ADVERTISEMENT

പുണെ∙ റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പടയോട്ടം തുടരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആരാധകർക്ക് ഏറ്റവും ആവേശം സമ്മാനിച്ച കാഴ്ച നായകന്റെ ഇരട്ടസെഞ്ചുറിയല്ലാതെ മറ്റെന്താണ്! പുണെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 254 റൺസെടുത്ത് പുറത്താകാതെ നിന്ന കോലി, ടെസ്റ്റ് കരിയറിൽ തന്റെ ഉയർന്ന വ്യക്തിഗത സ്കോറാണ് കണ്ടെത്തിയത്. 336 പന്തിൽ 33 ഫോറും രണ്ടു സിക്സും സഹിതമാണ് കോലി 254 റൺസെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം തന്നെ ഇന്ത്യ വ്യക്തമായ ആധിപത്യം നേടിയപ്പോൾ, അതിനു പിന്നിൽ കോലിയുടെ ചെറുതല്ലാത്ത അധ്വാനമുണ്ടെന്നു ചുരുക്കം.

ഐസിസി റാങ്കിങ്ങിൽ ഏറെക്കാലം കൈവശം വച്ച ഒന്നാം റാങ്ക് ഓസീസ് താരം സ്റ്റീവ് സ്മിത്തിന് അടിയറവു വയ്ക്കേണ്ടി വന്നതിന്റെ ‘ക്ഷീണ’വും കോലിയുടെ ഈ ഇരട്ടസെഞ്ചുറിയോടെ തീരുമെന്നു കരുതാം. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാമതാണ് കോലി. സ്റ്റീവ് സ്മിത്ത് ഒന്നാമതും. ആഷസ് പരമ്പരയിൽ േനടിയ ഇരട്ടസെഞ്ചുറിയോടെ സ്മിത്ത് ‘തട്ടിയെടുത്ത’ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള കോലിയുടെ അവകാശവാദം കൂടിയാണ് ഈ ഇരട്ടസെഞ്ചുറി. 2018 ജനുവരിക്കു ശേഷം ആദ്യമായി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ കോലിയുടെ പോയിന്റ് 900നു താഴെയായത് കഴിഞ്ഞ ദിവസമാണ്. കോലിയിലെ പോരാളിയെ ഉണർത്താൻ ഇതും ഒരു കാരണമായിരിക്കാം.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറി നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ, ടെസ്റ്റിൽ കൂടുതൽ 150+ സ്കോറുകൾ നേടുന്ന ക്യാപ്റ്റൻ (പിന്നിലാക്കിയത് സാക്ഷാൽ ഡോൺ ബ്രാഡ്മാനെ) തുടങ്ങി പുണെയിലെ ഇരട്ടസെഞ്ചുറിയോടെ കോലിയുടെ പേരിലായ നേട്ടങ്ങൾ ഒട്ടേറെയുണ്ട്. ടെസ്റ്റ് കരിയറിലെ ഏഴാം ഇരട്ടസെഞ്ചുറിയുമായി പുനരവതരിച്ച ഇതേ മത്സരത്തിൽ, കോലി 7000 റൺസ് നാഴികക്കല്ലും പിന്നിട്ടു. 138–ാം ഇന്നിങ്സിൽ നാഴികക്കല്ലു താണ്ടിയ കോലി, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. ഗാരി സോബേഴ്സ്, കുമാർ സംഗക്കാര എന്നിവർക്കൊപ്പമാണ് കോലിയും. 131 ടെസ്റ്റിൽനിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ടാണ് മുന്നിൽ. വീരേന്ദർ സേവാഗ് (134), സച്ചിൻ തെൻഡുൽക്കർ (136) എന്നിവർ രണ്ടാമത്.

ടെസ്റ്റിലെ ഏഴാം ഇരട്ടസെഞ്ചുറി കുറിച്ച കോലി, ഇരട്ടസെഞ്ചുറിക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. ശ്രീലങ്കൻ താരം മഹേള ജയർവർധനെ, ഇംഗ്ലണ്ടിന്റെ വാൾട്ടർ ഹാമണ്ട് എന്നിവരും ടെസ്റ്റിൽ ഏഴുവീതം ഇരട്ടസെഞ്ചുറികൾ നേടിയിട്ടുണ്ട്. അതേസമയം, ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറികളെന്ന ഇന്ത്യൻ റെക്കോർഡ് കോലി ഒറ്റയ്ക്കു സ്വന്തമാക്കുകയും ചെയ്തു. ആറ് ഇരട്ടസെഞ്ചുറി നേടിയ വീരേന്ദർ സേവാഗ്, സച്ചിൻ തെൻഡുൽക്കർ എന്നിവർക്കൊപ്പം പങ്കിട്ടിരുന്ന റെക്കോർഡാണ് കോലി ഒറ്റയ്ക്ക് സ്വന്തമാക്കിയത്. ഓസീസ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ 12 ഇരട്ടസെഞ്ചുറികളുമായി ഒന്നാമതു നിൽക്കുന്ന പട്ടികയിൽ ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് രണ്ടാമത്. നേടിയത് 11 ഇരട്ടസെഞ്ചുറികൾ. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ഒൻപത് ഇരട്ടസെഞ്ചുറികളുമായി മൂന്നാമതുണ്ട്.

