ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് മികച്ച റെക്കോർഡുണ്ടായിട്ടും ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് പുറത്തുപോയ അനിൽ കുംബ്ലെ ഐപിഎല്ലിൽ പരിശീലക വേഷത്തിൽ പുനരവതരിക്കുമോ? സൂചനകൾ ശരിയെങ്കിൽ വരും സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സ്ഥാനത്ത് കുംബ്ലെയെ കാണാം. പരിശീലക കരാറുമായി ബന്ധപ്പെട്ട് കിങ്സ് ഇലവൻ പഞ്ചാബ് അധികൃതർ കുംബ്ലെയുമായി ചർച്ച നടത്തിവരികയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിങ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായിരുന്ന ന്യൂസീലൻഡുകാരൻ മൈക്ക് ഹെസ്സൻ ഏതാനും മാസങ്ങൾക്കു മുൻപ് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകനായി പഞ്ചാബ് ടീം കുംബ്ലെയെ നോട്ടമിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം കുംബ്ലെ സ്വന്തമാക്കിയ നേട്ടങ്ങളിൽ കണ്ണുനട്ടാണ് താരത്തെ ടീമിനൊപ്പം എത്തിക്കാനുള്ള പഞ്ചാബിന്റെ ശ്രമം. കുംബ്ലെയ്ക്കു കീഴിൽ ന്യൂസീലൻഡ്, ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യ, ചാംപ്യൻസ് ട്രോഫി ഫൈനലിലും എത്തിയിരുന്നു.

അതേസമയം, ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാത്ത മൂന്നു ടീമുകളിൽ ഒന്നാണ് പഞ്ചാബ്. വിരാട് കോലിയുടെ റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് ടീമുകളാണ് ഇപ്പോഴും കിരീട വരൾച്ച നേരിടുന്ന മറ്റു ടീമുകൾ. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തെത്തിയ കിങ്സ് ഇലവൻ പഞ്ചാബ്, നായകനായിരുന്ന രവിചന്ദ്രൻ അശ്വിനെയും ഒഴിവാക്കിക്കഴിഞ്ഞു. അതേസമയം, കുംബ്ലെ പരിശീലക സ്ഥാനത്തെത്തിയാൽ അശ്വിനെ നിലനിർത്തിയേക്കുമെന്ന റിപ്പോർട്ടുകളും ശക്തമാണ്.

ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകളുടെ മെന്ററായി പ്രവർത്തിച്ച പരിചയും കുംബ്ലെയ്ക്കുണ്ട്. അദ്ദേഹം മുംബൈയുടെ മെന്ററായിരുന്ന സമയത്താണ് (2013, 2015) ഐപിഎൽ കിരീടം ചൂടിയത്.

English Summary: Anil Kumble in Talks With KXIP For Head Coach Position: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com