ADVERTISEMENT

ന്യൂഡൽഹി ∙ അവസാന പന്തിലെ സിക്സർ പോലെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലപ്പത്തേക്ക് ‘ദാദ’ സൗരവ് ഗാംഗുലി വന്നിരിക്കുന്നത്. ആ സിക്സറിനുള്ള പിച്ചൊരുക്കിയത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നതിൽ തർക്കവുമില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഗാംഗുലി ന്യൂഡൽഹിയിൽ തങ്ങിയിരുന്നു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി തിരിച്ചെത്തിയ അമിത് ഷായുമായി പലതവണ ചർച്ച നടത്തിയാണ് മുംബൈയിലേക്കു പോയത്.

ധനസഹമന്ത്രിയും മുൻ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ലോബിയും എൻ. ശ്രീനിവാസൻ ലോബിയും തമ്മിലുളള ധാരണ പൊളിച്ചതും അമിത് ഷായുടെ ഇടപെടലാണ് എന്നറിയുന്നു. ബ്രിജേഷ് പട്ടേലിന്റെ കാര്യത്തിൽ ഠാക്കൂറും ശ്രീനിവാസനും അന്തിമ ധാരണയിലെത്തിയിരുന്നു. 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ബിസിസിഐയിലും പിന്നീട് ഐസിസിയിലും വീണ്ടും പിടിമുറുക്കാനുള്ള ശ്രീനിവാസന്റെ പദ്ധതിക്കു കൂടിയാണ് ഗാംഗുലിയുടെ വരവോടെ തിരിച്ചടിയേറ്റത്.

ബംഗാളിൽ മമത ബാനർജിയെ മാറ്റി അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തുറുപ്പു ചീട്ടാകാൻ ഗാംഗുലി നിൽക്കുമോ ഇല്ലയോ എന്നതാണ് ഇനിയറിയാനുള്ളത്. ഐപിഎൽ ചെയർമാൻ സ്ഥാനമോ ഐസിസി പ്രതിനിധി സ്ഥാനമോ നൽകിയുള്ള ഒത്തുതീർപ്പിനും ശ്രമമുണ്ടായി. തനിക്കു പ്രസിഡന്റ് പദവിയല്ലാതെ മറ്റൊരു സ്ഥാനവും വേണ്ടെന്ന് ഗാംഗുലി തീർത്തു പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ 2020 ജൂലൈയിൽ ഗാംഗുലി സ്ഥാനമൊഴിയും. പുതിയ ചട്ടങ്ങൾ പ്രകാരമുളള ‘കൂളിങ് ഓഫ് പീരിയഡ്’ ആണത്. ആറു വർഷം തുടർച്ചയായി ഭരണ പദവിയിലിരുന്നാൽ 3 വർഷം ഒഴിഞ്ഞു നിൽക്കണമെന്നാണു ചട്ടം. കഴിഞ്ഞ 5 വർഷമായി ബംഗാൾ അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ഈ ഒരു വർഷം ബിസിസിഐ പ്രസിഡന്റായാൽ ഭരണപദവിയിൽ 6 വർഷമായി.

ആ കൂളിങ് ഓഫ് സമയത്ത് ബംഗാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഗാംഗുലിയെ ഉപയോഗിക്കാനാണ് ബിജെപി നീക്കമെന്നാണു സൂചന. ബംഗാളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് ഗാംഗുലിയെ കണക്കാക്കുന്നത്. രാഷ്ട്രീയ ചായ്‍വ് വ്യക്തമാക്കിയില്ലെങ്കിലും നേരത്തേ കോൺഗ്രസിനോടും പിന്നീട് തൃണമൂലിനോടും മൃദുസമീപനമുള്ളയാളായാണ് ഗാംഗുലി അറിയപ്പെട്ടിരുന്നത്. ഗാംഗുലിയുടെ സ്ഥാനലബ്ധിയെ മമത ബാനർജി വാനോളം പുകഴ്ത്തിയിട്ടുമുണ്ട്.

ഗാംഗുലി സ്ഥാനമൊഴിഞ്ഞാൽ പകരം ഗുജറാത്ത് അസോസിയേഷന്റെ പ്രതിനിധിയും നിയുക്ത സെക്രട്ടറിയുമായ അമിത് ഷായുടെ മകൻ ജയ്ഷാ പ്രസിഡന്റാകുമെന്നാണ് സൂചനകൾ. ഗുജറാത്ത് അസോസിയേഷൻ ബിസിസിഐ ജനറൽ ബോഡിയിലേക്ക് ജയ് ഷായെ നാമനിർദേശം ചെയ്തത് വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിൽത്തന്നെയാണ്.അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ ധുമാൽ നിയുക്ത ട്രഷററാണ്. ചുരുക്കത്തിൽ 3 വർഷം മുൻപ് ക്രിക്കറ്റ് ബോർഡ് നിയന്ത്രിച്ചവരൊക്കെത്തന്നെ ഇനിയും ബോർഡിനെ നിയന്ത്രിക്കും.

∙ വീണ്ടുമൊരു ക്യാപ്റ്റൻ; 62 വർഷത്തിനു ശേഷം

ഇന്ത്യൻ ക്രിക്കറ്റ് ഭരണസമിതിയുടെ തലപ്പത്തേക്ക് ഒരു മുൻ ക്യാപ്റ്റൻ പൂർണ ചുമതലയുമായി എത്തുന്നത് 62 വർഷത്തിനു ശേഷം. 1954 മുതൽ 57 വരെ പ്രസിഡന്റായിരുന്ന മഹാരാജ് കുമാർ വിജയനഗരം (വിസ്സി) ആയിരുന്നു ഇതിനു മുൻപ് ബിസിസിഐയെ നയിച്ച മുൻ ക്യാപ്റ്റൻ. സുനിൽ ഗാവസ്കർ 2014ൽ ഇടക്കാല പ്രസിഡന്റായിരുന്നു. പശുപതി വിജയ് ആനന്ദ ഗജപതി രാജു എന്ന മഹാരാജ്കുമാർ 1936ൽ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

English Summary: Sourav Ganguly Set to Become BCCI President, Amit Shah's Son Secretery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com