ADVERTISEMENT

രാജ്കോട്ട് (ഗുജറാത്ത്) ∙ ഇതിലും ഭേദം ‘മഹ’ ചുഴലിക്കാറ്റടിച്ച് മത്സരം മുടങ്ങുന്നതായിരുന്നുവെന്ന് ബംഗ്ലദേശ് താരങ്ങൾക്കു തീർച്ചയായും തോന്നിക്കാണും! രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി വീശിയടിച്ച ‘രോഹിത് ചുഴലിക്കാറ്റി’ന്റെ കരുത്ത് അത്രത്തോളമായിരുന്നു! ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനായി രാജ്കോട്ടിലെത്തുമ്പോൾ ബംഗ്ലദേശിന്റെ മനസ്സിലുണ്ടായിരുന്നത് തുടർച്ചയായ രണ്ടാം വിജയവും അതിനൊപ്പം ബോണസായി കിട്ടുന്ന പരമ്പര വിജയവുമായിരുന്നു. കളത്തിൽ പക്ഷേ, രോഹിത് ശർമയെന്ന ഒറ്റയാൻ ആ മോഹങ്ങളെല്ലാം ഒന്നാകെ തൂത്തുതുടച്ചെടുത്തു. മത്സരം പൂർത്തിയാകുമ്പോൾ എട്ടു വിക്കറ്റിന്റെ അനായാസ വിജയവുമായി ഇന്ത്യ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലദേശിന് ഒപ്പമെത്തി. രാജ്യാന്തര ട്വന്റി20യിലെ 100–ാം മത്സരമെന്ന നാഴികക്കല്ലിന് അർധസെഞ്ചുറിത്തിളക്കം സമ്മാനിച്ച താൽക്കാലിക നായകൻ രോഹിത് ശർമ കളിയിലെ കേമനുമായി.

എന്തൊരാവേശമാണ് ഈ മത്സരം ആരാധകർക്ക് സമ്മാനിച്ചത്! ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ ആളിക്കത്തിയതോടെ ബംഗ്ലദേശിന്റെ സ്വപ്നങ്ങളെല്ലാം വളരെ വേഗം ചാരമായി. 15.4 ഓവറിൽ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. വഴിമധ്യേ വീണുപോയെങ്കിലും ഓപ്പണിങ് വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി രോഹിത്തും ധവാനും അപ്പോഴേക്കും ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടിരുന്നു. കരിയറിലെ 100–ാം ട്വന്റി20 മത്സരത്തിൽ രോഹിത്ത് അർഹിച്ച, ആരാധകർ ആഗ്രഹിച്ച ആ സെഞ്ചുറി പിറന്നില്ലല്ലോ എന്നൊരു സങ്കടം മാത്രം ബാക്കി!

∙ പടനയിച്ച് നായകൻ

മുറിവേറ്റ മൃഗമായിരുന്നു രാജ്കോട്ടിലെ രോഹിത്! അതിന്റെ എല്ലാ സൂചനകളും ബംഗ്ലദേശിനെ ശിഥിലമാക്കിയ ആ ഇന്നിങ്സിലുണ്ടായിരുന്നു. വിരാട് കോലി ഇടവേളയെടുക്കുമ്പോഴെല്ലാം താൽക്കാലിക ക്യാപ്റ്റനായെത്തി വിജയം ശീലമാക്കിയ രോഹിത് ശർമയ്ക്കേറ്റ അപ്രതീക്ഷിത അടിയായിരുന്നു ഡൽഹി ട്വന്റി20യിലെ തോൽവി. അതു ബംഗ്ലദേശിനോടായത് വേദന കൂട്ടി. ആ തോൽവിയുടെ മുറിവു സമ്മാനിച്ച വേദനയും പേറിയാണ് രോഹിത് രാജ്കോട്ടിലെത്തിയത്. അവിടെ ടോസ് മുതൽ ഭാഗ്യം കൂടി കൂട്ടുനിന്നതോടെ പലിശ സഹിതം തിരിച്ചുകൊടുത്താണ് ഇന്ത്യ തിരിച്ചുകയറിയത്. മത്സരത്തിലാകെ 43 പന്തുകൾ നേരിട്ട രോഹിത്, ആറു വീതം സിക്സും ഫോറും സഹിതം 85 റൺസെടുത്താണ് പുറത്തായത്.

