ADVERTISEMENT

ലക്നൗ∙ അഫ്ഗാനിസ്ഥാൻ – വെസ്റ്റിൻഡീസ് മൂന്നാം ഏകദിന മത്സരത്തിനിടെ ആരാധകർക്ക് രസകരമായ നിമിഷങ്ങൾ സമ്മാനിച്ച് വിൻഡീസ് ക്യാപ്റ്റൻ കീറൺ പൊള്ളാർഡ്. അഫ്ഗാൻ ഇന്നിങ്സിനിടെ അംപയറിന്റെ ‘സഹായത്തോടെ’ പൊള്ളാർഡ് നോബോളിൽനിന്ന് രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴാണ് സംഭവം. മത്സരം ജയിച്ച വിൻഡീസ് പരമ്പര 3–0ന് തൂത്തുവാരിയിരുന്നു.

ഇന്നിങ്സ് 24 ഓവർ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 94 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാൻ. അസ്ഗർ അഫ്ഗാൻ 17 പന്തിൽ ഒൻപതു റൺസുമായി ക്രീസിൽ. നജീബുല്ല സദ്രാൻ 13 പന്തിൽ 16 റൺസുമായി നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ. 25–ാം ഓവർ ബോൾ ചെയ്യാനെത്തിയത് ക്യാപ്റ്റൻ കൂടിയായ പൊള്ളാർഡായിരുന്നു. മത്സരത്തിൽ പൊള്ളാർഡിന്റെ ആദ്യ ഓവർ കൂടിയായിരുന്നു ഇത്. ആദ്യ ബോൾ ചെയ്യാനായി ഓടിയെത്തിയ പൊള്ളാർഡ് പന്തെറിഞ്ഞില്ല. പകരം അത് ഡെഡ് ബോളായി. എന്നാൽ, കമന്റേറ്റർമാരാണ് പൊള്ളാർഡ് പന്തെറിയാത്തതിന്റെ കാരണം ചിരിയൊടെ വിവരിച്ചത്.

റണ്ണപ്പിനുശേഷം പൊള്ളാർഡ് ആക്ഷനെടുത്ത് ബോൾ ചെയ്യാനൊരുങ്ങവേ അംപയർ നോബോളിന്റെ സൂചന നൽകി. പൊള്ളാർഡിന്റെ കാൽപ്പാദം വര കടന്ന സാഹചര്യത്തിലാണ് അംപയർ ‘നോ’ എന്ന് ഉറക്കെ വിളിച്ചത്. സാധാരണ ഗതിയിൽ ആക്ഷനിലുള്ള ബോളർമാർ പന്തു റിലീസ് ചെയ്യുന്നതാണ് പതിവെങ്കിലും പൊള്ളാർഡ് പന്തു കൈവിട്ടില്ല. ഇതോടെ നോബോളാകേണ്ടിയിരുന്ന പന്ത് അംപയറിന് ‘ഡെഡ് ബോൾ’ വിളിക്കേണ്ടിവന്നു. അംപയർ ചെറുചിരിയോടെയാണ് ഡെഡ് ബോൾ വിളിച്ചതും. മുൻപ് പാക്കിസ്ഥാൻ പേസ് ബോളർ ശുഐബ് അക്തറും സമാനമായ രീതിയിൽ നോബോളിൽനിന്ന് രക്ഷപ്പെട്ടിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണെടുത്തത്. 85 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 86 റൺസെടുത്ത അസ്ഗർ അഫ്ഗാനായിരുന്നു അവരുടെ ടോപ് സ്കോറർ. ഓപ്പണർ ഹസ്രത്തുല്ല സസായ് (59 പന്തിൽ 40), മുഹമ്മദ് നബി (66 പന്തിൽ 50) എന്നിവരുടെ അർധസെഞ്ചുറികളും അഫ്ഗാന് തുണയായി. വിൻഡീസിനായി കീമോ പോള് 10 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. പൊള്ളാർഡ് അഞ്ച് ഓവറിൽ 20 റൺസ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും കിട്ടിയുമില്ല.

മറുപടി ബാറ്റിങ്ങിൽ പുറത്താകാതെ സെഞ്ചുറി കുറിച്ച ഓപ്പണർ ഷായ് ഹോപ്പ് വിൻഡീസിന് അനായാസ ജയം സമ്മാനിച്ചു. 145 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 109 റൺസെടുത്ത ഹോപ്പിന്റെ മികവിൽ വിൻഡീസ് എട്ടു പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. ഹോപ്പാണ് കളിയിലെ കേമനും.

English Summary: Kieron Pollard Forces Umpire To Change No-Ball Decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com