ADVERTISEMENT

ബെംഗളൂരു∙ ഐപിഎൽ 13–ാം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണത് ഇന്നലെയാണ്. താരക്കൈമാറ്റത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്ന് നടത്തിയത് രാജസ്ഥാൻ റോയൽസാണ്. വർഷങ്ങളോളം അവരുടെ ബാറ്റിങ് നിരയിലെ നെടുന്തൂണും വിശ്വസ്തനുമായ അജിൻക്യ രഹാനെയെ ടീം പുറത്തുവിട്ടത് അവിശ്വസനീയതയോടെയാണ് ആരാധകർ കേട്ടത്. ഡൽഹി ക്യാപിറ്റൽസാണ് രഹാനെയെ സ്വന്തമാക്കിയത്.

രഹാനെയെ രാജസ്ഥാൻ ഡൽഹിക്ക് കൈമാറിയ വിവരം പുറത്തുവന്നതിനു പിന്നാലെ രസകരമായ ചില നിമിഷങ്ങൾക്ക് സമൂഹമാധ്യമങ്ങൾ സാക്ഷ്യം വഹിച്ചു. രഹാനെയെ വിറ്റ് ആരാധകരെ ഞെട്ടിച്ച രാജസ്ഥാൻ റോയൽസിനോട് ട്വിറ്ററിലൂടെ ഒരു ആരാധകൻ ചോദിച്ച സംശയത്തിൽനിന്നാണ് എല്ലാറ്റിന്റെയും തുടക്കം. രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്ത് ആരാധകന്റെ ചോദ്യമിങ്ങനെ:

‘സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വിൽക്കാൻ താൽപര്യമുണ്ടോ?’ – ബാറ്റിങ് നിരയിലെ വിശ്വസ്തനായിരുന്ന രഹാനെയെ രാജസ്ഥാൻ നിർദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് ടീമിലെ മറ്റൊരു പ്രമുഖ താരമായ സഞ്ജുവിനെ വിൽക്കുന്നുണ്ടോ എന്ന ചോദ്യവുമായി ആരാധകൻ രംഗത്തെത്തിയത്. ഇതിന് രാജസ്ഥാന്റെ മറുപടി ഇങ്ങനെ:

‘ഉം, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്സ്) വിൽക്കാൻ സമ്മതമാണോ?’ – മറുപടി ട്വീറ്റിൽ റോയൽ ചാലഞ്ചേഴ്സിനെ ടാഗ് ചെയ്യാനും രാജസ്ഥാൻ മറന്നില്ല.

തൊട്ടുപിന്നാലെ മറുപടിയുമായി റോയൽ ചാലഞ്ചേഴ്സ് രംഗത്തെത്തി. ‘മിസ്റ്റർ നാഗിനെ നിങ്ങൾക്കു തരാം’ എന്നു കുറിച്ച അവർ ഇതുകൂടി അതിനൊപ്പം ചേർത്തു: പതുക്കെ അദ്ദേഹം ഇവിടേക്കു തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾക്കറിയാം...’ !

English Summary: RCB gives a hilarious response to RR for asking to give them Kohli and AB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com