ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ പ്രകടനത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? ഉത്തരങ്ങൾ പലതാകാം. ലോകകപ്പ് ഫൈനലിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കോലിയുടെ ക്യാപ്റ്റൻസിയെ സംശയത്തോടെ വീക്ഷിക്കുന്നവരും ഒട്ടേറെയാണ്. വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റൻമാരെന്ന തരത്തിൽപ്പോലും പൊട്ടിപ്പുറപ്പെട്ട ചർച്ചകൾ പൂർണമായും കെട്ടടങ്ങിയിട്ടുമില്ല. ഇതിനിടെ, ടെസ്റ്റ് ക്രിക്കറ്റിലെ വിജയക്കുതിപ്പിൽ ഇന്ത്യൻ ക്രിക്കറ്റിലെ മഹാൻമാരായ ക്യാപ്റ്റൻമാരെയെല്ലാം പിന്തള്ളിയിരിക്കുകയാണ് കോലി. വിദേശത്തെ ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തിൽ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് സ്വന്തം പേരിലാക്കിയ കോലി, ആകെ വിജയങ്ങളുടെ എണ്ണത്തിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പമെത്തുകയും ചെയ്തു.

നായകനെന്ന നിലയിൽ വിരാട് കോലിക്കു കീഴിൽ 12–ാം വിജയമാണ് ഇന്നലെ ആന്റിഗ്വയിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ നേടിയത്. 26 ടെസ്റ്റുകളിൽ നിന്നാണ് കോലി ടീമിന് 12–ാം ജയം സമ്മാനിച്ചത്. വിദേശത്ത് ഇന്ത്യൻ ടീമിനെ 28 ടെസ്റ്റുകളിൽ നയിച്ച ഗാംഗുലിയുടെ പേരിൽ 11 വിജയങ്ങളാണുള്ളത്. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി (30 ടെസ്റ്റിൽ ആറു ജയം), രാഹുൽ ദ്രാവിഡ് (17 ടെസ്റ്റിൽ അഞ്ചു ജയം) എന്നിവരാണ് വിദേശ മണ്ണിലെ വിജയക്കണക്കിൽ കോലിക്കും ഗാംഗുലിക്കും പിന്നിലുള്ളത്.

അതേസമയം, നായകനെന്ന നിലയിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച താരമെന്ന മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ധോണി 27 മൽസരങ്ങളിലാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. വെറും 47 ടെസ്റ്റുകളിൽനിന്നു തന്നെ കോലി ഈ റെക്കോർഡിനൊപ്പമെത്തി. കോലിക്കു കീഴിൽ ഇന്ത്യ നേടുന്ന 27–ാം ജയമാണ് ഇന്നലെ ആന്റിഗ്വയിൽ കണ്ടതെന്നു സാരം. 49 മൽസരങ്ങളിൽനിന്ന് 21 ജയം സമ്മാനിച്ച് ഗാംഗുലി മൂന്നാമതും 47 ടെസ്റ്റുകളിൽനിന്ന് 14 ജയം സമ്മാനിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ നാലാമതുമുണ്ട്.

ഇതിനെല്ലാം പുറമെ, വിദേശ മണ്ണിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണ് ആന്റിഗ്വയിലേത്. രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ 100 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ, 318 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ, 2017ൽ ഗോളിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 304 റണ്‍സിന്റെ റെക്കോർഡ് രണ്ടാമതായി.

279 ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ, 1986

278 ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ, 2015

272 ന്യൂസീലൻഡിനെതിരെ ഓക്‌ലൻഡിൽ, 1967/68

എന്നിവയാണ് വിദേശ മണ്ണിൽ ഇന്ത്യയുടെ മറ്റ് വൻവിജയങ്ങൾ. വിദേശത്തെയും നാട്ടിലെയും മൽസരങ്ങൾ പരിഗണിച്ചാൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഉയർന്ന നാലാമത്തെ ജയമാണ് ആന്റിഗ്വയിലേത്. 2015–16 സീസണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡൽഹിയിൽ നേടിയ 337 റൺസിന്റെ വിജയമാണ് ഈ പട്ടികയിൽ ഒന്നാമത്. ഇന്ത്യയുടെ മറ്റു വലിയ ടെസ്റ്റ് വിജയങ്ങൾ ഇതാ:

321 ന്യൂസീലൻഡിനെതിരെ ഇൻഡോറിൽ, 2016/17

320 ഓസീസിനെതിരെ മൊഹാലിയിൽ, 2008/09

318 വെസ്റ്റിൻഡീസിനെതിരെ ആന്റിഗ്വയിൽ, 2019 *

304 ശ്രീലങ്കയ്‌ക്കെതിരെ ഗോളിൽ, 2017

ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസ് ഏറ്റവും ചെറിയ സ്കോർ കൂടിയാണ് ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ 100 റൺസ്. ഒരു ഘട്ടത്തിൽ ഒൻപതിന് 50 റൺസെന്ന നിലയിൽ തകർന്ന വിൻഡീസിനെ, അവസാന വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് കെമർ റോച്ച് – മിഗ്വേൽ കമ്മിൻസ് സഖ്യമാണ് മൂന്നക്കത്തിലെത്തിച്ചത്. വിൻഡീസിന്റെ മറ്റ് ചെറിയ സ്കോറുകള്‍:

103 കിങ്സ്റ്റണിൽ, 2006

108 ഗ്രോസ് ഐലറ്റ്, 2016

127 ഡൽഹി, 1987/88

127 ഹൈദരാബാദ്, 2018/19

രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ താങ്ങിനിർത്തിയ വിരാട് കോലി – അജിൻക്യ രഹാനെ സഖ്യവും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ടെസ്റ്റിൽ നാലാം വിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകളെന്ന റെക്കോർഡാണ് ഇരുവരും സ്വന്തമാക്കിയത്. സച്ചിൻ തെന്‍ഡുൽക്കർ – സൗരവ് ഗാംഗുലി സഖ്യത്തിന്റെ ഏഴു സെഞ്ചുറി കൂട്ടുകെട്ടുകളുടെ റെക്കോർഡാണ് കോലിയും രഹാനെയും എട്ടാക്കി തിരുത്തിയത്.

English Summary: Virat Kohli Sets New Record as Captain of Indian Test Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com