ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏറ്റവും ആവേശം സമ്മാനിച്ച കളി മുഹൂർത്തങ്ങളിലൊന്നിന് ഇന്ന് 12 വയസ്സ് ! കൃത്യം 12 വർഷങ്ങൾക്കു മുൻപ്, 2007 സെപ്റ്റംബർ 19ന് ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിലാണ് ഒരു ഓവറിലെ ആറു പന്തും യുവി നിലംതൊടാതെ ഗാലറിയിലെത്തിച്ചത്. അന്ന് രാജ്യാന്തര ക്രിക്കറ്റിൽ താരതമ്യേന പുതുമുഖമായിരുന്ന പേസ് ബോളർ സ്റ്റുവാർട്ട് ബ്രോഡാണ് യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. ലോകകപ്പിനു തൊട്ടു മുൻപുള്ള ഏകദിന പരമ്പരയിൽ തന്റെ ഒരു ഓവറിൽ ഇംഗ്ലണ്ടിന്റെ മസ്കരാനസ് നേടിയ അഞ്ചു സിക്സിനുള്ള മധുര പ്രതികാരം! യുവിയുടെ ആറു സിക്സുകളുടെയും ചിത്രങ്ങൾ ചേർത്തുവച്ച പ്രത്യേക കൊളാഷ് ട്വീറ്റ് ചെയ്താണ് ബിസിസിഐ ഈ അതുല്യ പ്രകടനത്തിന്റെ 12–ാം വാർഷികം ആഘോഷിച്ചത്.

ഇംഗ്ലണ്ടിനെതിരെ യുവരാജിന്റെ സിക്‌സർവേട്ട ഒരു കാഴ്‌ച തന്നെയായിരുന്നു. സിക്‌സറുകൾ കൊണ്ടുള്ള രാജാഭിഷേകം. ആ ആറ് സിക്‌സർ സഹിതം 12 പന്തിൽ 50 കടന്ന യുവരാജ് മൊത്തം ഏഴു സിക്‌സറും മൂന്നു ഫോറും അടക്കം 16 പന്തിൽ 58 റൺസാണ് അടിച്ചുകൂട്ടിയത്. അന്ന് യുവിയുടെ ആറു സിക്സ് പിറന്ന സാഹചര്യങ്ങൾ കൂടിയാണ് ആ പ്രകടനത്തെ അതുല്യമാക്കുന്നത്. സെമിയിൽ കടക്കണമെങ്കിൽ ഇംഗ്ലണ്ടിനെതിരെ വിജയം കൂടിയേ തീരൂ എന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. എന്തായാലും യുവിയുടെ ഇന്നിങ്സിന്റെ കൂടി കരുത്തിൽ ഇന്ത്യ ജയിച്ചുകയറി. ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടവും ചൂടി.

ആരാധകർ ഇന്നും കോരിത്തരിപ്പോടെ മാത്രം ഓർമിക്കുന്ന ആ ക്രിക്കറ്റ് നിമിഷങ്ങൾക്ക് തുടക്കമായത് 19–ാം ഓവറിലാണ്. ഈ സമയത്ത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ക്രീസിൽ യുവരാജ് സിങ്ങും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ധോണിയും. 18–ാം ഓവർ ബോൾ ചെയ്ത ആൻഡ്രൂ ഫ്ലിന്റോഫുമായി ഇടയ്ക്ക് കൊമ്പുകോർത്തതിന്റെ കലിപ്പ് തീരാതെയാണ് യുവി ക്രീസിൽ നിന്നത്. ഫ്ലിന്റോഫിനെ തുടർച്ചയായി രണ്ടു ഫോറിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഉടക്കിയത്. അംപയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

എന്നാൽ, യുവിയുടെ മനസ്സിലെ തീ അടങ്ങിയിരുന്നില്ലെന്ന് തൊട്ടുപിന്നാലെ ഫ്ലിന്റോഫിനു മനസ്സിലായി; ഇംഗ്ലണ്ടിനും. അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വന്നത് സ്റ്റുവാർട്ട് ബ്രോഡാണെന്നു മാത്രം. ബ്രോഡിന്റെ ഓവറിലെ ആദ്യ പന്ത് വൈഡ് ലോങ് ഓണിനു മുകളിലൂടെ പറന്നു. രണ്ടാം പന്ത് സ്‌ക്വയർ ലെഗിനു മുകളിലൂടെ. മൂന്നാം പന്ത് എക്‌സ്‌ട്രാ കവറിന് മുകളിലൂടെ. നാലാം പന്ത് ബാക്ക്‌വേഡ് പോയിന്റ് വഴി ഗാലറിയിലെത്തി. അഞ്ചാം പന്ത് മിഡ്‌വിക്കറ്റിനു മുകളിലൂടെ പറത്തിയ ശേഷം, അവിടെ ഫീൽഡറായിരുന്ന മസ്‌കരാനാസിന്റെ നേരെ സംതൃപ്‌തിയോടെ യുവരാജ് നോക്കി. തനിക്ക് കിട്ടിയതിനുള്ള മറുപടി. അടുത്ത പന്ത് മിഡ് ഓണിനു മുകളിലൂടെ പറത്തിയ യുവരാജിനെ ക്യാപ്‌റ്റൻ ധോണിയെത്തി കെട്ടിപ്പിടിച്ചു. ഇതിനിടെ 12 പന്തിൽ അർധസെഞ്ചുറി പിന്നിട്ട് പുതിയ റെക്കോർഡും സ്ഥാപിച്ചു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഓപ്പണർമാരായ ഗൗതം ഗംഭീർ (41 പന്തുകളിൽ 58 റൺസ്), സേവാഗ് (52 പന്തുകളിൽ 68 റൺസ്) എന്നിവരുടെയും യുവരാജിന്റെയും( 16 പന്തുകളിൽ 58 റൺസ്) മികവിൽ 218 റൺസടിച്ചു. അവസാന നിമിഷം വരെ സ്‌കോറിങ് നിരക്കിൽ ഇംഗ്ലണ്ട് ഇന്ത്യയെക്കാൾ മുന്നിൽ നിന്നെങ്കിലും 19-ാം ഓവറിൽ യുവരാജ് നടത്തിയ പ്രകടനം ആവർത്തിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്ക് ആയില്ല. 20 ഓവർ അവസാനിച്ചപ്പോൾ ആറു വിക്കറ്റിന് 200 റൺസ് എടുക്കാനേ അവർക്കായുള്ളു. 18 റൺസിന്റെ തോൽവി. യുവരാജ് സിങ് മാൻ ഓഫ് ദ് മാച്ചായി.

തുടരേ രണ്ടു ബൗണ്ടറി വഴങ്ങിയ ആൻഡ്രൂ ഫ്ലിന്റോഫ് ക്രീസിൽ വന്നു നടത്തിയ കമന്റുകൾ തനിക്കു ശരിക്കും കൊണ്ടെന്നു യുവരാജ് പിന്നീടു പറഞ്ഞു. കണക്കിനു തിരിച്ചു കൊടുക്കണമെന്ന് അപ്പോഴേ മനസ്സിൽ കുറിക്കുകയും ചെയ്‌തു. ‘‘അത്തരം കമന്റുകൾ അറിയാതെതന്നെ നമ്മളെ ഒന്നു ചാർജ് ചെയ്യും. തിരിച്ചുകൊടുക്കാൻ മനസ്സും കൈയും തരിക്കും’’ - യുവരാജ് പറഞ്ഞു.

ഇതു പെട്ടെന്നുള്ള പ്രകോപനം. സത്യത്തിൽ മറ്റൊന്ന് അതിനു മുൻപേ മനസ്സിൽ കിടന്നു തികട്ടുന്നുണ്ടായിരുന്നു. അത് ഇംഗ്ലണ്ടിൽ നടന്ന ഏകദിന പരമ്പരയിൽ തന്നെ ഒരു ഓവറിൽ അഞ്ചു തവണ സിക്‌സറിനു തൂക്കിയ മസ്‌കരാനസിനോടുള്ള പകയായിരുന്നു. അതു മറ്റൊരു ഇംഗ്ലണ്ടുകാരനിട്ടു തീർത്തു എന്നു മാത്രം. ആകെപ്പാടെ മനസ്സു തണുപ്പിക്കുന്ന അനുഭവമായിരിക്കണം ഉണ്ടായത്.

English Summary: This day, that year: When Yuvraj Singh hit six sixes in an over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com