ADVERTISEMENT

റാഞ്ചി∙ ആദ്യ ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച്, ആദ്യ പരമ്പരയിൽ മാൻ ഓഫ് ദ് സീരീസും – ടെസ്റ്റ് ഓപ്പണറെന്ന നിലയിലുള്ള അരങ്ങേറ്റം ഇതിലും ‘കളറാ’ക്കാൻ ആർക്കു കഴിയും, രോഹിത് ശർമയ്‌ക്കല്ലാതെ? മൂന്നു ടെസ്റ്റുകളിലായി നാല് ഇന്നിങ്സുകളിൽനിന്ന് 529 റൺസ് നേടിയാണ് രോഹിത് പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ നേടിയ കന്നി ഇരട്ടസെഞ്ചുറി മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും രോഹിത്തിന് നേടിക്കൊടുത്തു. ആദ്യ ടെസ്റ്റിലും മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ രോഹിത്, ടെസ്റ്റ് ഓപ്പണറെന്ന നിലയിലുള്ള അരങ്ങേറ്റം അക്ഷരാർഥത്തിൽ കൊഴുപ്പിച്ചു. 2013–14ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോഴും ആദ്യ ടെസ്റ്റിൽ രോഹിത് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. ആദ്യ ടെസ്റ്റ് പരമ്പരയിൽ മാൻ ഓഫ് ദ് സീരീസുമായി. അന്ന് വെസ്റ്റിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളിലും സെഞ്ചുറി നേടിയാണ് രോഹിത് അരങ്ങേറ്റം തകർത്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയിൽ നാല് ഇന്നിങ്സുകളിൽനിന്ന് 132.25 റൺസ് ശരാശരിയിലാണ് രോഹിത് 529 റൺസ് നേടിയത്. ഇതിൽ രണ്ട് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ഉൾപ്പെടുന്നു. പുണെ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മാത്രമാണ് രോഹിത് നിരാശപ്പെടുത്തിയത്. അവിടെ ഏക ടെസ്റ്റ് ഇന്നിങ്സിൽ നേടിയത് 14 റൺസ്. ഒരർഥത്തിൽ ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയ്ക്ക് രോഹിത് ശർമയ്ക്ക് ഏറെ പേരുദോഷമുണ്ടാക്കിയ 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ‘മറുമരുന്ന്’ കൂടിയാണ് ഇക്കുറി അതേ എതിരാളികൾക്കെതിരെ രോഹിത് കണ്ടെത്തിയത്. അന്ന് നാല് ഇന്നിങ്സുകളിൽനിന്ന് 19.50 റൺസ് ശരാശരിയിൽ 78 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഇത്തവണ അന്നത്തെ വീഴ്ചകൾക്കെല്ലാം രോഹിത് പരിഹാരം കണ്ടു.

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട് മറ്റൊരു വിശേഷം കൂടിയുണ്ട്. ഈ ടെസ്റ്റിൽ രോഹിത് ശർമ ഒന്നാം ഇന്നിങ്സിൽ നേടിയത് 212 റൺസാണ്. ദക്ഷിണാഫ്രിക്കൻ ടീമിലെ 11 താരങ്ങളും ചേർന്നിട്ടും ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഈ സ്കോർ മറികടക്കാനായില്ല. ഒന്നാം ഇന്നിങ്സിൽ അവർ 162 റണ്‍സിനും രണ്ടാം ഇന്നിങ്സിൽ 133 റൺസിനുമാണ് പുറത്തായത്. രണ്ട് ഇന്നിങ്സിലും എതിരാളികൾക്ക് ഇന്ത്യൻ താരങ്ങളുടെ സ്കോർ നേടാനാകാതെ പോകുന്നത് ഇതാദ്യമല്ല. മുൻപ് നാല് തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്:

വിനൂ മങ്കാദ് (231), ന്യൂസീലൻഡിനെതിരെ (209,219), ചെന്നൈ, 1955/56

രാഹുൽ ദ്രാവിഡ് (270), പാക്കിസ്ഥാനെതിരെ (224,245) റാവൽപിണ്ടി, 2003/04

സച്ചിൻ തെൻഡുൽക്കർ (248), ബംഗ്ലദേശിനെതിരെ (184,202) ധാക്ക, 2004/05

വിരാട് കോലി (243), ശ്രീലങ്കയ്ക്കെതിരെ (205,166), നാഗ്പുർ, 2017/18

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 2010ൽ 498 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസിന്റെ റെക്കോർഡാണ് രോഹിത് തകർത്തത്. നാല് ഇന്നിങ്സുകളിൽനിന്ന് 529 റൺസാണ് രോഹിത് നേടിയത്. ഹാഷിം അംല – 490 (2010), മുഹമ്മദ് അസ്ഹറുദ്ദീൻ – 388 (1996), വീരേന്ദർ സേവാഗ് – 372 (2008) എന്നിവരെല്ലാം പിന്നിലായി.

മാത്രമല്ല, ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ടോപ് സ്കോറർമാരിൽ രണ്ടാമതെത്താനും രോഹിത്തിനായി. ഏഴ് ഇന്നിങ്സുകളിൽനിന്ന് 774 റൺസുമായി ഓസീസ് താരം സ്റ്റീവ് സ്മിത്താണ് മുന്നിൽ. വെറും നാല് ഇന്നിങ്സുകളിൽനിന്ന് 529 റൺസുമായി രോഹിത് രണ്ടാമതു നിൽക്കുന്നു. അജിൻക്യ രഹാനെ – 487 റൺസ് (എട്ട് ഇന്നിങ്സ്), വിരാട് കോലി – 453 റൺസ് (എട്ട് ഇന്നിങ്സ്), ബെൻ സ്റ്റോക്സ് – 441 റൺസ് (10 ഇന്നിങ്സ്) എന്നിവർ പിന്നിലുണ്ട്.

English Summary: Rohit Sharma Bags Man Of The Matcha And Man Of The Series Awards Vs South Africa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com