയത്. 163 പന്തിൽ 10 ബൗണ്ടറി സഹിതം 81 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം. ഓപ്പണർ ലോകേഷ് രാഹുലിനൊപ്പം നാലാം വിക്കറ്റിലും ഹനുമ വിഹാരിക്കൊപ്പം അഞ്ചാം വിക്കറ്റിലും അർധസെഞ്ചുറി കൂട്ടുകെട്ടു തീർക്കാനും രഹാനെയ്ക്കായി. രാഹുൽ 44 റൺസെടുത്തും വിഹാരി 32 റൺസെടുത്തുമാണ് പുറത്തായത്.

∙ കളത്തിലെ കൗതുകക്കാഴ്ചകൾ

∙ ഇഷാന്ത് ശർമ - 91 മത്സരം നീണ്ട ടെസ്റ്റ് കരിയറിലെ ഒൻപതാം അ‍ഞ്ചു വിക്കറ്റ് നേട്ടമാണ് വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇഷാന്ത് ശർമ കൈവരിച്ചത്. ആദ്യ ഇന്നിങ്സിൽ, രവീന്ദ്ര ജഡേജയുമായി 60 റൺസ് കൂട്ടിച്ചേർത്ത ഇഷാന്ത്, ബാറ്റുകൊണ്ടും ഇന്ത്യയുടെ രക്ഷയ്ക്കെത്തിയിരുന്നു.

∙ സംപൂജ്യൻ! - ടെസ്റ്റ് മത്സരത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഡക്കിനുള്ള (റൺ നേടാനാകും മുൻപു പുറത്താകുന്നത്) ‘റെക്കോർഡ്’ വിൻഡീസിന്റെ മിഗ്വേൽ കമ്മിൻസ് (45 പന്തിൽ 0) സ്വന്തമാക്കി. 95 മിനിറ്റ് ഇന്നിങ്സിനുശേഷമാണ് കമ്മിൻസ് പുറത്തായത്. ന്യൂസീലൻഡ് താരം ജെഫ് അലട്ടിനാണ് (ദക്ഷിണാഫ്രിക്കയ്ക്കെതിരെ 101 മിനിറ്റ്, 1991) ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം.

∙ ജസ്പ്രീത് ബുമ്ര - ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗം 50 വിക്കറ്റ് തികയ്ക്കുന്ന പേസ് ബോളർക്കുള്ള റെക്കോർഡ് ജസ്പ്രീത് ബുമ്രയ്ക്ക്. 11 ടെസ്റ്റിൽ നേട്ടത്തിലെത്തിയ ബുമ്ര, വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് ഷമി (രണ്ടു പേരും 13 ടെസ്റ്റ്) എന്നിവരെയാണു പിന്നിലാക്കിയത്.

English Summary: India Vs West Indies 1st Test, Day Three, Live Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com