ADVERTISEMENT

പുണെ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ്സ്മാൻമാർ അവരുടെ റോൾ ഭംഗിയാക്കി. ഇനി ബോളർമാരുടെ ഊഴം. അവർ തുടക്കം ഗംഭീരമാക്കി പ്രതീക്ഷ കാക്കുകയും ചെയ്തു. ഫലം, പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തകർച്ച നേരിടുന്ന ദക്ഷിണാഫ്രിക്ക‌യ്ക്കെതിരെ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്ത ഡിക്ലയർ ചെയ്ത ഇന്ത്യയ്‌ക്കെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ 15 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ് സന്ദർശകർ. തെയുനിസ് ഡിബ്രൂയ്ൻ (20), നൈറ്റ് വാച്ച്മാൻ ആൻറിച് നോർജെ (രണ്ട്) എന്നിവർ ക്രീസിൽ. ഏഴു വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യൻ സ്കോറിനേക്കാൾ 565 റൺസ് പിന്നിലാണ് സന്ദർശകർ

ചെറിയൊരു ഇടവേളയ്ക്കുശേഷം ടീമിലേക്കു തിരിച്ചെത്തിയ പേസ് ബോളർ ഉമേഷ് യാദവിന്റെ ഇരട്ടവിക്കറ്റുകളാണ് ഇന്ത്യയുടെ ആധിപത്യം ഉറപ്പാക്കിയത്. സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ എയ്ഡൻ മർക്രട്ടെ ‘സംപൂജ്യ’നാക്കിയ ഉമേഷ്, പിന്നാലെ ഡീൻ എൽഗാറിനെയും കൂടാരം കയറ്റി. സ്കോർ ബോർഡിൽ 13 റൺസ് മാത്രമുള്ളപ്പോഴാണ് ആറു റൺസുമായി എൽഗാർ ക്ലീന്‍ ബൗൾഡായത്. സ്കോർ 33ൽ നിൽക്കെ തെംബ ബാവുമയെ മുഹമ്മദ് ഷമി വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചതോടെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ തകർച്ച പൂർണം. 15 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസായിരുന്നു ബാവുമയുടെ സമ്പാദ്യം.

നേരത്തെ, കളത്തിലിറങ്ങിയവരെല്ലാം മികച്ച സംഭാവനകളുമായി കളം നിറഞ്ഞതോടെ ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. രവീന്ദ്ര ജഡേജയുടെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് വിഫലമായതിനു തൊട്ടുപിന്നാലെയാണ് ക്യാപ്റ്റൻ വിരാട് കോലി ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. രണ്ടാം ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ ഒൻപതു റൺസ് അകലെ സെനുരൻ മുത്തുസ്വാമിയാണ് ജഡേജയെ പുറത്താക്കിയത്. ഏകദിന ശൈലിയിൽ തകർത്തടിച്ച ജഡേജ, 104 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 91 റൺസെടുത്തത്. 156.3 ഓവറിലാണ് ഇന്ത്യ 601 റൺസെടുത്തത്. ടെസ്റ്റ് കരിയറിലെ ഏഴാമത്തെ ഇരട്ടസെഞ്ചുറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കണ്ടെത്തിയ കോലി, 254 റൺസുമായി പുറത്താകാതെ നിന്നു. 336 പന്തിൽ 33 ഫോറും രണ്ടു സഹിതമാണ് കോലി 254 റൺസെടുത്തത്.

