ADVERTISEMENT

കൊൽക്കത്ത∙ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കരാർ അവസാനിപ്പിച്ചതിനു പിന്നാലെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിൻ. അബുദാബി ടി10 ലീഗിൽ 30 പന്തിൽനിന്ന് 91 റൺസാണ് ലിൻ അടിച്ചുകൂട്ടിയത്. മറാത്താ അറേബ്യൻസ് ടീമിന് വേണ്ടിയായിരുന്നു ക്രിസ് ലിന്നിന്റെ പ്രകടനം. ടി10 ക്രിക്കറ്റ് ചരിത്രത്തിലെ‍ ഒരു താരത്തിന്റെ ഏറ്റവും വലിയ സ്കോറാണിത്.

ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് നേടിയ 32 പന്തിൽ 87 റൺസെന്ന റെക്കോർഡാണ് ലിൻ പഴങ്കഥയാക്കിയത്. ഒമ്പത് ഫോറുകളും ഏഴ് സിക്സുകളുമാണ് ലിൻ ഈ മത്സരത്തിൽ നേടിയത്. ലിന്നിന്റെ ബാറ്റിങ് മികവിൽ മറാത്താ അറേബ്യൻസ് നേടിയത് 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്. മറുപടി ബാറ്റിങ്ങിൽ ടീം അബുദാബിക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറാത്തയ്ക്ക് 24 റൺസ് വിജയം. ലിൻ തന്നെയാണ് മത്സരത്തിലെ താരവും.

11 താരങ്ങളുമായുള്ള കരാറാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. ക്രിസ് ലിന്നിനു പുറമേ ജോ ‍ഡെൻലി, മാത്യു കെല്ലി, ആന്‍റിച്ച് നോർജെ, കാർലോസ് ബ്രാത്‍വയ്റ്റ് തുടങ്ങിയ വിദേശ താരങ്ങളുമായുള്ള കരാറുകളും കൊൽക്കത്ത അവസാനിപ്പിച്ചു. നാലു വിദേശ താരങ്ങളെ ഉൾപ്പെടെ 11 താരങ്ങളെ‍ കൊൽക്കത്തയ്ക്ക് വരുന്ന സീസണ് മുന്നോടിയായി ടീമിലെത്തിക്കാം. ബാക്കിയുള്ള തുക 35.65 കോടി രൂപ.

ക്രിസ് ലിന്നുമായുള്ള കരാർ ഒഴിവാക്കിയ കെകെആറിന്റെ നടപടി ശരിയായില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് പ്രതികരിച്ചു. തകർപ്പൻ പ്രകടനത്തിലൂടെ കൊൽക്കത്ത ടീം ഉടമ ഷാറൂഖ് ഖാന് ലിന്‍ ഒരു സന്ദേശമാണു നൽകിയിരിക്കുന്നത്. അവിശ്വസനീയമായ പ്രകടനമാണ് ക്രിസ് ലിൻ പുറത്തെടുത്തത്. കെകെആറിന് മികച്ച സംഭാവനകൾ നൽ‌കിയ താരമാണ്. അദ്ദേഹത്തെ എന്തിനാണ് ഒഴിവാക്കിയതെന്നു മനസ്സിലാകുന്നില്ലെന്നും യുവരാജ് പ്രതികരിച്ചു.

കൊൽക്കത്ത നിലനിര്‍ത്തിയ താരങ്ങൾ– ദിനേഷ് കാർത്തിക്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, ലോക്കി ഫെർഗൂസൻ, നിതീഷ് റാണ, സന്ദീപ് വാരിയർ, ഹാരി ഗുർണി, കമലേഷ് നാഗർകോട്ടി, ശിവം മാവി, സിദ്ധേഷ് ലാഡ് (താര കൈമാറ്റത്തിലൂടെ വാങ്ങി). ഒഴിവാക്കിയവർ: റോബിൻ ഉത്തപ്പ, ക്രിസ്‍ ലിൻ, പിയൂഷ് ചാവ്‌ല, ജോ ഡെൻലി, യാറ പൃഥ്വിരാജ്, നിഖിൽ നായിക്, കെ.സി. കരിയപ്പ, മാത്യു കെല്ലി, ആൻറിച് നോർജെ, ശ്രീകാന്ത് മുണ്ഡെ, കാർലോസ് ബ്രാത്‌വയ്റ്റ്.

English Summary: Chris Lynn's record innings helped Maratha Arabians to win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com