ADVERTISEMENT

ജമൈക്ക ∙ വെസ്റ്റിൻഡീസ് പര്യടനത്തിലെ തകർപ്പൻ വിജയവുമായി നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി കാത്തിരിക്കുന്നത് നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ നേടിയ 257 റൺസ് വിജയത്തോടെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരിയത് (2–0). സ്കോർ– ഇന്ത്യ: 416, 4 വിക്കറ്റിന് 168; വിൻഡീസ്: 117, 210. 3 വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. മറുനാട്ടിൽ ഇന്ത്യ പഠിച്ചതും നാട്ടിൽ നടപ്പാക്കേണ്ടതുമായ കാര്യങ്ങളുമുണ്ട് വിൻഡീസ് പരമ്പരയിൽ.

∙ ടെസ്റ്റിൽ ബുമ്രയ്ക്കു പുതിയ മേൽവിലാസം

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസർമാരിൽ ഒരാൾ എന്നതാണ് ഇപ്പോൾ ജസ്പ്രീത് ബുമ്രയുടെ പുതിയ മേൽവിലാസം. ട്വന്റി20യിലെ പ്രകടനം പോലെയായിരുന്നു ടെസ്റ്റ് പരമ്പരയിലെ ബുമ്രയുടെ ബോളിങ്. 4 ഇന്നിങ്സിൽനിന്ന് 9.63 ശരാശരിയിൽ സ്വന്തമാക്കിയത് 13 വിക്കറ്റുകൾ. ആദ്യ ടെസ്റ്റിലെ 5 വിക്കറ്റ് പ്രകടനത്തോടെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നീ രാജ്യങ്ങളിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ബോളർ എന്ന നേട്ടവും ബുമ്ര പേരിലാക്കി. ഇതിനു ബുമ്രയ്ക്കു വേണ്ടിവന്നത് 11 ടെസ്റ്റുകൾ മാത്രം!

∙ മധ്യനിരയുടെ നങ്കൂരമായി വിഹാരി

‘ഹനുമാ വിഹാരി ബാറ്റു ചെയ്യുമ്പോൾ ഇന്ത്യൻ ഡ്രസിങ് റൂം വളരെ ശാന്തമായിരിക്കും. അയാളുടെ സ്വാഭാവിക മികവാണു ഇതിനു കാരണം,’ ക്യാപ്റ്റൻ വിരാട് കോലിയുടെ ഈ ഒരേയൊരു വാചകം മതി ഹനുമ വിഹാരി എന്ന ഇരുപത്തിയഞ്ചുകാരന്റെ ക്ലാസ് മനസ്സിലാക്കാൻ. പരമ്പരയിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്റ്സ്മാനും വിഹാരി തന്നെ (2 കളിയിൽ 96.33 ശരാശരിയിൽ 289 റൺസ്) . ഇന്ത്യൻ ടെസ്റ്റ് ടീമിലെ ആറാം നമ്പർ സ്ഥാനത്തേക്കു തൽക്കാലം വേറെ ആളെ നോക്കേണ്ടതില്ല എന്ന പ്രഖ്യാപനമാണു വിഹാരി നടത്തിയിരിക്കുന്നത്. ടെസ്റ്റിൽ ഇന്ത്യൻ മധ്യനിരയുടെ കടിഞ്ഞാൺ വിഹാരി ഏറ്റെടുത്താൽ അദ്ഭുതപ്പെടാനില്ല.

∙ പന്ത് നന്നാവുന്ന ലക്ഷണമില്ല

വിക്കറ്റ് കീപ്പിങ് റെക്കോർഡിൽ എം.എസ്. ധോണിയെ മറികടക്കാനായെങ്കിലും ബാറ്റിങ്ങിൽ ഋഷഭ് പന്ത് വീണ്ടും പഴയപടിതന്നെ. 3 ഇന്നിങ്സിൽനിന്ന് 55 റൺസാണ് പരമ്പരയിൽ പന്ത് നേടിയത്. അമിതാവേശത്തിനൊപ്പം പന്തിന്റെ ബാറ്റിങ് ടെക്നിക്കിലെ പോരായ്മകളും തെളിഞ്ഞു കണ്ടു. ടെസ്റ്റിൽ പന്തിനെക്കാൾ മികച്ച റെക്കോർഡുള്ള വൃദ്ധിമാൻ സാഹയെ ഇനിയും പുറത്തു നിർത്തുന്നത് എന്തിന് എന്നുള്ള ചോദ്യത്തിന് സിലക്ടർമാർ ഉത്തരം പറയേണ്ട അവസ്ഥ.

∙ രാഹുൽ അറിയണം; രോഹിത് വെയ്റ്റിങ്!

രോഹിത് ശർമയെ ഇന്ത്യ ഒരു ടെസ്റ്റിൽ എങ്കിലും പരീക്ഷിക്കും എന്നാണ് ആരാധകരിൽ പലരും കരുതിയിരുന്നത്. ഇത് ഉണ്ടായില്ലെന്നു മാത്രമല്ല, പകരമിറങ്ങിയ കെ.എൽ. രാഹുൽ പരമ്പരയിൽ നിരാശപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ‌ രാഹുലിന്റെ ടീമിലെ സ്ഥാനത്തിന് ചെറുതായെങ്കിലും ഇളക്കം തട്ടിയ പരമ്പരയാണ് കഴിഞ്ഞുപോയത്. രാഹുൽ പ്രതിഭയുള്ള താരമാണെങ്കിലും രോഹിത് ശർമയേപ്പോലൊരു താരം അവസരം കിട്ടാതെ പുറത്തുനിൽക്കുമ്പോള്‍ രാഹുലിന് ഇങ്ങനെ എത്രനാൾ അവസരം നൽകുമെന്ന് കണ്ടറിയണം. പ്രത്യേകിച്ചും രഹാനെ, വിഹാരി പോലുള്ള താരങ്ങൾ ഫോമിലെത്തിയ സാഹചര്യത്തിൽ.

∙ അശ്വിനെ ബോൾഡാക്കി രവീന്ദ്ര ജഡേജ

കിട്ടിയ അവസരം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നതിൽ രവീന്ദ്ര ജഡേജയോളം മികവു പുലർത്തുന്നവരുണ്ടോ എന്നു സംശയമാണ്. രവിചന്ദ്രൻ അശ്വിനു പകരം, ടെസ്റ്റ് പരമ്പരയിലെ ഏക സ്പിന്നറായി ജഡേജയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുൻ താരങ്ങളിൽ പലരും മുഖം ചുളിച്ചിരുന്നു. തന്റെ വിലയെന്തെന്ന് ജഡേജ വീണ്ടും അവർക്കു കാട്ടിക്കൊടുത്തു. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വാലറ്റത്തെ കൂട്ടുപിടിച്ചു ജഡേജ നേടിയ 58 റൺസാണ് ഇന്ത്യൻ സ്കോർ 297ൽ എത്തിച്ചത്. 2 ടെസ്റ്റിൽ 6 വിക്കറ്റെടുത്ത ജഡേജ ബോളിങ്ങിലും തിളങ്ങി. ഫ്ലാറ്റ് വിക്കറ്റുകളിൽ നടക്കുന്ന ടെസ്റ്റുകളിൽ രവിചന്ദ്രൻ അശ്വിൻ ഇനിയും പുറത്തിരിക്കാനാണു സാധ്യത.

English Summary: India Vs West Indies Test Series, Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com