∙ തകർത്തടിച്ച് കോലി – ജഡേജ

അഞ്ചാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (225) തീർത്ത കോലി–ജഡേജ സഖ്യമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. നേരത്തെ, 295 പന്തിലാണ് കോലി ടെസ്റ്റിലെ ഏഴാം ഇരട്ടസെഞ്ചുറിയിലേക്ക് എത്തിയത്. 28 ഫോറുകളുടെ അകമ്പടിയോടെയാണ് കോലി ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയത്. 174 പന്തിൽ 16 ഫോറുകൾ സഹിതമാണ് കോലി 26–ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. കോലി ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ശേഷം ട്വന്റി20 ശൈലിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. കോലി ഇരട്ടസെഞ്ചുറിയിലെത്തിയ 144–ാം ഓവറിനു ശേഷമുള്ള 12.3 ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് 118 റൺസാണ്. അതായത് ഓവറിൽ 10 റൺസിന് അടുത്താണ് ഇരുവരും ചേർന്ന് സ്കോർ ചെയ്തത്. 297 പന്തിൽ 200 റൺസെന്ന നിലയിലായിരുന്ന കോലി, തുടർന്നുള്ള 39 പന്തിൽ അടിച്ചെടുത്തത് 54 റൺസാണ്. രണ്ടാം ടെസ്റ്റ് സെഞ്ചുറി ലക്ഷ്യമിട്ട് തകർത്തടിച്ച ജ‍ഡേജ ഇതേ സമയത്ത് 38 പന്തിൽനിന്ന് നേടിയത് 62 റൺസും!

ഇന്ത്യൻ ഇന്നിങ്സിൽ 100 പിന്നിട്ട മൂന്നാമത്തെ സഖ്യമാണ് കോലിയും ജഡേജയും. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാര – മായങ്ക് അഗർവാൾ സഖ്യവും (138), നാലാം വിക്കറ്റിൽ വിരാട് കോലി – അജിൻക്യ രഹാനെ സഖ്യവും (178) സെഞ്ചുറി കൂട്ടുകെട്ടു തീർത്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ ഏഴാം ഇരട്ടസെഞ്ചുറിയാണിത്. ഇരട്ടസെഞ്ചുറിക്കൊപ്പം കോലി ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് നാഴികക്കല്ലും പിന്നിട്ടു. 138–ാം ഇന്നിങ്സിൽ നാഴികക്കല്ലു താണ്ടിയ കോലി, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. ഗാരി സോബേഴ്സ്, കുമാർ സംഗക്കാര എന്നിവർക്കൊപ്പമാണ് കോലിയും. 131 ടെസ്റ്റിൽനിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ടാണ് മുന്നിൽ. വീരേന്ദർ സേവാഗ് (134), സച്ചിൻ തെൻഡുൽക്കർ (136) എന്നിവർ രണ്ടാമത്.

141 പന്തിൽ എട്ടു ഫോറുകൾ ഉൾപ്പെടെയാണ് രഹാനെ ടെസ്റ്റിലെ 20–ാം അർധസെഞ്ചുറിയിലേക്ക് എത്തിയത്. നാലാം വിക്കറ്റിൽ കോലി–രഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് (178) തീർത്തിരുന്നു. ടെസ്റ്റിൽ കോലി–രഹാനെ സഖ്യത്തിന്റെ 10–ാം സെഞ്ചുറി കൂട്ടുകെട്ടാണിത്. ഇരുവരും ചേർന്ന കൂട്ടുകെട്ട് 23 റൺസിലെത്തിയപ്പോൾ, ടെസ്റ്റിൽ ഈ സഖ്യം നേടുന്ന ആകെ റൺസ് 3000 റൺസും പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 2000ൽ അധികം റൺസ് നേടിയ 15 ഇന്ത്യൻ സഖ്യങ്ങളിൽ ഏറ്റവും കൂടിയ ശരാശരിയും കോലി–രഹാനെ സഖ്യത്തിനാണ്. 64 റൺസിലധികമാണ് ഇവരുടെ കൂട്ടുകെട്ടിന്റെ ശരാശരി.

ഈ പരമ്പരയിൽ ഇന്ത്യൻ താരങ്ങൾ നേടുന്ന രണ്ടാം ഇരട്ടസെഞ്ചുറി കൂടിയാണിത്. ഒന്നാം ടെസ്റ്റിൽ ഓപ്പണർ മായങ്ക് അഗർവാളും ഇരട്ടസെഞ്ചുറി നേടിയിരുന്നു. മൂന്നിന് 273 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് ജഡേജയെ കൂടാതെ രഹാനെയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ടെസ്റ്റിലെ 20–ാം അർധസെഞ്ചുറി പൂർത്തിയാക്കിയ രഹാനെ 59 റൺസെടുത്താണ് പുറത്തായത്. എട്ട് ബൗണ്ടറികൾ നിറഞ്ഞ ഇന്നിങ്സിനൊടുവിൽ കേശവ് മഹാരാജാണ് രഹാനെയെ പുറത്താക്കിയത്. മായങ്ക് അഗർവാൾ (108), രോഹിത് ശർമ (14), ചേതേശ്വർ പൂജാര (58) എന്നിവരാണ് ആദ്യ ദിനം പുറത്തായ ഇന്ത്യൻ താരങ്ങൾ.

