ADVERTISEMENT

മുംബൈ∙ വിരാട് കോലി – സ്റ്റീവ് സ്മിത്ത് താരതമ്യങ്ങൾ സജീവമാകുന്നതിനിടെ തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. കണ്ടിരിക്കാൻ കൂടുതൽ ഇഷ്ടം വിരാട് കോലിയുടെ കളിയാണെന്നും അങ്ങനെ നോക്കിയാൽ വിരാട് കോലിയാണ് സ്റ്റീവ് സ്മിത്തിനേക്കാൾ മികച്ച കളിക്കാരനെന്നും റോഡ്സ് അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റോഡ്സ് നിലപാട് വ്യക്തമാക്കിയത്.

‘വിരാട് കോലിയുടെ കളി കണ്ടിരിക്കാൻ എനിക്കിഷ്ടമാണ്. പ്രത്യേകതകൾ നിറഞ്ഞ ആക്ഷനും ടെക്നിക്കും വച്ച് ഞാൻ കണ്ടിട്ടുള്ളതിലെ ഏറ്റവും മോശം സെഞ്ചുറികൾ സ്മിത്തിന്റേതാണ്. അതേസമയം, അതേ ശൈലിവച്ച് അദ്ദേഹം റൺസ് വാരിക്കൂട്ടുകയും ചെയ്യുന്നു. ‘എങ്ങനെ ആ പന്ത് കളിക്കാൻ സാധിക്കുന്നു’ എന്നതിനേക്കാൾ, ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ച് ‘വാവ്, എത്രയോ സുന്ദരമായ ഷോട്ട്’ എന്ന് വിസ്മയിക്കാനാകും കൂടുതൽ താൽപര്യം. ഇക്കാര്യത്തിൽ കോലി തന്നെ മുന്നിൽ’ – റോഡ്സ് പറഞ്ഞു.

നേരത്തെ, നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരം വിരാട് കോലിയാണെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. സ്മിത്തിന്റെ റെക്കോർഡുകൾ അദ്ദേഹത്തിനു വേണ്ടി സംസാരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഗാംഗുലി, കോലി തന്നെയാണ് മികച്ച താരമെന്നും അഭിപ്രായപ്പെട്ടു.

‘ഇത്തരം ചോദ്യങ്ങളോടു പ്രതികരിക്കുന്നതിൽ കാര്യമില്ല. ഇതെങ്ങനെയാണ് പ്രധാനപ്പെട്ടൊരു വിഷയമാകുന്നത്? സ്ഥിരതയാർന്ന പ്രകടനമാണ് ഏറ്റവും പ്രധാനം. നിലവിൽ ലോകത്തെ മികച്ച താരം വിരാട് കോലിയാണ്. നമ്മെ സന്തോഷിപ്പിക്കുന്നതും അതുതന്നെ’ – ഗാംഗുലി പറഞ്ഞു.

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്റ്സ്മാനായിരുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയെ ഇക്കഴിഞ്ഞ ആഷസ് പരമ്പരയ്ക്കിടെ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. ആഷസിൽ തകർപ്പൻ ഫോമിലായിരുന്ന സ്മിത്ത് നാല് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്സുകളിൽനിന്ന് 774 റൺസാണ് അടിച്ചുകൂട്ടിയത്. ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറികളും ഉൾപ്പെടെയാണിത്. 

English Summary: Virat Kohli or Steve Smith? Jonty Rhodes picks best batsman in world cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com