ADVERTISEMENT

ലക്നൗ∙ റാഷിദ് ഖാനും മുജീബുർ റഹ്മാനും അരങ്ങു തകർക്കുന്ന അഫ്ഗാനിസ്ഥാന്റെ ബോളിങ് യൂണിറ്റിൽനിന്ന് ഇതാ പുതിയൊരു താരോദയം. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത കരിം ജനറ്റെന്ന ഇരുപത്തൊന്നുകാരന്റെ ബോളിങ് പ്രകടനത്തിന്റെ ബലത്തിൽ ട്വന്റി20യിൽ നിലവിലെ ലോക ചാംപ്യൻമാരായ വെസ്റ്റിൻഡീസിനെതിരെ അഫ്ഗാന് തകർപ്പൻ ജയം. 41 റൺസിനാണ് അഫ്ഗാൻ വിൻഡീസിനെ ഞെട്ടിച്ചത്. ബാറ്റിങ്ങിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ജനറ്റ്, 18 പന്തിൽ അഞ്ചു ഫോർസഹിതം 26 റൺസെടുത്ത് അഫ്ഗാന്റെ ടോപ് സ്കോററായി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അവർ വിൻഡീസിനൊപ്പമെത്തി. മുതിർന്ന താരം അസ്ഗർ അഫ്ഗാന്റെ സഹോദരൻ കൂടിയായ കരിം ജനറ്റാണ് കളിയിലെ കേമൻ.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 147 റൺസ് മാത്രം. കരിം ജനറ്റിനൊപ്പം 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 26 റൺസെടുത്ത ഓപ്പണർ ഹസ്രത്തുല്ല സസായിയും ടോപ് സ്കോറർ സ്ഥാനം പങ്കിട്ടു. റഹ്മത്തുല്ല ഗുർബാസ് (12 പന്തിൽ 15), അസ്ഗർ അഫ്ഗാൻ (14 പന്തിൽ എട്ട്), ഇബ്രാഹിം സദ്രാൻ (12 പന്തിൽ 11), നജീബുല്ല സദ്രാൻ (24 പന്തിൽ പുറത്താകാതെ 20), മുഹമ്മദ് നബി (ആറു പന്തിൽ മൂന്ന്), ഗുൽബാദിൻ നായിബ് (24 പന്തിൽ 18), റാഷിദ് ഖാൻ (രണ്ടു പന്തിൽ പുറത്താകാതെ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

വിൻഡീസിനായി കെസ്‌റിക് വില്യംസ് നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ജെയ്സൻ ഹോൾഡർ, കീമോ പോൾ എന്നിവർ രണ്ടു വിക്കറ്റ് വീതം പിഴുത് ഉറച്ച പിന്തുണ നൽകി.

148 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ വിൻഡീസ് അനായാസം ലക്ഷ്യം കാണുമെന്ന് കരുതിയെങ്കിലും അഫ്ഗാന്റെ പദ്ധതി മറ്റൊന്നായിരുന്നു. വിൻഡീസിനെ വരിഞ്ഞുമുറുക്കി അഫ്ഗാൻ താരങ്ങൾ പന്തെറിഞ്ഞതോടെ കളി മാറി. 27 പന്തിൽ രണ്ടു ഫോർ സഹിതം 24 റൺസെടുത്ത ദിനേശ് രാംദിനാണ് അവരുടെ ടോപ് സ്കോറർ. ബ്രണ്ടൻ കിങ് (14 പന്തിൽ 12), എവിൻ ലൂയിസ് (22 പന്തിൽ 14), ഷിംറോൺ ഹെറ്റ്മയർ (13 പന്തിൽ 11), ജെയ്സൻ ഹോൾഡർ (ഒൻപതു പന്തിൽ 13), കീമോ പോൾ (ഒൻപതു പന്തിൽ 11) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്ത അവർ 41 റൺസിന്റെ തോൽവിയേറ്റു വാങ്ങി.

നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത കരിം ജനറ്റിനൊപ്പം മുജീബുർ റഹ്മാൻ – റാഷിദ് ഖാൻ സഖ്യത്തിന്റെ സ്പിന്നും അഫ്ഗാൻ വിജയത്തിൽ നിർണായകമായി. റാഷിദ് നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മുജീബിന് വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും മൂന്ന് ഓവറിൽ വഴങ്ങിയത് 10 റൺസ് മാത്രം.

English Summary: Afghanistan vs West Indies, 2nd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com