∙ ‘ഇരട്ട’ സന്തോഷം, ക്യാപ്റ്റൻ !

ടെസ്റ്റിലെ ഏഴാം ഇരട്ടസെഞ്ചുറി കുറിച്ച കോലി, ഇരട്ടസെഞ്ചുറിക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. ശ്രീലങ്കൻ താരം മഹേള ജയർവർധനെ, ഇംഗ്ലണ്ടിന്റെ വാൾട്ടർ ഹാമണ്ട് എന്നിവരും ടെസ്റ്റിൽ ഏഴുവീതം ഇരട്ടസെഞ്ചുറികൾ നേടിയിട്ടുണ്ട്. അതേസമയം, ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറികളെന്ന ഇന്ത്യൻ റെക്കോർഡ് കോലി ഒറ്റയ്ക്കു സ്വന്തമാക്കുകയും ചെയ്തു. ആറ് ഇരട്ടസെഞ്ചുറി നേടിയ വീരേന്ദർ സേവാഗ്, സച്ചിൻ തെൻഡുൽക്കർ എന്നിവർക്കൊപ്പം പങ്കിട്ടിരുന്ന റെക്കോർഡാണ് കോലി ഒറ്റയ്ക്ക് സ്വന്തമാക്കിയത്. ഓസീസ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ 12 ഇരട്ടസെഞ്ചുറികളുമായി ഒന്നാമതു നിൽക്കുന്ന പട്ടികയിൽ ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് രണ്ടാമത്. നേടിയത് 11 ഇരട്ടസെഞ്ചുറികൾ. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ഒൻപത് ഇരട്ടസെഞ്ചുറികളുമായി മൂന്നാമതുണ്ട്.

∙ കോലിയുടെ ഇരട്ടസെഞ്ചുറികൾ

243 – ശ്രീലങ്കയ്‌ക്കെതിരെ, ഡൽഹി, 2017/18
235 – ഇംഗ്ലണ്ടിനെതിരെ, മുംബൈ, 2016/17
213 – ശ്രീലങ്കയ്ക്കെതിരെ, നാഗ്പുർ, 2017/18
211 – ന്യൂസീലൻഡിനെതിരെ, ഇൻ‍‍ഡോർ, 2016/17
204 – ബംഗ്ലദേശിനെതിരെ ഹൈദരാബാദ്, 2016/17
200 – വിൻഡീസിനെതിരെ നോർത്ത് സൗണ്ട്, 2016
200* – ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, പുണെ, 2019/20

ഈ സെഞ്ചുറി നേട്ടത്തോടെ മറ്റുചില റെക്കോർഡുകളും പുണെയിൽ കോലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളിൽ കോലി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാം സ്ഥാനത്തെത്തി. ഇരുവരും നായകൻമാരെന്ന നിലയിൽ 19 സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്. 25 സെഞ്ചുറികൾ നേടിയ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്താണ് മുന്നിൽ. 15 വീതം സെഞ്ചുറികളുമായി മുൻ ഓസീസ് നായകൻമാരായ അലൻ ബോർഡർ, സ്റ്റീവ് വോ, സ്റ്റീവ് സ്മിത്ത് എന്നിവർ മൂന്നാമതുണ്ട്.

ഏറ്റവും കുറവ് ഇന്നിങ്സികളിൽനിന്ന് 26 ടെസ്റ്റ് സെഞ്ചുറികൾ പൂർത്തിയാക്കുന്ന നാലാമത്തെ താരമാണ് കോലി. 138–ാം ടെസ്റ്റ് ഇന്നിങ്സിലാണ് കോലി 26–ാം സെഞ്ചുറി കുറിച്ചത്. 69 ഇന്നിങ്സുകളിൽനിന്ന് 26 സെഞ്ചുറികൾ പൂർത്തിയാക്കിയ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനാണ് ഈ പട്ടികയിൽ മുന്നിൽ. സ്റ്റീവ് സ്മിത്ത് (121), സച്ചിൻ തെൻഡുൽക്കർ (136) എന്നിവരും കോലിക്കു മുന്നിലുണ്ട്. അതേസമയം, സുനിൽ ഗാവസ്കർ (144), മാത്യു ഹെയ്ഡൻ (145) എന്നിവർ പിന്നിലായി.‌

