സർഫറാസിന്റെ ക്യാപ്റ്റൻ സ്ഥാനം പോയി; ട്വിറ്ററിൽ താരങ്ങളുടെ ‘ഡാൻസ് കളി’, വിവാദം
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം സർഫറാസ് അഹമ്മദിനെ ട്വന്റി20, ടെസ്റ്റ് മൽസരങ്ങളുടെ ക്യാപ്റ്റൻ സ്ഥാനങ്ങളില്‍നിന്നു നീക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ട്വന്റി20യിൽ ബാബർ അസമിനെയും ടെസ്റ്റ് ക്രിക്കറ്റിൽ അസ്ഹർ അലിയെയുമാണ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്തേക്കു നിയോഗിച്ചത്. ഇതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ട്വിറ്റർ പേജിൽ പാക്ക് താരങ്ങൾ നൃത്തം ചെയ്യുന്ന വിഡിയോയും പോസ്റ്റ് ചെയ്തു.
പരിശീലന സമയത്ത് പാക്കിസ്ഥാൻ താരങ്ങൾ നൃത്തം ചെയ്യുന്ന വിഡിയോ ആയിരുന്നു പിസിബി ട്വിറ്ററിൽ പങ്കുവച്ചത്. മറ്റൊരു ട്വീറ്റിനു മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം. വിഡിയോ വിവാദമായതോടെ ട്വിറ്ററിൽനിന്നു പിൻവലിച്ചു. തെറ്റായ സമയത്തു വിഡിയോ പങ്കുവച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്നീടു പ്രതികരിച്ചു.
ട്വന്റി20 ലോകകപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി വിഡിയോ പങ്കുവയ്ക്കുന്ന കാര്യം നേരത്തേ തീരുമാനിച്ചതായിരുന്നു. എന്നാൽ പാക്കിസ്ഥാൻ ക്യാപ്റ്റന്‍മാരെ പ്രഖ്യാപിക്കുന്ന സമയത്തു തന്നെ ട്വിറ്ററിൽ വിഡിയോയും പങ്കു വയ്ക്കേണ്ടിവന്നുവെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. എന്നാൽ ക്രിക്കറ്റ് ബോർഡിന്റെ ഖേദപ്രകടനത്തിൽ ആരാധകർ ഒട്ടും തൃപ്തരല്ല. ബോർഡിന്റെ പ്രതികരണം ദയനീയമാണെന്നും ബഹുമാനമില്ലാത്തതാണെന്നും ആരോപിച്ച് ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു.
2 വയസ്സുള്ള ചെറിയ കുട്ടി ആണോ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതേസമയം പുതിയ ക്യാപ്റ്റൻമാർക്ക് എല്ലാ ആശംസകളും അറിയിക്കുന്നതായി സർഫറാസ് അഹമ്മദ് പ്രതികരിച്ചു. അസ്ഹർ അലി, ബാബർ അസം, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം എന്നിവർക്കെല്ലാം എന്റെ ആശംസകൾ. എല്ലാവരും കൂടുതൽ കരുത്തരാകുമെന്നു പ്രതീക്ഷിക്കുന്നതായും താരം അറിയിച്ചു.
English Summary: PCB was trolled on twitter after issued apology for sharing an untimely celebration video