ADVERTISEMENT

നേപ്പിയർ (ന്യൂസീലൻഡ്) ∙ ഡേവിഡ് മലനും (103*) ഒയിൻ മോർഗനും (91) തകർത്തടിച്ച 4–ാം ട്വന്റി20യിൽ ആരാധകരെ ആവേശത്തിലാഴ്ത്തി റെക്കോർഡ് മഴയും. ഇംഗ്ലണ്ട് 76 റൺസിന് ജയിച്ച മത്സരത്തിൽ 48 പന്തിൽ സെഞ്ചുറിയടിച്ച മലനും 21 പന്തിൽ 50 തികച്ച മോർഗനും ഇംഗ്ലിഷ് റെക്കോ‍ർഡിട്ടു. 3–ാം വിക്കറ്റി‍ലെ ഇവരുടെ റെക്കോർഡ് കൂട്ടുകെട്ട് 182 റൺസ് വാരിക്കൂട്ടിയപ്പോൾ സന്ദർശകർ 20 ഓവറിൽ 3ന് 241 എന്ന ചരിത്ര സ്കോറിലെത്തി. കിവീസ് 19 പന്ത് ബാക്കിനിൽക്കേ 165നു പുറത്തായി. 5 മത്സര പരമ്പര ഇതോടെ 2–2 സമനിലയിലായി.  5–ാം മത്സരം നാളെ നടക്കും. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 3ന് 241, ന്യൂസീലൻഡ് 16.5 ഓവറിൽ 165.

ട്വന്റി20യിൽ ഡേവിഡ് മലന്റെ ആദ്യ സെഞ്ചുറിയാണ് നേപ്പിയറിൽ പിറന്നത്. ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗന്റെ ഉയർന്ന ട്വന്റി20 സ്കോറും നേപ്പിയറിലേതു തന്നെ. 51 പന്തിൽ ഒൻപതു ഫോറും ആറു സിക്സും സഹിതം 103 റൺസുമായി മലൻ പുറത്താകാതെ നിന്നപ്പോൾ, മോർഗൻ 41 പന്തിൽ ഏഴു വീതം സിക്സും ഫോറും സഹിതം 91 റൺസെടുത്ത് പുറത്തായി.

∙ റെക്കോർഡ് ബുക്കിലെ പ്രകടനങ്ങൾ

∙ രാജ്യാന്തര ട്വന്റി20യിൽ ഏതു വിക്കറ്റിലുമായി ഏറ്റവും ഉയർന്ന നാലാമത്തെ കൂട്ടുകെട്ടാണ് മോർഗൻ – മലൻ സഖ്യത്തിന്റേത്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള കൂട്ടുകെട്ടുകളും ഓപ്പണിങ് വിക്കറ്റിലാണെന്നു മാത്രമല്ല, 200 പിന്നിട്ടവയുമാണ്. അതേസമയം, മൂന്നാം വിക്കറ്റിലെ ഉയർന്ന കൂട്ടുകെട്ട് 2014 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ മോർഗനും ഹെയ്ൽസും ചേർന്നു നേടിയ 152 റൺസായിരുന്നു. ഇതു തകർന്നു. മാത്രമല്ല, ഓപ്പണിങ് വിക്കറ്റ് മാറ്റിനിർത്തിയാൽ ഇതിനു മുൻപ് ട്വന്റി20യിലെ ഉയർന്ന കൂട്ടുകെട്ട് ശ്രീലങ്കയുടെ കുമാർ സംഗക്കാരയും മഹേള ജയവർധനെയും ചേർന്ന് 2010 ലോകകപ്പിൽ വിൻഡീസിനെതിരെ രണ്ടാം വിക്കറ്റിൽ പടുത്തുടർത്തിയ 166 റൺസാണ്. ഈ റെക്കോർഡും മോർഗൻ – മലൻ സഖ്യം തകർത്തു.

∙ ട്വന്റി20യിൽ ഇംഗ്ലണ്ടിന്റെ ഉയർന്ന സ്കോറാണ് നേപ്പിയർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയ 241 റൺസ്. 2016 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 230 റൺസ് പഴങ്കഥയായി. ന്യൂസീലൻഡിനെതിരെ ഏതൊരു ടീമും നേടുന്ന ഉയർന്ന രണ്ടാമത്തെ സ്കോറും ഇതുതന്നെ. കഴിഞ്ഞ വർഷം ഓക്‌ലൻഡിൽ ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 245 റൺസാണ് മുന്നിൽ.

∙ രാജ്യാന്തര ട്വന്റി20യിൽ ഇംഗ്ലണ്ട് താരത്തിന്റെ വേഗമേറിയ അർധസെഞ്ചുറിയാണ് നായകൻ ഒയിൻ മോർഗൻ 21 പന്തിൽനിന്ന് കുറിച്ചത്. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിൽ ഓസീസിനെതിരെ 22 പന്തിൽ അർധസെഞ്ചുറി പിന്നിട്ട ജോസ് ബട്‌ലർ പിന്നിലായി.

