ADVERTISEMENT

വെല്ലിങ്ടൻ ∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ സൂപ്പർ ഓവറിലൂടെ സ്വന്തമാക്കിയ ജയം ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ട് ഒരിക്കൽക്കൂടി ആവർത്തിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ക്രിസ് ജോർദനാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3–1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. മഴമൂലം 11 ഓവറാക്കി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ്, മാർട്ടിൻ ഗപ്ടിലിന്റെയും (20 പന്തിൽ 50) കോളിൻ മൺറോയുടെയും (21 പന്തിൽ 46) വെടിക്കെട്ടിലൂടെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.

മറുപടിയിൽ ജോണി ബെയർസ്റ്റോ (18 പന്തിൽ 47) ഇംഗ്ലണ്ടിനെ നയിച്ചു. അവസാന ഓവറിൽ അവർക്കു വേണ്ടിയിരുന്നത് 16 റൺസ്. ജിമ്മി നീഷമിന്റെ ആദ്യ 3 പന്തിൽ 3 റൺസ് മാത്രം. ടോം കറൻ പുറത്താവുകയും ചെയ്തു. പിന്നീടെത്തിയ ജോർദൻ, നേരിട്ട ആദ്യ പന്ത് സിക്സിനു പറത്തി. 2–ാം പന്തിൽ 2 റൺസ്. ഇന്നിങ്സിലെ അവസാന പന്തിൽ ഫോറടിച്ച് ജോർദൻ കളി സമനിലയിലാക്കി.

ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്തത് ന്യൂസീലൻഡ് ആയതിനാൽ നിയമമനുസരിച്ച് സൂപ്പർ ഓവറിൽ ആദ്യം ബാറ്റിങ്ങിനെത്തിയത് ഇംഗ്ലണ്ട്. അവർക്കായി ബാറ്റെടുത്ത ക്യാപ്റ്റൻ ഒയിൻ മോർഗനും ജോണി ബെയർസ്റ്റോയും ടിം സൗത്തിയെ ഓരോ തവണ സിക്സറിനു പറത്തിയതോടെ സ്കോർ ബോർഡിൽ എത്തിയത് 17 റൺസ്.

തുടർന്ന് ഇംഗ്ലണ്ട് നായകൻ ഈ സ്കോർ പ്രതിരോധിക്കാൻ പന്തുകൊടുത്തത് ജോർദന്റെ കയ്യിൽ. വെറും എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത് ജോർദൻ ഒരു വിക്കറ്റെടുത്തപ്പോൾ വിജയം ഇംഗ്ലണ്ടിനൊപ്പം. ലോകകപ്പ് ഫൈനലിൽ സൂപ്പർ ഓവറിലും സമനില വന്നതോടെ ഇംഗ്ലണ്ടാണു കിരീടമുയർത്തിയത്. അന്നുപക്ഷേ, സൂപ്പർ ഓവറിലും ടൈ വന്നതോടെ ബൗണ്ടറികളുടെ എണ്ണമെടുത്താണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ഇതു വൻ വിവാദമുയർത്തുകയും ചെയ്തു.

English Summary: New Zealand vs England, 5th T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com