sections
MORE

20 പന്ത്, 7 റൺസ്, 6 വിക്കറ്റ്, റെക്കോർഡും; ‘ചാഹർചുഴലി’യിൽ ബംഗ്ലദേശ് ഫ്ലാറ്റ്!

deepak-chahar-wicket-celebration
ഹാട്രിക് സഹിതം ആറു വിക്കറ്റ് വീഴ്ത്തി റെക്കോർഡിട്ട ദീപക് ചാഹറിന് സഹതാരങ്ങളുടെ അഭിനന്ദനം.
SHARE

നാഗ്പുർ∙ ബോൾ ചെയ്തത് 20 പന്തുകൾ, വിട്ടുകൊടുത്തത് ആറു റൺസ് മാത്രം. അതിൽ ഒരു ബൗണ്ടറി പോലുമില്ല. വീഴ്ത്തിയത് ആറു വിക്കറ്റുകളും! – രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡ് ഇനി ഒരു ഇന്ത്യക്കാരന്റെ പേരിൽ. ഉത്തർപ്രദേശിൽ ജനിച്ച് ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനായി കളിക്കുന്ന ദീപക് ചാഹറാണ് ആ ബോളർ. മുഹമ്മദ് നയീമെന്ന ഇളമുറക്കാരന്റെ കരുത്തിൽ ആവേശജയത്തിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലദേശിനെ തരിപ്പണമാക്കിയത് ഈ ബോളറാണ്. 175 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 144 റൺസിന് പുറത്താകുമ്പോൾ ‘ശത്രുസംഹാരത്തിന്’ മുഖ്യ കാർമികത്വം വഹിച്ചത് ഇരുപത്തേഴുകാരനായ ചാഹർ തന്നെ. മൂന്നു വിക്കറ്റുമായി ശിവം ദുബെയും ഒരു വിക്കറ്റുമായി യുസ്‌വേന്ദ്ര ചെഹലും സഹകാർമികരായി. കളിയിലെ കേമനും പരമ്പരയുടെ താരവും ചാഹർ തന്നെ.

3.2–0–7–6 എന്ന അവിശ്വസനീയമായ ബോളിങ് പ്രകടനത്തോടെ ചാഹർ ട്വന്റി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, അകമ്പടിയായത് രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക് എന്ന അതുല്യ നേട്ടം. നാഗ്‌പുരിലെ ‘ചാഹർചുഴലി’യിൽ മുങ്ങിയത് ബംഗ്ലദേശ് മാത്രമല്ല, ഏഴു വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയുടെ ‘നിഗൂഢ സ്പിന്നർ’ അജാന്ത മെൻഡിസിന്റെ റെക്കോർഡ് കൂടിയാണ്. 2012ൽ സിംബാബ്‌വെയ്ക്കെതിരെ നാല് ഓവറിൽ എട്ടു റൺസ് വിട്ടുകൊടുത്ത് മെൻഡിസ് ആറു വിക്കറ്റ് വീഴ്ത്തുമ്പോൾ അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ലോകം അതുകണ്ടുനിന്നത്. അതിനു മുൻപും ട്വന്റി20യിലെ മികച്ച ബോളിങ് പ്രകടനം മെൻഡിസിന്റെ തന്നെ പേരിലായിരുന്നു. സിംബാബ്‌വെയെ തരിപ്പണമാക്കുന്നതിനും ഒരു വർഷം മുൻപ് കരുത്തരായ ഓസീസിനെതിരെ നാല് ഓവറിൽ 16 റൺസ് വിട്ടുകൊടുത്താണ് മെൻഡിസ് ആറു വിക്കറ്റ് പിഴുതത്. എല്ലാ പ്രകടനങ്ങളും ചാഹറിന്റെ അതുല്യ പ്രകടനത്തിൽ മുങ്ങിപ്പോയി.

2017 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ ബെംഗളൂരുവിൽ നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് പിഴുത യുസ്‌വേന്ദ്ര ചെഹലിന്റെ ഇന്ത്യൻ റ െക്കോർഡും ചാഹറിനു മുന്നിൽ വഴിമാറി. നിലവിൽ രാജ്യാന്തര ട്വന്റി20യിൽ ആറു വിക്കറ്റ് വീഴ്ത്തിയ മൂന്നു ബോളർമാർ ഇവർ മാത്രം! മാത്രമല്ല, രാജ്യാന്തര ട്വന്റി20യിൽ ഹാട്രിക് നേടുന്ന 11–ാമത്തെ ബോളർ കൂടിയാണ് ചാഹർ. ശ്രീലങ്കയുടെ ലസിത് മലിംഗ രണ്ടു വട്ടം ട്വന്റി20യില ഹാട്രിക് നേടി. അതേസമയം, ഇന്ത്യയ്‌ക്കെതിരെയും ഒരു തവണ ട്വന്റി20 ഹാട്രിക് പിറന്നു. 2015–16 സീസണിൽ ശ്രീലങ്കൻ താരം തിസാര പെരേര റാഞ്ചിയിലാണ് ഈ നേട്ടം കൈവരിച്ചത്.

കരിയറിൽ തുടർച്ചയായി അലട്ടുന്ന പരുക്കുകളോടു കൂടി പടവെട്ടിയാണ് ചാഹറിന്റെ റെക്കോർഡ് പ്രകടനം. ബോളിങ് ‘പോരാ’ എന്നു പറഞ്ഞ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ 2008 പ്രവേശനം നിഷേധിക്കപ്പെട്ട താരമാണ് ചാഹർ. മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ ഗ്രെഗ് ചാപ്പലായിരുന്നു അന്ന് അക്കാദമി ഡയറക്ടർ. പിന്നീട് രഞ്ജി ട്രോഫിയിൽ റെക്കോർഡ് പ്രകടനം കാഴ്ചവച്ചാണ് ചാഹർ തിരിച്ചടിച്ചത്. ബാക്കി ചരിത്രം!

∙ ചാഹർ കൊടുങ്കാറ്റ്

ബംഗ്ലദേശിനെതിരായ മത്സരത്തിൽ ചാഹറിന്റെ റെക്കോർഡ് പ്രകടനത്തെ ഇങ്ങനെ ചുരുക്കി വായിക്കാം. ഇന്നിങ്സിലെ 3–ാം ഓവറിലാണു ചാഹർ പന്തെറിഞ്ഞു തുടങ്ങിയത്. 4–ാം പന്ത് മുതൽ ചാഹർ വിക്കറ്റെടുത്തു തുടങ്ങി. 3–ാം ഓവറിനുശേഷം പന്ത് കയ്യിൽ കിട്ടിയത് 13–ാം ഓവറിൽ. ഇതാ ചാഹറിന്റെ വിക്കറ്റ് പന്തുകൾ.

0.4 ചാഹറിന്റെ ഷോർട് ബോൾ ലിറ്റൻ ദാസ് (9) ലെഗ് സൈഡിൽ ഉയർത്തിവിട്ടത് വാഷിങ്ടൻ സുന്ദർ കയ്യിലൊതുക്കി.

0.5 ഓഫ് സ്റ്റംപിനു വെളിയിൽവന്ന ചാഹറിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള സൗമ്യ സർക്കാരിന്റെ (പൂജ്യം) ശ്രമം പാളി. മിഡോഫിൽ ദുബെ ക്യാച്ചെടുത്തു.

1.6 ചാഹറിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് മിഥുൻ (27) ലോങ് ഓഫിൽ രാഹുലിന്റെ കയ്യിലൊതുങ്ങി.

2.6 ചാഹറിന്റെ സ്‍ലോ ബൗൺസർ ഷഫിയുൽ ഇസ്‍ലാം (4) ഉയർത്തിവിട്ടത് ലോങ് ഓണിൽ രാഹുലിന്റെ കയ്യിലെത്തി.

3.1 ചാഹറിന്റെ പന്ത് പറത്താനുള്ള മുസ്തഫിസുർ റഹ്മാന്റെ (1) ശ്രമം ഡീപ് പോയിന്റിൽ ശ്രേയസ് അയ്യരുടെ കയ്യിൽ അവസാനിച്ചു.

3.2 ചാഹറിനെ നേരിട്ട ആദ്യ പന്തിൽത്തന്നെ അമിനുൽ ഇസ്‍‌ലാം (0) ക്ലീൻ ബോൾഡ്

∙ വിക്കറ്റ് കൊയ്ത്ത് ഇതാദ്യമല്ല!

കൂട്ടത്തോടെ വിക്കറ്റു കൊയ്യുന്നത് ദീപക് ചാഹർ ഇതാദ്യമല്ല! ജയ്പുരിൽ 2010–11 സീസൺ രഞ്ജി ട്രോഫി. യുപിക്കു വേണ്ടി ആദ്യമത്സരം കളിക്കാനിറങ്ങിയ ചാഹർ 10 റൺസ് മാത്രം വഴങ്ങി നേടിയത് 8 വിക്കറ്റ്. അതോടെ ആ ഇന്നിങ്സിൽ ഹൈദരാബാദ് 21 റൺസിനു പുറത്തായി. രഞ്ജി ചരിത്രത്തിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ ടോട്ടൽ എന്ന ആ റെക്കോർഡിന് ഇപ്പോഴുമില്ല മാറ്റം!

ദീപക് ലോകേന്ദ്ര സിങ് ചാഹർ എന്ന ഇരുപത്തിയേഴുകാരൻ വരുന്നത് ആഗ്രയിൽനിന്നാണ്. രഞ്ജിയിലെ തകർപ്പൻ പ്രകടനത്തിൽ കണ്ണുടക്കിയ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് അന്നുതന്നെ ചാഹറിനെ പൊക്കി. 2011 ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ചാഹർ ഇടയ്ക്ക് ഒരു വർഷം പുണെയിലെത്തി, കഴി‍ഞ്ഞ വർഷം വീണ്ടും തിരികെ ചെന്നൈയിൽ.

2018 ജൂലൈ എട്ടിന് ഇംഗ്ലണ്ടിനെതിരായ ട്വന്റി20യിൽ ആയിരുന്നു അരങ്ങേറ്റം. 2016ൽ രാജസ്ഥാൻ ക്രിക്കറ്റ് ഡവലപ്മെന്റ് ക്യാംപിൽ ലഭിച്ച പരിശീലനമാണ് ചാഹറിനെ ഇന്ത്യൻ ക്രിക്കറ്റിലെ പവർപ്ലേ സ്പെഷലിസ്റ്റുമാരിൽ ഒരാളാക്കി മാറ്റിയത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ രാഹുൽ ചാഹർ ദീപക്കിന്റെ കസിനാണ്.

English Summary: Deepak Chahar registers best ever bowling figures in Men’s T20Is

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA