ADVERTISEMENT

വഡോദര ∙ ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമിനെതിരെ ആദ്യ ഏകദിനത്തിൽ സൂപ്പർ താരം സ്മൃതി മന്ഥന കളിക്കില്ലെന്ന് അറിഞ്ഞപ്പോൾ ആരാധകരുടെ മുഖം വാടി. പക്ഷേ, സ്മൃതിയോട് കട്ടയ്ക്ക് നിൽക്കാൻ പറ്റിയ ഒരാളെയാണ് ഇന്ത്യൻ വനിതാ ടീം പകരക്കാരിയായി കരുതിവച്ചതെന്ന് ആരുമറിഞ്ഞില്ല. ഇരുപത്തിമൂന്നുകാരി പ്രിയ പുനിയ, ഏകദിന ക്രിക്കറ്റിൽ അർധ സെഞ്ചുറി (75*) കൊണ്ട് ഹരിശ്രീ കുറിച്ച് ടീമിനെ വിജയത്തിലേക്കു നയിച്ച ജയ്പുരിന്റെ പുലിക്കുട്ടി!

ഏഴാം വയസ്സിലാണ് പ്രിയയ്ക്കു ക്രിക്കറ്റിനോടുള്ള പ്രേമം തുടങ്ങുന്നത്. ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ സുരേന്ദ്ര പുനിയ രണ്ടാമതൊന്നു ചിന്തിക്കാതെ മകൾക്ക് അവസരമൊരുക്കാൻ ക്രിക്കറ്റ് അക്കാദമികൾ കയറി ഇറങ്ങി. പക്ഷേ, പെൺകുട്ടിയായതിനാൽ പരിശീലിപ്പിക്കാൻ ആരും തയാറായില്ല. സുരേന്ദ്രയ്ക്കു വാശിയായി. വീട് പണയം വച്ചു, വീട്ടുമുറ്റത്തൊരു ക്രിക്കറ്റ് നെറ്റ്സ് തയാറാക്കി. പിന്നീട് അവിടെയായി പരിശീലനം!

priya-punia-father
പ്രിയ അച്ഛൻ സുരേന്ദ്രയ്ക്കൊപ്പം

അച്ഛന്റെ അതേ വാശിയാണ് മകൾക്കും കിട്ടിയത്. ക്രിക്കറ്റിനു വേണ്ടി അവൾ ജീവിതം മാറ്റി വച്ചു. കൂടുതൽ അവസരങ്ങൾക്കുവേണ്ടി ഡൽഹിയിലേക്കു ചേക്കേറിയ പ്രിയ ചെന്നെത്തിയത് സാക്ഷാൽ വിരാട് കോലിയുടെ ബാല്യകാല പരിശീലകൻ രാജ് കുമാർ ശർമയുടെ ക്രിക്കറ്റ് അക്കാദമിയിൽ.

2016 നടന്ന സീനിയർ വനിതാ ഏകദിന ചാംപ്യൻഷിപ്പിൽ 8 മത്സരങ്ങളിൽ നിന്നായി 50 റൺസ് ശരാശരിയിൽ 407 റൺസാണ് പ്രിയ നേടിയത്. അതോടെ ദേശീയ വനിതാ ടൂർണമെന്റുകളിൽ സ്ഥിരം സാന്നിധ്യമായി ഈ വലംകൈ ബാറ്റ് വുമൺ. 

ഈ ഫെബ്രുവരിയിൽ ദേശീയ ട്വന്റി20 ടീമിൽ ഇടം കിട്ടിയെങ്കിലും 3 മത്സരങ്ങളിൽ നിന്നായി 9 റൺസ് മാത്രമാണു നേടിയത്. പക്ഷേ, പ്രിയ പിന്മാറിയില്ല. 7 മാസത്തിനുശേഷം ഏകദിനത്തിൽ അരങ്ങേറാൻ ലഭിച്ച അവസരം ശരിക്കും ആഘോഷിച്ചു: ഫലം അരങ്ങേറ്റ മത്സരത്തിൽ സൂപ്പർ പ്രകടനം; കളിയിലെ താരം!

വിരാട് കോലിയും ഹർമൻപ്രീത് കൗറുമാണ് ഗ്രൗണ്ടിലെ പ്രിയ താരങ്ങളെങ്കിലും ജീവിതത്തിൽ പ്രിയയുടെ റോൾ മോഡല്‍ അച്ഛനാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ, പ്രിയയുടെ ബാറ്റിൽനിന്നു റണ്ണൊഴുകുന്ന അതേ വേഗത്തിലാണ് ഫോളോവേഴ്സിന്റെയും എണ്ണം കൂടുന്നത്!

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com