ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം നഷ്ടമായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സർഫ്രാസ് അഹമ്മദിന് ഉറച്ച പിന്തുണയുമായി ഭാര്യ ഖുശ്ബത്ത് സർഫ്രാസ്. ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുകയും തൊട്ടുപിന്നാലെ ഓസീസ് പര്യടനത്തിനുള്ള ടീമിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തതോടെ സർഫ്രാസ് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഖുശ്ബത്ത് തള്ളിക്കളഞ്ഞു. ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണി ഈ പ്രായത്തിലും കളി തുടരുമ്പോൾ, 32 വയസ്സ് മാത്രം പ്രായമുള്ള സർഫ്രാസ് എന്തിനു വിരമിക്കണമെന്ന് ഖുശ്ബത്ത് ചോദിച്ചു. പോരാളിയായ തന്റെ ഭർത്താവ് ശക്തമായി തിരിച്ചുവരുമെന്നും അവർ അവകാശപ്പെട്ടു.

പാക്കിസ്ഥാന്റെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ക്യാപ്റ്റനായിരുന്ന സർഫ്രാസിനെ കഴിഞ്ഞ ദിവസമാണ് ഈ സ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ദയനീയ പ്രകടനത്തിന്റെ തൊട്ടുപിന്നാലെയായിരുന്നു പുറത്താക്കൽ. സർഫ്രാസിനു പകരം അസ്ഹർ അലിയെ ടെസ്റ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബാബർ അസമിനെയാണ് ട്വന്റി20 ടീമിന്റെ നായക ചുമതല ഏൽപ്പിച്ചത്. ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടുമില്ല.

നായകസ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയുമില്ല. ഈ സാഹചര്യത്തിലാണ് 32കാരനായ സർഫ്രാസ് വിരമിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചത്. ഇതിനു തൊട്ടുപിന്നാലെ വിരമിക്കൽ വാർത്തകൾ നിഷേധിച്ച് ഖുശ്ബത്ത് രംഗത്തെത്തുകയും ചെയ്തു.

‘എന്തിനാണ് ഇപ്പോൾത്തന്നെ വിരമിക്കുന്നത്? അദ്ദേഹത്തിന് വെറും 32 വയസ്സേ ആയിട്ടുള്ളൂ. എം.എസ്. ധോണിക്ക് എത്ര വയസ്സുണ്ട്? ഈ പ്രായത്തിൽ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ തുടരുന്നില്ലേ? എന്റെ ഭർത്താവും ശക്തമായി തിരിച്ചുവരും. അദ്ദേഹമൊരു പോരാളിയാണ്. തിരിച്ചുവരിക തന്നെ ചെയ്യും’ – ഖുശ്ബത്ത് പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയിൽ തനിക്കോ ഭർത്താവിനോ യാതൊരു സങ്കടവുമില്ലെന്നും ഖുശ്ബത്ത് വ്യക്തമാക്കി. ‘ഇല്ല. യാതൊരു നിരാശയുമില്ല. ഇത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനമാണ്. അവരോടു ബഹുമാനം മാത്രമേയുള്ളൂ. നായകസ്ഥാനത്തു നിന്ന് നീക്കുമെന്ന വിവരം മൂന്നു ദിവസം മുൻപുതന്നെ ലഭിച്ചിരുന്നു. സർഫ്രാസിനെ സംബന്ധിച്ച് ഇത് കരിയറിന്റെ അവസാനമൊന്നുമല്ല. ഇനി മുതൽ ഉത്തരവാദിത്തങ്ങളുടെ ഭാരം കൂടാതെ കളിക്കാൻ അദ്ദേഹത്തിനാകും’ – ഖുശ്ബത്ത് പറഞ്ഞു.

അതേസമയം, സർഫ്രാസിനെ നായകസ്ഥാനത്തുനിന്ന് നീക്കിയതിനെ വിമർശിച്ച് മുൻ താരങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. സർഫ്രാസിനോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കാണിച്ചത് അനീതിയാണെന്ന വികാരമാണ് ഈ വിഷയത്തിൽ പ്രതികരിച്ച കൂടുതൽ പേരും പങ്കുവച്ചത്. മുഖ്യ പരിശീലകനും ചീഫ് സിലക്ടറുമായ മിസ്ബ ഉൾ ഹഖ്, ബോളിങ് പരിശീലകൻ വഖാർ യൂനിസ് എന്നിവർക്കെതിരെയായിരുന്നു കൂടുതൽ വിമർശനങ്ങളും. ജാവേദ് മിയാൻദാദ്, മൊഹ്സിൻ ഖാൻ തുടങ്ങിയവരാണ് വിമർശനവുമായി രംഗത്തുവന്നത്.

English Summary: Sarfaraz Ahmed’s wife backs Pakistan cricketer to make strong comeback after captaincy loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com