∙ ട്വന്റി20യിൽ ഇംഗ്ലണ്ട് നായകന്റെ ഉയർന്ന സ്കോറാണ് മോർഗൻ നേടിയ 91 റണ്‍സ്. കഴിഞ്ഞ വർഷം ഹാമിൽട്ടനിൽ ന്യൂസീലൻഡിനെതിരെ തന്നെ പുറത്താകാതെ നേടിയ 80 റൺസിന്റെ സ്വന്തം റെക്കോർഡാണ് മോർഗൻ പുതുക്കിയത്.

∙ ന്യൂസീലൻഡിനെതിരെ 14.75 ശരാശരിയിലാണ് മോർഗനും മലനും ചേർന്ന് സ്കോർ ചെയ്തത്. രാജ്യാന്തര ട്വന്റി20യിൽ 150  പിന്നിട്ട 16 കൂട്ടുകെട്ടുകളിൽ ഏറ്റവും മികച്ച ശരാശരിയാണിത്. അയർലൻഡിനെതിരെ 13.48 ശരാശരിയിൽ 236 റൺസ് കൂട്ടുകെട്ടു തീർത്ത അഫ്ഗാന്റെ ഹസ്രത്തുല്ല സസായ് – ഉസ്മാൻ ഗാനി സഖ്യത്തിന്റെ റെക്കോർഡ് പഴങ്കഥയായി.

∙ മൂന്നാം വിക്കറ്റിൽ മോർഗൻ – മലൻ സഖ്യം കൂട്ടിച്ചേർത്ത് 182 റൺസ് കൂട്ടുകെട്ട് ഏതു വിക്കറ്റിലും ഇംഗ്ലണ്ടിന്റെ ഉയർന്ന കൂട്ടുകെട്ടാണ്. 2012ൽ വിൻഡീസിനെതിരെ അലക്സ് ഹെയ്ൽസ് – രവി ബൊപ്പാര സഖ്യം കൂട്ടിച്ചേർത്ത 159 റൺസ് കൂട്ടുകെട്ട് പഴങ്കഥയായി.

∙ നേപ്പിയറിൽ അവസാന നാല് ഓവറിൽനിന്ന് ഇംഗ്ലണ്ട് അടിച്ചെടുത്ത 76 റൺസും ലോക റെക്കോർഡാണ്. 2017ൽ അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ നാല് ഓവറിൽ അടിച്ചുകൂട്ടിയ 75 റൺസിന്റെ റെക്കോർഡാണ് തകർന്നത്. 17–ാം ഓവറിൽ 28, 18–ാം ഓവറിൽ 15, 19–ാം ഓവറിൽ 25, 20–ാം ഓവറിൽ എട്ട് എന്നിങ്ങനെയാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയ സ്കോറുകൾ. 

∙ ഒരേ ട്വന്റി20 ഇന്നിങ്സിൽ 90 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരങ്ങളാണ് ഡേവിഡ് മലനും (103*) ഒയിൻ മോർഗനും (91). ഇതിനു മുൻപ് ഇതിനോടു ചേർന്നുള്ള പ്രകടനം കണ്ടത് ഇന്ത്യ, സ്കോട്‌ലൻ‍ഡ് ഓപ്പണർമാരിൽനിന്നാണ്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ (118), കെ.എൽ. രാഹുൽ (89) എന്നിവർ ഈ നേട്ടത്തിന് തൊട്ടടുത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം നെതർലൻഡ്സിനെതിരെ സ്കോട്‌ലൻഡ് ഓപ്പണർമാരും (127* & 89) സമാനമായ പ്രകടനം ആവർത്തിച്ചു.

∙ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ഡേവിഡ് മലൻ. 2014 ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ അലക്സ് ഹെയ്‍ൽസാണ് ഇക്കാര്യത്തിൽ ഒന്നാമൻ.

∙ ട്വന്റി20 ക്രിക്കറ്റിൽ മലന്റെ നാലാം സെഞ്ചുറിയാണ് നേപ്പിയറിൽ പിറന്നത്. ഇംഗ്ലണ്ട് താരങ്ങളുടെ ആകെ സെഞ്ചുറി നേട്ടത്തിൽ രണ്ടാം സ്ഥാനത്താണ് മലൻ. ആറു സെഞ്ചുറി നേടിയ ലൂക്ക് റൈറ്റാണ് മുന്നിൽ. നാലു വീതം സെഞ്ചുറികളുമായി ജെ ഡെൻലി, ജെയ്സൺ റോയി എന്നിവർ മലനൊപ്പമുണ്ട്.

English Summary: Dawid Malan and Eoin Morgan pile on T20I records for England in the Napier T20I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com