ADVERTISEMENT

രാജ്കോട്ട്∙ ‘ഇനി ഇത്തരത്തിൽ പ്രതികരിക്കും മുൻപ് ക്യാമറ എവിടെയാണെന്ന് ആദ്യം തന്നെ നോക്കിയിരിക്കും, ഉറപ്പ്’ – സ്ഥിരം ക്യാപ്റ്റൻ വിരാട് കോലിയുടെ അഭാവത്തിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകളാണിത്. രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20ക്കിടെ തെറ്റായ തീരുമാനമെടുത്ത തേഡ് അംപയറിനെ ചീത്തവിളിച്ച സംഭവത്തിലാണ് രോഹിത് ശർമയുടെ രസകരമായ വിശദീകരണം. ഇനി ക്യാമറ എവിടെയാണെന്നു നോക്കിയിട്ടേ എന്തെങ്കിലും ചെയ്യൂ എന്നാണ് രോഹിത് പറഞ്ഞത്.

രാജ്കോട്ട് ട്വന്റി20യിൽ സൗമ്യ സർക്കാരിനെ ഋഷഭ് പന്ത് സ്റ്റംപു ചെയ്ത് പുറത്താക്കിയതിനു പിന്നാലെയാണ് രോഹിത്തിനെ ചൂടുപിടിപ്പിച്ച സംഭവം അരങ്ങേറിയത്. സമാനമായ രീതിയിൽ ലിട്ടൺ ദാസിനെ ആറാം ഓവറിൽ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നെങ്കിലും വിശദമായ പരിശോധനയിൽ പന്ത് നിയമം തെറ്റിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ഔട്ടാക്കിയ തീരുമാനം തേഡ് അംപയർ റദ്ദാക്കിയിരുന്നു. സ്റ്റംപ് കടക്കും മുൻപേ പന്ത് ബോൾ പിടിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഫീൽഡ് അംപയറിന്റെ ഔട്ട് തീരുമാനം തേഡ് അംപയർ റദ്ദാക്കിയത്. ആ പന്തു നോബോളും വിധിച്ചു.

ഇതിനു പിന്നാലെയാണ് യുസ്‌വേന്ദ്ര ചെഹലിന്റെ തന്നെ പന്തിൽ സൗമ്യ സർക്കാരിനെയും പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കിയത്. ഋഷഭ് പന്ത് ഇക്കുറിയും സ്റ്റംപിനു തൊട്ടു ചുവട്ടിലായിരുന്നതിനാൽ ഫീൽഡ് അംപയർമാർ ഔട്ട് ഉറപ്പുവരുത്താൻ തേഡ് അംപയറുടെ സഹായം തേടി. ടെലവിഷൻ റീപ്ലേകളുടെ ആവർത്തിച്ചുള്ള പരിശോധനയിൽ ഇക്കുറി പന്ത് പിഴവു വരുത്തിയിട്ടില്ലെന്ന് വ്യക്തമായി. എന്നാൽ, ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ച് ഇത്തവണയും സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ തെളിഞ്ഞത് ‘നോട്ടൗട്ട്’!

ഇതോടെയാണ് രോഹിത്തിന് നിയന്ത്രണം നഷ്ടമായത്. സൗമ്യ സർക്കാർ ഔട്ടാണെന്ന് വ്യക്തമായിട്ടും നോട്ടൗട്ട് കൊടുത്ത തേഡ് അംപയറിനോടുള്ള ദേഷ്യം രോഹിത് പ്രകടിപ്പിക്കുകയും ചെയ്തു. ഫീൽഡ് അംപയറിന്റെ സമീപത്തുനിന്ന് രോഹിത് സ്റ്റേഡിയത്തിലെ കൂറ്റൻ ടിവി സ്ക്രീനിലേക്കു നോക്കി ദേഷ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് ‘ഇനി ക്യാമറ എവിടെയാണെന്നു നോക്കി പ്രതികരിച്ചോളാമെന്ന്’ മറുപടി നൽകിയത്. രോഹിത്തിന്റെ പ്രതികരണം ഇങ്ങനെ:

‘കളത്തിൽ പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്ന ആളാണ് ഞാൻ. ആ സംഭവത്തിനു മുൻപും മത്സരത്തിനിടയിലുമെല്ലാം അംപയർമാരുടെ ചില തീരുമാനങ്ങൾ ശരിയായിരുന്നില്ല. അങ്ങനെ വരുമ്പോൾ ചിലപ്പോൾ വൈകാരികമായിട്ടൊക്കെ പ്രതികരിച്ചെന്നു വരും. ഉദ്ദേശിക്കുന്ന കാര്യം നടന്നുകിട്ടണമെന്നേ ഉള്ളൂ. എന്തായാലും അടുത്ത പ്രാവശ്യം ക്യാമറ എവിടെയാണെന്ന് ആദ്യമേ നോക്കിയിട്ട് പ്രതികരിക്കാൻ ശ്രമിക്കാം’ – ചെറുചിരിയോടെ രോഹിത് പറഞ്ഞു.

English Summary: ‘Next time I’ll check where the camera is’ – Rohit Sharma on abusing third umpire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com