ADVERTISEMENT

മുംബൈ∙ മുൻ ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ മലയാളിയുമായ അഭിഷേക് നായർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മുടിചൂടാമന്നൻമാരായ മുംബൈ ടീമിൽ ഒരു ദശാബ്ദത്തിലധികം നിർണായക സാന്നിധ്യമായിരുന്നു ഈ മുപ്പത്താറുകാരൻ. രഞ്ജി ട്രോഫിയിൽ ഉൾപ്പെടെ വിവിധ ആഭ്യന്തര ടൂർണമെന്റുകളിൽ പലതവണ മുംബൈയുടെ രക്ഷകനായി അവതരിച്ച് കയ്യടി നേടിയ ഈ ഓൾറൗണ്ടറിന്, രാജ്യാന്തര ക്രിക്കറ്റിൽ ആകെ അവസരം ലഭിച്ചത് മൂന്ന് ഏകദിനങ്ങളിൽ മാത്രം. രഞ്‌ജിയിൽ മുംബൈ 40-ാം കിരീടം നേടിയപ്പോൾ സീസണിലുടനീളം മികച്ച ഫോമിലായിരുന്നു അഭിഷേക്. തിരുവനന്തപുരം വട്ടിയൂർക്കാവ് ലക്ഷ്‌മിമന്ദിരത്തിൽ ലേഖയുടെയും ഒറ്റപ്പാലം സ്വദേശി മോഹൻനായരുടെയും മകനായ അഭിഷേക് ജനിച്ചതും വളർന്നതും കേരളത്തിനു വെളിയിലാണ്.

കരിയറിന്റെ അവസാന ഘട്ടത്തിൽ മുംബൈ വിട്ടെങ്കിലും പിന്നീട് പുതുച്ചേരിക്കായി കളത്തിലിറങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ്, പുണെ വാരിയേഴ്സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി കളിച്ചു. 2013ലെ ഐപിഎൽ ലേലത്തിൽ ഏറ്റവും വില ലഭിച്ച ഇന്ത്യൻ താരമായിരുന്നു. അന്ന് മൂന്നരക്കോടി രൂപയ്ക്കാണ് പുണെ വാരിയേഴ്സ് അഭിഷേകിനെ ടീമിലെത്തിച്ചത്. ഇടംകൈകൊണ്ടു ബാറ്റ് വീശുകയും വലംകൈകൊണ്ടു പന്ത് എറിയുകയും ചെയ്യുന്ന അഭിഷേക് നായർ, ഫീൽഡിങ്ങിലെ ചടുലത കൊണ്ടും ശ്രദ്ധേയനാണ്. 2012–13 സീസണിൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറിനുള്ള ലാലാ അമർനാഥ് പുരസ്കാരം നേടി.

∙ സച്ചിന്റെയും കാംബ്ലിയുടെയും വഴിയേ...

ബോംബെ സ്‌കോട്ടിഷ് സ്‌കൂളിലായിരുന്നു തുടക്കം. അഞ്ചാം വയസ്സിൽ ബാറ്റേന്തിയ അഭിഷേക് അന്നു ശിവജി പാർക്കിനു സമീപമാണു താമസിച്ചിരുന്നത്. സച്ചിൻ തെൻഡുൽക്കറുടെയും വിനോദ് കാംബ്ലിയുടെയും ഗുരുവായ രമാകാന്ത് അച്‌ഛരേക്കർ ശിവജി പാർക്കിലാണ് അന്നു പരിശീലനം നൽകിയിരുന്നത്. അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നടത്താനുള്ള അവസരം ഭാഗ്യമായി. ബോംബെ സ്‌കോട്ടിഷിൽനിന്നു സച്ചിനും കാംബ്ലിയും പഠിച്ച ശാരദാശ്രം വിദ്യാമന്ദിർ സ്‌കൂളിലേക്കു ചേർന്നതോടെ അഭിഷേകിലെ ക്രിക്കറ്റ് പ്രതിഭ കൂടുതൽ തെളിഞ്ഞു.

ഓപ്പണിങ് ബാറ്റ്‌സ്‌മാനായിട്ടായിരുന്നു തുടക്കം. പിന്നെ ബോളിങ്ങിലും ബാറ്റിങ്ങിലും പയറ്റി. സച്ചിന്റെ ആദ്യ കോച്ചായ രമാകാന്ത് അച്‌റേക്കർ, വിനോദ് കാംബ്ലി, പ്രവീൺ ആംറെ എന്നിവരിലൂടെ പാഠങ്ങൾ പഠിച്ച് നരേഷ് ചുരിയുടെ ശിക്ഷണത്തിലെത്തി. അദ്ദേഹമാണ് അഭിഷേകിനെ ഓൾറൗണ്ടറുടെ റോളിലേയ്‌ക്കു മാറ്റിയത്. പിന്നീടു പോദാർ കോളജ്, എയർ ഇന്ത്യ, ടാറ്റാ തുടങ്ങിയ ടീമുകളിൽ കളിച്ചു. പിന്നീടു ബിപിസിഎൽ ടീമംഗമായി. പിന്നെ രൂപാറെൽ കോളജിലൂടെ മുംബൈ രഞ്‌ജി ടീമിലെത്തി.