∙ കോലിയുടെ ഇരട്ടസെഞ്ചുറികൾ

243 – ശ്രീലങ്കയ്‌ക്കെതിരെ, ഡൽഹി, 2017/18

235 – ഇംഗ്ലണ്ടിനെതിരെ, മുംബൈ, 2016/17

213 – ശ്രീലങ്കയ്ക്കെതിരെ, നാഗ്പുർ, 2017/18

211 – ന്യൂസീലൻഡിനെതിരെ, ഇൻ‍‍ഡോർ, 2016/17

204 – ബംഗ്ലദേശിനെതിരെ ഹൈദരാബാദ്, 2016/17

200 – വിൻഡീസിനെതിരെ നോർത്ത് സൗണ്ട്, 2016

200* – ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, പുണെ, 2019/20

ഈ സെഞ്ചുറി നേട്ടത്തോടെ മറ്റുചില റെക്കോർഡുകളും പുണെയിൽ കോലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളിൽ കോലി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാം സ്ഥാനത്തെത്തി. ഇരുവരും നായകൻമാരെന്ന നിലയിൽ 19 സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്. 25 സെഞ്ചുറികൾ നേടിയ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്താണ് മുന്നിൽ. 15 വീതം സെഞ്ചുറികളുമായി മുൻ ഓസീസ് നായകൻമാരായ അലൻ ബോർഡർ, സ്റ്റീവ് വോ, സ്റ്റീവ് സ്മിത്ത് എന്നിവർ മൂന്നാമതുണ്ട്.

ഏറ്റവും കുറവ് ഇന്നിങ്സികളിൽനിന്ന് 26 ടെസ്റ്റ് സെഞ്ചുറികൾ പൂർത്തിയാക്കുന്ന നാലാമത്തെ താരമാണ് കോലി. 138–ാം ടെസ്റ്റ് ഇന്നിങ്സിലാണ് കോലി 26–ാം സെഞ്ചുറി കുറിച്ചത്. 69 ഇന്നിങ്സുകളിൽനിന്ന് 26 സെഞ്ചുറികൾ പൂർത്തിയാക്കിയ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനാണ് ഈ പട്ടികയിൽ മുന്നിൽ. സ്റ്റീവ് സ്മിത്ത് (121), സച്ചിൻ തെൻഡുൽക്കർ (136) എന്നിവരും കോലിക്കു മുന്നിലുണ്ട്. അതേസമയം, സുനിൽ ഗാവസ്കർ (144), മാത്യു ഹെയ്ഡൻ (145) എന്നിവർ പിന്നിലായി.‌

ഇതിനു പുറമെ നാലാം വിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടു കൂടിയാണ് രഹാനെ – കോലി സഖ്യത്തിന്റേത്. 146 റൺസിലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് റെക്കോർഡിലെത്തിയത്. 1996–97ൽ ജൊഹാനസ്ബർഗിൽ 145 റൺസ് കൂട്ടുകെട്ട് തീർത്ത രാഹുൽ ദ്രാവിഡ് – സൗരവ് ഗാംഗുലി സഖ്യമാണ് പിന്നിലായത്. വീരേന്ദർ സേവാഗ് – എസ്. ബദരീനാഥ് (136, 2009–10), രാഹുൽ ദ്രാവിഡ് – സൗരവ് ഗാംഗുലി (108, 1996–97) എന്നീ സഖ്യങ്ങളും പിന്നിലുണ്ട്.

അതിനിടെ, ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുന്നതിനും മൽസരം വേദിയായി. 27–ാം ടെസ്റ്റിലാണ് മഹാരാജിന്റെ 100 വിക്കറ്റ് നേട്ടം. കുറഞ്ഞ ടെസ്റ്റുകളിൽനിന്ന് 100 വിക്കറ്റ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ സ്പിന്നറാണ് മഹാരാജ്. 22 ടെസ്റ്റകളിൽനിന്ന് 100 വിക്കറ്റ് പിന്നിട്ട ഹഗ് ടെയ്‌ഫീൽഡാണ് ഒന്നാമൻ. പോൾ ആഡംസ്, പോൾ ഹാരിസ് എന്നിവർ 35 ടെസ്റ്റുകളിൽനിന്നുമാണ് 100 വിക്കറ്റിലെത്തിയത്. നിക്കി ബോയെയ്ക്ക് 100 വിക്കറ്റ് പൂർത്തിയാക്കാൻ 43 ടെസ്റ്റ് വേണ്ടിവന്നു.

∙ ഇന്ത്യൻ ക്യാപ്റ്റൻമാരുടെ ഉയർന്ന സ്കോറുകൾ

254* വിരാട് കോലി, ദക്ഷിണാഫ്രിക്കയ്ക്കെതിരെ, പുണെ, 2019/20

243 വിരാട് കോലി, ശ്രീലങ്കയ്ക്കെതിരെ, ഡൽഹി, 2017/18

235 വിരാട് കോലി, ഇംഗ്ലണ്ടിനെതിരെ, മുംബൈ, 2016/17

224 എം.എസ്. ധോണി, ഓസീസിനെതിരെ, ചെന്നൈ, 2012/13

217 സച്ചിൻ തെൻഡുൽക്കർ, ന്യൂസീലൻഡിനെതിരെ, അഹമ്മദാബാദ്, 1999/00

213 വിരാട് കോലി, ശ്രീലങ്ക‌യ്ക്കെതിരെ, 2017/18

211 വിരാട് കോലി ന്യൂസീലൻഡിനെതിരെ, ഇൻഡോർ, 2016/17

English Summary: India vs South Africa, 2nd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com