sections
MORE

ടാറ്റൂ, ഡയമണ്ട് കടുക്കൻ...; ടീമിലെത്താൻ സഞ്ജുവിനെ ‘സഹായിച്ച്’ ആരാധകർ

sanju-samson-troll
സഞ്ജു സാംസണും മനീഷ് പാണ്ഡെയും പരിശീലനത്തിനിടെ. സഞ്ജുവിനെ പിന്തുണച്ച് ആരാധകർ തയാറാക്കിയ ട്രോളാണ് രണ്ടാം ചിത്രത്തിൽ.
SHARE

മുംബൈ∙ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം ദേശീയ ടീമിൽ ഇടംകിട്ടിയ മലയാളി താരം സഞ്ജു സാംസണിന് ഒരു മത്സരത്തിൽ പോലും അവസരം നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ആരാധകരുടെ പ്രതിഷേധം. ഋഷഭ് പന്ത് ഉൾപ്പെടെയുള്ള താരങ്ങൾ തുടർച്ചയായി നിറംമങ്ങിയിട്ടും സഞ്ജുവിനെ പരിഗണിക്കാത്തതാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. നാഗ്പുരിൽ നടന്ന മൂന്നാം ട്വന്റി20യിൽ 30 റൺസിനു ജയിച്ച ഇന്ത്യ പരമ്പര 2–1ന് സ്വന്തമാക്കിയിരുന്നു.

പലതവണയായി മൂന്നു വട്ടം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ രാജ്യാന്തര തലത്തിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലായിരുന്നു ഇത്. 2015ൽ നടന്ന ഈ മത്സരത്തിൽ സഞ്ജു 19 റൺസാണ് നേടിയത്. 2014ൽ 19–ാം വയസ്സിലാണ് സഞ്ജുവിന് ആദ്യമായി ദേശീയ ടീമിൽ ഇടം ലഭിക്കുന്നത്. അന്ന് ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ഏകദിന, ട്വന്റി20 ടീമുകളിലാണ് സഞ്ജുവിനെയും ഉൾപ്പെടുത്തിയത്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും ഉൾപ്പെട്ട പരമ്പരയിൽ സഞ്ജുവിന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. രണ്ടാം വട്ടം ടീമിലെത്തിയപ്പോൾ ഒരു കളിയിൽ അവസരം ലഭിച്ചു. കാത്തുകാത്തിരുന്ന് മൂന്നാം തവണ ടീമിൽ ഇടംപിടിച്ചപ്പോൾ കളത്തിലിറങ്ങാൻ അവസരം കിട്ടിയുമില്ല.

ഇതോടെയാണ് ബിസിസിഐയെയും ടീം മാനേജ്മെന്റിനെയും വിമർശിച്ച് ആരാധകർ രംഗത്തെത്തിയത്. പരമ്പര ഇന്ത്യ 2–1ന് ജയിച്ചെങ്കിലും സഞ്ജുവിന് ഒരു കളിയിലെങ്കിലും അവസരം നൽകേണ്ടതായിരുന്നുവെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായി നിറംമങ്ങുന്ന ഋഷഭ് പന്തിന് ആവർത്തിച്ച് അവസരം നൽകുന്നതിനെയും ഇവർ ചോദ്യം ചെയ്യുന്നു. ഏറ്റവും ഒടുവിൽ കളിച്ച നാല് ട്വന്റി20 ഇന്നിങ്സുകളിൽ പന്തിന്റെ പ്രകടനവും ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നു. 4, 19, 27, 6 എന്നിങ്ങനെയാണ് പന്തിന്റെ പ്രകടനം.

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക‌െതിരെ 212 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു, ലിസ്റ്റ് എ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറിന്റെ ഏറ്റവും ഉയർന്ന സ്കോറുമായി ലോക റെക്കോർഡ് കുറിച്ചിരുന്നു. ഇതിനൊപ്പം ഇന്ത്യ എയ്ക്കായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനവും ചേർന്നതോടെയാണ് സഞ്ജവിന് ഇന്ത്യൻ ടീമിലേക്കു വഴിതുറന്നത്. ദീർഘകാലം ടീമിലെടുക്കാതെ സിലക്ടർമാർ കാട്ടിയ അമാന്തം, ഇക്കുറി ടീം മാനേജ്മെന്റും തുടർന്നതോടെ സഞ്ജു ഇക്കുറിയും ബെഞ്ചിൽത്തന്നെ.

∙ ‘സഹായ ട്രോളു’കളുമായി ആരാധകർ

ഇതിനു പിന്നാലെയാണ് ആരാധകർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ചെയ്യേണ്ട കാര്യങ്ങളെന്ന പേരിൽ ബിസിസിഐയെ ട്രോളിയും ഒട്ടേറെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിലെത്താൻ സഞ്ജു സാംസണെന്ന പേര് ‘സഞ്ജു സാംസിങ്’ എന്നു മാറ്റണമെന്നാണ് ഒരു ആരാധകന്റെ നിർദ്ദേശം. ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ സഞ്ജു റൺസ് നേടിയാൽ മാത്രം പോരെന്നാണ് മറ്റൊരു ആരാധകന്റെ ‘കണ്ടെത്തൽ’. അതിന് കാര്യങ്ങൾ ചെയ്യണം. അതിങ്ങനെ:

1. ശരീരം നിറയെ ടാറ്റൂ

2. ഡയമണ്ടിന്റെ കടുക്കൻ

3. കാമുകിയായി സിനിമാ താരം

4. വർണശബളമായ മുടി

5. അംബാനി സംഘടിപ്പിക്കുന്ന പാർട്ടികളിലെ സജീവാംഗത്വം‌‌

സഞ്ജുവിനെ ഉള്‍പ്പെടുത്താത്തിനു കാരണം തിരക്കി ട്വിറ്ററിൽ ബിസിസിഐയെ ടാഗ് ചെയ്ത് ചോദ്യങ്ങളുന്നയിച്ചവരുമുണ്ട്. സഞ്ജുവിന് എക്കാലവും പിന്തുണ നൽകാറുള്ള മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ ടാഗ് ചെയ്തും ഒട്ടേറെപ്പേർ ചോദ്യവുമായെത്തി.

English Summary: Indian Cricket Fans Support Sanju Samson And Slam BCCI Not to Give Him Chance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA