ADVERTISEMENT

കളിച്ച എല്ലാ മത്സരവും തൂത്തുവാരി സമ്പൂർണ വിജയവുമായി ഇന്ത്യ മടങ്ങുന്നു. ഒരു കാലത്ത് ലോകക്രിക്കറ്റിനെ അടക്കി ഭരിച്ച വെസ്റ്റിൻഡീസ് ക്രിക്കറ്റിന് ഇതെന്തു പറ്റി? കരീബിയൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്, വെസ്റ്റിൻഡീസിൽനിന്നൊരു മലയാളി എഴുതുന്നു...

ക്രിക്കറ്റ് ചരിത്രത്തിൽ വെസ്റ്റിൻഡീസിനെപ്പോലെ സ്നേഹിക്കപ്പെട്ട മറ്റൊരു ടീം ഉണ്ടോ എന്നത് സംശയമാണ്. കലിപ്സോ ക്രിക്കറ്റിന്റെ കാൽപനികത മോഹിപ്പിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകനും കാണില്ല. പക്ഷേ, ഇന്ന് അനിശ്ചിതവും അവിശ്വസനീയവുമാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ രീതികൾ. അവസാന ഓവറിലെ ഒരു സിക്സർ കണക്കെ ആരെയും അടിച്ചൊതുക്കി ജയം നേടും. അതു പോലെ പകുതി ഓവറുകൾ പോലും കളിക്കാതെ ആർക്കു മുന്നിലും വീഴും! ഇന്ത്യയ്ക്കെതിരെ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിലെ സമ്പൂർണ പരാജയം കാണുമ്പോൾ നാട്ടുകാരായ ആരാധകർക്ക് ഇപ്പോൾ അവിശ്വസനീയതയൊന്നും ഇല്ലെന്നതാണ് സത്യം!

∙ ഒന്നാം പ്രതി: ക്രിക്കറ്റ് ബോർഡ്

ടീമിന്റെ നിരന്തരമായ തോൽവികൾക്ക് ഒന്നാം പ്രതി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് തന്നെയാണ്. 16 വ്യത്യസ്ത ദ്വീപുകൾ കൂടിച്ചേർന്നതാണ് വെസ്റ്റിൻഡീസ് എന്ന ക്രിക്കറ്റ് ടീം. ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടുബാഗോ, ഗയാന, ബാർബഡോസ്, നാല് രാജ്യങ്ങളുടെ കൂട്ടായ്മയായ വിൻവാർഡ് ഐലൻഡ്സ്, ആറു രാജ്യങ്ങൾ ചേർന്ന ലീവാർഡ് ഐലൻഡ്സ് എന്നീ ക്രിക്കറ്റ് അസോസിയേഷനുകൾക്കാണ് ക്രിക്കറ്റ് വെസ്റ്റിൻഡീസിൽ വോട്ടവകാശം ഉള്ളത്. ഒരു അസോസിയേഷനു രണ്ടു വോട്ടു വീതം.

ഏതെങ്കിലും സംഘടനകൾക്കോ സർക്കാരിനോ ഭരണാധികാരികൾക്കോ നേരിട്ട് ഇടപെടാൻ സാധിക്കാത്ത രീതിയിലാണ് കരീബിയയിലെ ക്രിക്കറ്റ് ബോർഡിന്റെ ഭരണഘടന. അത് കൊണ്ട് തന്നെ ഏകാധിപത്യമാണ് അതിന്റെ രീതി. ബോർഡിന് താൽപര്യമില്ലാത്തവരെനിഷ്കരുണം ഒഴിവാക്കുന്നതാണ് ബോർഡിന്റെ ശൈലി.

∙ സമിയുടെ വിധി

2016ൽ ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസ് ജേതാക്കളായതിനു ശേഷം ക്യാപ്റ്റൻ ഡാരൻ സമി നടത്തിയ പ്രസംഗം വിപ്ലവകരമായിരുന്നു. താരങ്ങളോടുള്ള വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ നിഷേധാത്മക സമീപനത്തെയാണ് സാമി അന്ന് വിമർശിച്ചത്. എന്നാൽ ലോകകപ്പിനു ശേഷം സമിയുടെ സ്വന്തം നാടായ സെന്റ് ലൂസിയയിൽ വെസ്റ്റിൻഡീസ് ടീം കളിക്കുന്നതിനു ദിവസങ്ങൾക്കു മുൻപേ അദ്ദേഹം ടീമിൽനിന്നു പുറത്താക്കപ്പെട്ടു.

2017ൽ പാക്കിസ്ഥാനിൽ നടന്ന പാക്കിസ്‌ഥാനും ലോക ഇലവനും തമ്മിലുള്ള മത്സരത്തിൽ ട്രോഫി നൽകിയത് മുൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഡേവ് കാമറൂൺ ആയതുകൊണ്ട് മാത്രം ട്രോഫി വാങ്ങാതെ സമി തിരിഞ്ഞു നടക്കുന്നിടത്തു വരെയെത്തി പ്രശ്ങ്ങൾ.

∙ താരങ്ങൾക്കു വയ്യ

ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുക്കാത്തവരെ വെസ്റ്റിൻഡീസ് ടീമിലേക്കു പരിഗണിക്കില്ല എന്നാണു പല കളിക്കാരെയും ഒഴിവാക്കാനായി ബോർഡ് പറയുന്ന ന്യായം. എന്നാൽ, പ്രതിഫല സംബന്ധമായ പ്രശ്നങ്ങൾ മൂലം താരങ്ങൾ പലരും ദേശീയ ടീമിനായി പോലും കളിക്കാൻ താൽപര്യപ്പെടുന്നില്ല. ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറികൾ നേടിയ ക്രിസ് ഗെയ്‌ലിനെപ്പോലുള്ള കളിക്കാർ നേരത്തെ ടീം വിട്ടു. ലോകമെമ്പാടും 23 ട്വന്റി20 ടീമുകൾക്കു വേണ്ടിയാണ് ഗെയ്ൽ കളിച്ചത്. ഒന്നാം കിട സ്പിന്നറായ സുനിൽ നരെയ്നും ഇപ്പോൾ ഇതേ വഴിയിലാണ്.

∙ ക്രിക്കറ്റിൽ നിക്ഷേപമില്ല

കളിക്കാർ കളിയുടെ നേട്ടം ലക്ഷ്യമിട്ടാണു കളിക്കേണ്ടത്, വരുമാനത്തിനു വേണ്ടിയാവരുത് എന്നതാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. പണ്ട്, ഇതിഹാസ താരം ബ്രയൻ ലാറ പോലും കയ്യിൽ നിന്നും പണം മുടക്കി മത്സരങ്ങളിൽ പങ്കെടുത്ത ചരിത്രമുണ്ട്. അന്ന് കരീബിയൻ ജനതയ്ക്ക് ക്രിക്കറ്റ് എന്നത് അതിവൈകാരികമായ കാര്യമായിരുന്നു. ഇന്നത് പണമൊഴുകുന്ന ഒരു പ്രഫഷൻ കൂടിയായി എന്നു ബോർഡ് തിരിച്ചറിഞ്ഞിട്ടില്ല. വിൻഡീസുകാർ ഇപ്പോഴും ക്രിക്കറ്റിലെ വിജയങ്ങൾ മതിമറന്ന് ആഘോഷിക്കുന്നുണ്ട്. എന്നാൽ പരാജയത്തിൽ ദുഃഖിക്കുകയോ പാഠങ്ങൾ പഠിക്കുകയോ ചെയ്യുന്ന ശീലം തീരെയില്ല!

sibi-richards
വിൻഡീസ് ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡ്‌സിനൊപ്പം ലേഖകൻ.
sibi-with-windies-players
മുൻ വിൻഡീസ് നായകൻ ഡാരൻ സമി ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ലേഖകൻ.

(സെന്റ് ലൂസിയയിൽ ഇന്റർനാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് ഡയറക്ടറാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com