ADVERTISEMENT

ന്യൂഡൽഹി∙ രണ്ടു ദിവസം, രണ്ടു മത്സരം, രണ്ട് അത്യുഗ്രൻ ക്യാച്ചുകൾ! ഇന്ത്യൻ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച് രണ്ടു ദിവസത്തിനിടെ രണ്ട് പറക്കും ക്യാച്ചുകളുമായി കളം പിടിച്ച ആ താരം ആരെന്നറിയാമോ? അദ്ദേഹത്തിന്റെ പേര് യൂസഫ് പഠാൻ! അതെ, ഒരുകാലത്ത് വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ഇന്ത്യൻ ആരാധകരെ ത്രസിപ്പിച്ച ആ പഴയ ചേട്ടൻ പഠാൻ തന്നെ! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോ‍ഡയുടെ താരമായ യൂസഫ് പഠാൻ ഗോവയ്ക്കും കർണാടകയ്ക്കുമെതിരായ മത്സരങ്ങളിലാണ് വിസ്മയിപ്പിക്കുന്ന ക്യാച്ചുകളുമായി കയ്യടി നേടിയത്. രണ്ടു ക്യാച്ചുകളുടെയും വിഡിയോ യൂസഫിന്റെ സഹോദരൻ കൂടിയായ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഗോവയ്ക്ക‌യ്‌ക്കെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ധർശൻ മിസാലിനെ പുറത്താക്കാനായിരുന്നു യൂസഫ് പഠാന്റെ മിന്നൽ പ്രകടനം. മത്സരത്തിൽ ടോസ് നേടിയ ബറോഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് അവർ നേടിയത്. മറുപടി ബാറ്റിങ്ങിൽ മത്സരം ഇരുപക്ഷത്തേക്കും ചായാമെന്ന അവസ്ഥയിൽ നിൽക്കെ 19–ാം ഓവറിലാണ് ഗോവ ക്യാപ്റ്റനെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി പഠാൻ അവതരിച്ചത്. ഈ ഓവറിലെ അഞ്ചാം പന്തിൽ കവർ ‍ഡ്രൈവിനു ശ്രമിച്ച മിസാലിനെ വലത്തേക്കു ഡൈവ് ചെയ്ത് ഒറ്റക്കൈകൊണ്ട് ക്യാച്ചെടുത്ത് 36കാരനായ പഠാൻ പുറത്താക്കുന്ന കാഴ്ച അവിശ്വസനീയതയോടെയാണ് കാണികൾ കണ്ടത്.

മത്സരം ബറോഡ കൈവിട്ടെങ്കിലും പഠാന്റെ അത്യുഗ്രൻ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ഇതെന്താ, പക്ഷിയോ?’ എന്ന ചോദ്യവുമായി സഹോദരൻ ഇർഫാൻ പഠാനും ഈ ക്യാച്ചിന്റെ വിഡിയോ ട്വീറ്റ് ചെയ്തു. ബോളിവുഡ് ചിത്രം ‘ഷോലെ’യിലെ വിഖ്യാതമായ ഡയലോഗുമായി അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ‌ കുറിച്ച മറുപടി ട്വീറ്റും വൈറലാണ്. ‘ഭായ്, യേ പഠാൻ കേ ഹാത്ത് ഹേ, താക്കൂർ’ എന്നായിരുന്നു റാഷിദിന്റെ ട്വീറ്റ്.

ഈ ക്യാച്ച്  ഒറ്റപ്പെട്ട സംഭവമാണെന്നു ധരിച്ച ആരാധകരെ ഞെട്ടിച്ചാണ് തൊട്ടു പിന്നാലെ നടന്ന കർണാടകയ്ക്കെതിരായ മത്സരത്തിലും യൂസഫ് പഠാൻ സമാനമായ ക്യാച്ചുമായി കളം പിടിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററായി ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പുറത്താക്കാനായിരുന്നു പഠാന്റെ കിടിലൻ ക്യാച്ച്. ദീപക് ഹൂഡയെറിഞ്ഞ ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ക്യാച്ച് പിറന്നത്. ദേവ്ദത്ത് ഉയർത്തിവിട്ട പന്ത് ഇടതുവശത്തേക്ക് സാമാന്യം നീണ്ട ദൂരം ഓടിയെത്തിയാണ് പഠാൻ കയ്യിലൊതുക്കിയത്. ആദ്യദിനത്തിലെ ക്യാച്ചിനെ അതിശയിക്കുന്ന ഈ ക്യാച്ച് പക്ഷേ വിഫലമായില്ല. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി 15 വിജയം നേടി റെക്കോർഡിട്ട കർണാടകയുടെ വിജയക്കുതിപ്പിനു വിരാമമിട്ട് ബറോഡ 14 റൺസിന് വിജയം കണ്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 196 റൺ‌സാണെടുത്തത്. അവസാന ഓവറുകളിൽ കത്തിക്കയറി 16 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത പഠാനാണ് അവരുടെ സ്കോർ 196ൽ എത്തിച്ചത്. കർണാടകയുടെ മറുപടി 182 റൺസിൽ അവസാനിച്ചു. കർണാടകയ്ക്കെതിരായ യൂസഫ് പഠാന്റെ ക്യാച്ചിന്റെ വിഡിയോയും ഇർഫാൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 2012ലാണ് യൂസഫ് പഠാൻ അവസാനമായി ദേശീയ ടീമിൽ കളിച്ചത്.

English Summary: Irfan Pathan's elder brother Yusuf Pathan has been on fire with his fielding skills in the ongoing Syed Mushtaq Ali Trophy 2019-20.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com