തകർത്തടിച്ചു മുന്നേറിയ രോഹിത് വെറും 23 പന്തിലാണ് അർധസെഞ്ചുറി പിന്നിട്ടത്. ആറു ഫോറും മൂന്നു സിക്സും സഹിതമാണിത്. ട്വന്റി20യിൽ രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. 2016ൽ വിൻഡീസിനെതിരെ 22 പന്തിൽ 50 കടന്നതാണ് ഒന്നാം സ്ഥാനത്ത്. ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഏറ്റ തോൽവി രോഹിത്തിനുള്ളിലെ പോരാളിയെ ഉണർത്തിയെന്നു വ്യക്തമാക്കുന്നതാണ് രാജ്കോട്ടിലെ ഇന്നിങ്സ്. ട്വന്റി20യിൽ രോഹിത്തിന്റെ 18–ാം അർധസെഞ്ചുറിയാണിത്. മാത്രമല്ല, രാജ്യാന്തര ട്വന്റി20യിൽ രോഹിത് 2500 റൺസും പിന്നിട്ടു. ഒരു ട്വന്റി20 ഇന്നിങ്സിൽ എട്ടാം തവണ അഞ്ചിലേറെ സിക്സുകൾ പറത്തിയ രോഹിത്, ഒൻപതു തവണ വീതം ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്‍ൽ, കോളിൻ മൺറോ എന്നിവരുടെ റെക്കോർഡിന് അടുത്തെത്തി.

rohit-half-century

ബംഗ്ലദേശിനെതിരെ ട്വന്റി20യിൽ 10 ഇന്നിങ്സുകളിൽനിന്ന് രോഹിത്തിന്റെ അഞ്ചാം അർധസെഞ്ചുറിയാണിത്. ബംഗ്ലദേശിനെതിരെ രോഹിത്തിന്റെ സ്കോറുകൾ ഇങ്ങനെ: 36, 56, 83, 1, 18, 17, 89, 56, 9, 85.

∙ ട്വന്റിയിൽ രോഹിത്തിന്റെ വേഗമേറിയ അർധസെഞ്ചുറികൾ

22 – വെസ്റ്റിൻഡീസിനെതിരെ, 2016

23 – ശ്രീലങ്കയ്ക്കെതിരെ, 2017

23 – ബംഗ്ലദേശിനെതിരെ, 2019 *

28 – ഇംഗ്ലണ്ടിനെതിരെ, 2018

28 – ന്യൂസീലൻഡിനെതിരെ, 2019

∙ ട്വന്റി20യിൽ കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകൾ

4 രോഹിത് ശർമ – ശിഖർ ധവാൻ *

3 ഡേവിഡ് വാർണർ – ഷെയ്ൻ വാട്സൻ

3 മാർട്ടിന്‍ ഗപ്ടിൽ – കെയ്ൻ വില്യംസൻ

3 രോഹിത് ശർമ – വിരാട് കോലി

3 മാർട്ടിൻ‌ ഗപ്ടിൽ – കോളിൻ മൺറോ

∙ ധവാൻ, കുറച്ചുകൂടി...