ഇതിനു പുറമെ നാലാം വിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടു കൂടിയാണ് രഹാനെ – കോലി സഖ്യത്തിന്റേത്. 146 റൺസിലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് റെക്കോർഡിലെത്തിയത്. 1996–97ൽ ജൊഹാനസ്ബർഗിൽ 145 റൺസ് കൂട്ടുകെട്ട് തീർത്ത രാഹുൽ ദ്രാവിഡ് – സൗരവ് ഗാംഗുലി സഖ്യമാണ് പിന്നിലായത്. വീരേന്ദർ സേവാഗ് – എസ്. ബദരീനാഥ് (136, 2009–10), രാഹുൽ ദ്രാവിഡ് – സൗരവ് ഗാംഗുലി (108, 1996–97) എന്നീ സഖ്യങ്ങളും പിന്നിലുണ്ട്.

അതിനിടെ, ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുന്നതിനും മൽസരം വേദിയായി. 27–ാം ടെസ്റ്റിലാണ് മഹാരാജിന്റെ 100 വിക്കറ്റ് നേട്ടം. കുറഞ്ഞ ടെസ്റ്റുകളിൽനിന്ന് 100 വിക്കറ്റ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ സ്പിന്നറാണ് മഹാരാജ്. 22 ടെസ്റ്റകളിൽനിന്ന് 100 വിക്കറ്റ് പിന്നിട്ട ഹഗ് ടെയ്‌ഫീൽഡാണ് ഒന്നാമൻ. പോൾ ആഡംസ്, പോൾ ഹാരിസ് എന്നിവർ 35 ടെസ്റ്റുകളിൽനിന്നുമാണ് 100 വിക്കറ്റിലെത്തിയത്. നിക്കി ബോയെയ്ക്ക് 100 വിക്കറ്റ് പൂർത്തിയാക്കാൻ 43 ടെസ്റ്റ് വേണ്ടിവന്നു.

∙ അവസാനിക്കാത്ത ‘മായാജാലം’

തുടർച്ചയായ രണ്ടാം ടെസ്റ്റിലും തകർപ്പൻ പ്രകടനവുമായി (108) ഓപ്പണർ മായങ്ക് അഗർവാൾ നിറഞ്ഞുനിന്നതോടെയാണ് ഈ ടെസ്റ്റിൽ ഇന്ത്യയ്ക്കു മികച്ച തുടക്കം ലഭിച്ചത്. വെളിച്ചക്കുറവുമൂലം ഒന്നാം ദിനം നേരത്തെ കളി നിർത്തുമ്പോൾ 3ന് 273 എന്ന മികച്ച നിലയിലായിരുന്നു ആതിഥേയർ. ആദ്യ കളിയിൽ 2 ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയ്ക്കു തിളങ്ങാനായില്ല (14). ചേതേശ്വർ പൂജാര 58 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലിയും 63 റൺസോടെയും അജിൻക്യ രഹാനെ 18 റൺസോടെയും ക്രീസിലുണ്ടായിരുന്നു. ഇന്ത്യയുടെ 3 വിക്കറ്റുകളും നേടിയതു സന്ദർശകരുടെ പേസർ കഗീസോ റബാദയാണ്.

ഇതിനിടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2–ാം ടെസ്റ്റിൽ ഇന്ത്യയെ നയിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ലുകൂടി വിരാട് കോലി പിന്നിട്ടു. 50 ടെസ്റ്റുകളിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്ന താരമായി കോലി മാറി. 49 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലി പിന്നിലായി. എം.എസ്.ധോണിയാണു മുന്നിൽ; 60. ഏറ്റവും കൂടുതൽ വിജയം കോലിയുടെ പേരിലാണ്: 29. ധോണി 27 ടെസ്റ്റുകളിലും ഗാംഗുലി 21ലും ഇന്ത്യയെ ജയത്തിലേക്കു നയിച്ചു.

English Summary: India vs South Africa, 2nd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com