∙ മെന്റർ, പരിശീലകൻ

പിൽക്കാലത്ത് കളിക്കാരനിൽനിന്ന് പരിശീലക വേഷത്തിലേക്ക് മാറിയ അഭിഷേക് ഇന്ത്യൻ താരങ്ങളായ ദിനേഷ് കാർത്തിക്, ശ്രേയസ് അയ്യർ തുടങ്ങിയവരുടെ മെന്ററായി. മുൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദിന്റെയും മെന്ററായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായിരുന്ന അഭിഷേകിനെ, അടുത്ത സീസണിലേക്ക് സഹ പരിശീലകനായി നിയമിച്ചിട്ടുണ്ട്. മുൻ ന്യൂസീലൻഡ് താരം ബ്രണ്ടൻ മക്കല്ലമാണ് മുഖ്യ പരിശീലകൻ.

‘ശരിയാണ്. കഴിഞ്ഞ മാസം ഞാൻ വെസ്റ്റിൻഡീസിലായിരുന്ന സമയത്ത് (കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ സഹായിക്കുന്നതിന്) ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെയും മുംബൈ ക്രിക്കറ്റ് അസോസിയേഷനെയും കത്തു മുഖേന അറിയിച്ചിരുന്നു. അവർക്കും ഇതുവരെ എന്നെ പരിശീലിപ്പിച്ച എല്ലാവർക്കും സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്’ – അഭിഷേക് നായരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

∙ ടീം ഇന്ത്യ അവഗണിച്ച താരം

ആഭ്യന്തര ക്രിക്കറ്റിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നെങ്കിലും ഇന്ത്യൻ ജഴ്സിയിൽ മൂന്നു മത്സരങ്ങളിൽ മാത്രമാണ് അഭിഷേക് നായർക്ക് അവസരം ലഭിച്ചത്. 2009 ജൂലൈ മൂന്നിന് വെസ്റ്റിൻഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. ആദ്യ മത്സരത്തിൽ ബോളിങ്ങിനും ബാറ്റിങ്ങിനും അവസരം ലഭിച്ചില്ല. അവസരം ലഭിച്ച രണ്ടാം മത്സരത്തിലും കളത്തിലിറങ്ങാൻ യോഗമുണ്ടായില്ല. പിന്നീട് 2009ലെ ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയെങ്കിലും അവസരം ലഭിച്ച വെസ്റ്റിൻഡീസിനെതിരായ ഒരേയൊരു മത്സരത്തിൽ മാത്രം. ഏഴു പന്തു നേരിട്ട് റണ്ണൊന്നും നേടാനായില്ലെങ്കിലും അർധസെഞ്ചുറി നേടിയ വിരാട് കോലിക്കൊപ്പം ടീമിനെ വിജയത്തിലെത്തിച്ചു. മൂന്ന് ഓവർ ബോൾ ചെയ്ത് 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. പിന്നീട് അവസരവും ലഭിച്ചില്ല.

103 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 45.62 റൺസ് ശരാശരിയിൽ 5749 റണ്‍സ് നേടി. 13 സെഞ്ചുറിയും 32 അർധസെഞ്ചുറിയും സഹിതമാണിത്. 259 റൺസാണ് ഉയർന്ന സ്കോർ. ഇത്രയും മത്സരങ്ങളിൽനിന്ന് 173 വിക്കറ്റും നേടി. 131 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. 100 റൺസ് വഴങ്ങി ഒൻപത് വിക്കറ്റ് വീഴ്ത്തിയത് മത്സരത്തിലെ മികച്ച പ്രകടനവുമായി. ആറു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. 99 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ച നായർ, 31.08 റൺസ് ശരാശരിയിൽ 2145 റൺസ് നേടി. രണ്ടു സെഞ്ചുറികളും 10 അർധസെഞ്ചുറികളും സഹിതമാണിത്. 118 റൺസാണ് ഉയർന്ന സ്കോർ. ഇത്രയും മത്സരങ്ങളിൽനിന്ന് 79 വിക്കറ്റും വീഴ്ത്തി. 28 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

∙ ‘ഇല്ല, തെല്ലും ഖേദമില്ല’

ദേശീയ ടീമിൽ കാര്യമായ അവസരം ലഭിച്ചില്ലെങ്കിലും കരിയറിനെച്ചൊല്ലി യാതൊരു നിരാശയുമില്ലെന്ന് അഭിഷേക് നായർ പറഞ്ഞു. ‘പിന്നോട്ടു തിരിഞ്ഞുനോക്കുമ്പോൾ കരിയറിനെക്കുറിച്ച് എനിക്ക് യാതൊരു ഖേദവുമില്ല. മുംബൈയ്ക്കായി 100–ാമത്തെ ലിസ്റ്റ് എ മത്സരം കളിക്കാനാവാതെ പോയതിലും നിരാശയില്ല. മുംബൈയ്ക്കായി 99 ലിസ്റ്റ് എ മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ച എത്ര കളിക്കാരുണ്ടാകും? എനിക്ക് 99 മത്സരം കളിക്കാൻ ഭാഗ്യം ലഭിച്ചല്ലോ. നൂറാം മത്സരത്തിന് അവസരം ലഭിച്ചില്ല എന്നതുകൊണ്ട് കളിച്ച 99 മത്സരങ്ങളുടെ ഫലം നഷ്ടമാകുന്നില്ല. എന്റെ കരിയറിൽ ഞാൻ പൂർണ തൃപ്തനാണ്. മുംബൈ ക്രിക്കറ്റ് എക്കാലവും എന്റെ ഹൃദയത്തിലുണ്ടാകും. പൂർണ ഹൃദയത്തോടെയാണ് എക്കാലവും കളിച്ചിട്ടുള്ളത് എന്ന ചാരിതാർഥ്യവുമുണ്ട്’ – നായർ പറഞ്ഞു.

English Summary: Abhishek Nayar Announced Retirment from First Class Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com