രോഹിത് ശർമ അസാമാന്യ ഫോമിലേക്കുയർന്നതോടെ ഇന്ത്യൻ ഇന്നിങ്സിൽ സഹതാരങ്ങൾക്കൊന്നും കാര്യമായ റോളുണ്ടായിരുന്നില്ല എന്നതാണ് സത്യം. ബാറ്റിങ്ങിന് അവസരം കിട്ടിയ മറ്റു മൂന്നു പേരും അവരുടെ റോൾ ഭംഗിയാക്കിയെന്നു പറയാം. ഓപ്പണിങ് വിക്കറ്റിൽ രോഹിത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ധവാൻ 31 റണ്‍സാണ് ആകെ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ട ധവാൻ, ഇക്കുറി കരുതലോടെയാണ് കളിച്ചത്.

രോഹിത് അസാമാന്യ ഫോമിലേക്ക് ഉയർന്നതോടെ സ്ട്രൈക്ക് കൈമാറു എന്ന ചുമതല മാത്രമേ ധവാനുണ്ടായിരുന്നുള്ളൂ. അതു താരം ഭംഗിയാക്കുകയും ചെയ്തു. എങ്കിലും അനായാസം വിജയത്തിലേക്കു മുന്നേറുന്നതിനിടെ ധവാൻ പുറത്തായ രീതി നിരാശപ്പെടുത്തി. ആവേശം കാണിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നിരിക്കെ അമിനുൽ ഇസ്‍ലാമിനെ കയറിയടിക്കാനുള്ള ആ തീരുമാനം പാളിയെന്നു പറയാതെ വയ്യ. ഇന്ത്യയുടെ മൊത്തത്തിലുള്ള ഉജ്വല പ്രകടനത്തിൽ ആ പിഴവു മുങ്ങിപ്പോയെന്നു മാത്രം.

dhawan

രോഹിത്തും ധവാനും ഏഴു റൺസിന്റെ ഇടവേളയിൽ പുറത്തായശേഷം ക്രീസിൽ ഒരുമിച്ച രാഹുൽ – ശ്രേയസ് അയ്യർ സഖ്യത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അയ്യർ 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം ഫോം തെളിയിച്ചപ്പോൾ, രാഹുൽ ഫോമിലേക്കു വരുന്നതേയുള്ളൂ എന്നു തെളിയിക്കുന്ന പ്രകടനമാണ് നടത്തിയത്. എങ്കിലും നിരാശപ്പെടുത്തിയില്ല.

∙ ബോളിങ്ങിലെ രോഹിത് അഥവാ ചെഹൽ!

ട്വന്റി20യിൽ ബംഗ്ലദേശിനെതിരെ ഉജ്വല റെക്കോർഡുള്ള താരമാണ് രോഹിത്തെന്ന് നാം കണ്ടു. അങ്ങനെയെങ്കിൽ ബോളിങ്ങിലെ രോഹിത് ശർമയെന്നു വിളിക്കാം യുസ്‌വേന്ദ്ര ചെഹലിനെ. കാരണം, ബംഗ്ലദേശിനെതിരെ ചെഹൽ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതു തന്നെ കാരണം. അവർക്കെതിരെ ചെഹലിന്റെ അഞ്ചാം ട്വന്റി20 മത്സരമാണ് ഇന്നലെ രാജ്കോട്ടിൽ നടന്നത്. മത്സരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത ചെഹൽ, 28 റൺസ് വിട്ടുകൊടുത്ത് രണ്ടു നിർണായക വിക്കറ്റുകളും വീഴ്ത്തി.

india-wicket-celebration

ഇന്ത്യൻ ബോളര്‍‌മാരിൽ ഏറ്റവും മികച്ചുനിന്നെങ്കിലും ബംഗ്ലദേശിനെതിരെ ചെഹൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ മത്സരമാണ് രാജ്കോട്ടിൽ കണ്ടത്! ഇതിനു മുൻപ് അവർക്കെതിരെ കളിച്ച നാലു മത്സരങ്ങളിലും ചെഹൽ 25 റൺസിൽ കൂടുതൽ വിട്ടുകൊടുത്തിട്ടില്ല. ബംഗ്ലദേശിനെതിരെ ചെഹലിന്റെ പ്രകടനങ്ങൾ ഇതാ:

4-0-19-1

4-0-21-1

4-0-18-3

4-0-24-1

4-0-28-2 (രാജ്കോട്ട്)

∙ ഖലീൽ, ബംഗ്ലദേശിന്റെ ‘പ്രതീക്ഷ’!

രാജ്കോട്ടിൽ തീർത്തും നിരാശപ്പെടുത്തിയ ഇന്ത്യൻ താരങ്ങൾ രണ്ടു പേരാണ്. അതിലൊന്ന് തീർച്ചയായും ഇടങ്കയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദാണ്. ഡൽഹി ട്വന്റി20യിൽ 19–ാം ഓവറിൽ തുടർച്ചയായി നാലു ഫോർ വഴങ്ങി തോൽവിയുടെ വേഗം കൂട്ടിയ ഖലീൽ, രാജ്കോട്ടിലും തീർത്തും നിരാശപ്പെടുത്തി. ഇക്കുറി ബോളിങ് ആരംഭിച്ച് ആദ്യ മൂന്നു പന്തിലും ഖലീൽ ഫോർ വഴങ്ങി. ഇതോടെ, രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായി ബോൾ ചെയ്ത ഏഴു പന്തുകളാണ് ബൗണ്ടറി കടന്നത്!

khaleel-ahmed

മത്സരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത ഖലീൽ 44 റൺസാണ് വഴങ്ങിയത്. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യൻ ബോളർമാരിലെ ഏറ്റവും വലിയ തല്ലുകൊള്ളിയായി. ഇന്ത്യയുടെ മുഖ്യ സ്ട്രൈക്ക് ബോളറാണെങ്കിലും പ്രതീക്ഷ നൽകുന്ന പ്രകടനമല്ല ഖലീലിന്റേത്. തുടർച്ചയായി പ്രഹരമേറ്റു വാങ്ങുമ്പോൾ ലൈനും ലെങ്തും വ്യത്യാസപ്പെടുത്താനുള്ള ശ്രമങ്ങളും തീർത്തും കുറവ്. വേഗം കൂട്ടിയും കുറച്ചും പ്രശ്നം പരിഹരിക്കാനാണ് ഖലീൽ ശ്രമിക്കാറ്. രാജ്കോട്ടിൽ മറ്റു ബോളർമാർ ചേർന്ന് ബംഗ്ലാ താരങ്ങളെ വരിഞ്ഞുമുറുക്കുമ്പോൾ, അവർക്ക് ആശ്വാസം സമ്മാനിക്കുന്ന കാഴ്ചയായിരുന്നു ബോൾ ചെയ്യാൻ ഖലീൽ വരുന്നത് എന്നു തോന്നി. ഒരു ഇടങ്കയ്യൻ പേസ് ബോളർ എന്ന നിലയിൽ ഇന്ത്യൻ ദേശീയ ടീമിൽ ഉറപ്പുള്ളൊരു സ്ഥാനത്തിന് സാധ്യതയുണ്ടെങ്കിലും ഖലീൽ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു.

∙ പന്തിന്റെ ‘തല്ലുകൊള്ളിത്തരങ്ങൾ’

സമകാലിക ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയേറെ മത്സരങ്ങളിൽ തുടർച്ചയായി നിറം മങ്ങിയിട്ടും പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോ? സംശയമാണ്. ഡൽഹി ട്വന്റിയിൽ അനവസരത്തിൽ ഡിആർഎസ് വിളിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ചും ശിഖർ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും ആരാധകരുടെ കണ്ണിലെ കരടായി മാറിയ പന്ത്, രാജ്കോട്ടിലും ‘പതിവു’ തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി.

rishabh-pant-vs-bangladesh

യുസ്‌വേന്ദ്ര ചെഹലിന്റെ പന്തിൽ സ്റ്റംപിനു മുന്നിൽ കയറി ബോൾ പിടിച്ച് നോബോൾ ചോദിച്ചു വാങ്ങിയതു തന്നെ ഉദാഹരണം. പിന്നീട് ഉജ്വലമായൊരു റണ്ണൗട്ടും പിന്നീട് മറ്റൊരു സ്റ്റംപിങ്ങും വഴി ‘തെറ്റു തിരുത്തി’യെങ്കിലും ഇപ്പോഴും വിക്കറ്റിനു പിന്നിൽ വിശ്വസിക്കാവുന്ന താരമല്ല, പന്ത്. പ്രത്യേകിച്ചും പരിമിത ഓവർ മത്സരങ്ങളിൽ. പന്തിന്റെ പിഴവുകൾ ഏറിയതോടെ, ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ധോണിയില്ലെങ്കിൽ ദിനേഷ് കാർത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

∙ കടുവയല്ലിത്, കിടുവ!

ഇന്ത്യൻ താരങ്ങൾ പതിവില്ലാത്തവിധം കയ്യയച്ചു സഹായിച്ച ഇന്നിങ്സിനൊടുവിലാണ് രാജ്കോട്ടിൽ ബംഗ്ലദേശ് ഇന്ത്യയ്ക്കു മുന്നിൽ 154 റണ്‍സ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. 31 പന്തിൽ അഞ്ചു ഫോർ സഹിതം 36 റൺസെടുത്ത മുഹമ്മദ് നയീമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. അതേസമയം, ‘കൊള്ളാം’ എന്നു തോന്നാവുന്ന ഒരു പ്രകടനം പോലും ബംഗ്ലാ ഇന്നിങ്സിൽ കണ്ടില്ലാ എന്നതും എടുത്തുപറയണം.

ഒന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ ലിട്ടൺ ദാസ് – മുഹമ്മദ് നയിം സഖ്യമാണ് ബംഗ്ലദേശിന് ഭേദപ്പെട്ട സ്കോറിന് അടിത്തറയൊരുക്കിയത്. വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തും ക്യാച്ച് കൈവിട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമയും ലിട്ടൺ ദാസിനെ സഹായിച്ചതോടെയാണ് ഓപ്പണിങ് വിക്കറ്റിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതെന്നത് മറക്കരുത്.

india-vs-bangladesh

ലിട്ടൺ ദാസ് (21 പന്തിൽ 29), സൗമ്യ സർക്കാർ (20 പന്തിൽ 30), മഹ്മൂദുല്ല (21 പന്തിൽ 30) എന്നിവരും ബംഗ്ലദേശിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി മുഷ്ഫിഖുർ റഹിം (ആറു പന്തിൽ നാല്), അഫീഫ് ഹുസൈൻ (എട്ടു പന്തിൽ നാല്) എന്നിവർ നിരാശപ്പെടുത്തി. അമിനുൽ ഇസ്‍ലാം, മൊസാദേക് ഹുസൈൻ എന്നിവർ ആറു റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു.

∙ സഞ്ജു സാംസണിന് ടീമിൽ ഇടമില്ലാതെ പോയതാണ് ഈ മത്സരം മലയാളികൾക്കു മുന്നിൽ ബാക്കിവയ്ക്കുന്ന നിരാശച്ചിത്രം. ഫോമിലല്ലാത്ത ലോകേഷ് രാഹുലിനോ ഋഷഭ് പന്തിനോ പകരം സഞ്ജു ടീമിൽ ഇടംപിടിക്കുമെന്ന് അവസാന നിമിഷം വരെ സ്വപ്നം കണ്ടെങ്കിലും ഫലമുണ്ടായില്ല. ‘മാച്ച് ഡേ’ എന്നു കുറിച്ച് സഞ്ജു നടത്തിയ ചെറു ട്വീറ്റും അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയതോടെ സഞ്ജുവിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ഇനിയും നീളുന്നു.

English Summary: India vs Bangladesh, 2nd T20I - Match Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com