ADVERTISEMENT

ലക്നൗ∙ വെസ്റ്റിൻഡീസ് താരം റഖീം കോൺവാളിനെ ‘ഡാ തടിയാ’ എന്നു വിളിച്ചു കളിയാക്കാൻ വരട്ടെ! ഏറ്റവും ഭാരമേറിയ രാജ്യാന്തര ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ ഈ കോൺവാൾ ആളു വേറെ ലെവലാണ്. സംശയമുണ്ടെങ്കിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളോടൊന്നു ചോദിക്കണം. ലക്നൗവിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അഫ്ഗാനിസ്ഥാൻ 187 റണ്‍സിന് ഓൾഔട്ടായത് കോൺവാളിന്റെ പന്തുകളുടെ ‘ഭാരം’ സഹിക്കാനാകാതെയാണ്! മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 68.3 ഓവറിലാണ് 187 റൺസിന് ഓൾഔട്ടായത്. അഫ്ഗാന്റെ തകർച്ചയ്ക്കു നേതൃത്വം കൊടുത്തത് ഇതേ കോൺവാൾ തന്നെ. 25.3 ഓവർ ബോൾ ചെയ്ത കോൺവാൾ, അഞ്ച് മെയ്ഡൻ ഓവറുകൾ ‌സഹിതം 75 റൺസ് വഴങ്ങി വീഴ്ത്തിയത് ഏഴു വിക്കറ്റ്!

ആറടി അഞ്ചിഞ്ച് ഉയരവും 140 കിലോയ്ക്കു മുകളിൽ തൂക്കവുമുള്ള കോൺവാൾ, ഇതിനു മുൻപ് കളിച്ചത് ഒരേയൊരു ടെസ്റ്റ് മാത്രം. അതാകട്ടെ ഇന്ത്യയ്ക്കെതിരെയും. അന്ന് ഒന്നാം ഇന്നിങ്സിൽ 41 ഓവറിൽ 105 റൺസ് വഴങ്ങി മൂന്നു വിക്കറ്റും പിഴുതു. അതിനുശേഷം ഇപ്പോഴാണ് കോൺവാളിന് വിൻഡീസ് ജഴ്സിയിൽ അവസരം ലഭിക്കുന്നത്. എന്തായാലും ശരീരത്തിന്റെ കരുത്ത് ഓഫ് സ്പിന്നറായ കോൺവാൾ പന്തുകളിലേക്കും ആവാഹിച്ചതോടെ അഫ്ഗാൻ നിരയിൽ ഒരാൾക്കു പോലും അർധസെഞ്ചുറി തികയ്ക്കാനായില്ല. 81 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്ത ഓപ്പണർ ജാവേദ് അഹ്മദിയാണ് അവരുടെ ടോപ് സ്കോറർ. അഫ്സർ സസായി 70 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസും, ആമിർ ഹംസ 84 പന്തിൽ അഞ്ചു ഫോറുകൾസഹിതം 34 റൺസുമെടുത്തു.

ഓപ്പണർ ഇബ്രാഹിം സദ്രാൻ (17), ഇഹ്സാനുല്ല (24), റഹ്മത്ത് ഷാ (നാല്), അസ്ഗർ അഫ്ഗാൻ (നാല്), നാസിർ ജമാൽ (രണ്ട്), അഫ്സർ സസായി (32), യമീൻ അഹ്മദ്സായ് (18) എന്നിവരാണ് കോൺവാളിന്റെ ഇരകളായത്. ടോപ് സ്കോറർ ജാവേദ് അഹ്മദിയെ വറികെയ്നും ക്യാപ്റ്റൻ റാഷിദ് ഖാൻ (ഒന്ന്), ആമിർ ഹംസ (34) എന്നിവരെ ജെയ്സൻ ഹോൾഡറും പുറത്താക്കി.

rahkeem-cornwall-wicket

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഒന്നാം ദിനം കളി നിർത്തുമ്പോൾ 22 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ്. കാർലോസ് ബ്രാത്‌വയ്റ്റ് (11), ഷായ് ഹോപ് (ഏഴ്) എന്നിവരാണ് പുറത്തായത്. ജോൺ കാംബൽ (30), ഷമർ ബ്രൂക്സ് (19) എന്നിവർ ക്രീസിലുണ്ട്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ അഫ്ഗാൻ സ്കോറിനേക്കാൾ 119 റൺസ് മാത്രം പിന്നിലാണ് വിൻഡീസ്.

∙ റെക്കോർഡ് ബുക്കിൽ കോൺവാൾ

ഒരു ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഏഴു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം വിൻഡീസ് സ്പിന്നറാണ് കോൺവാൾ. ആൽഫ് വാലന്റൈൻ (ഇംഗ്ലണ്ടിനെതിരെ 105 റൺസ് വഴങ്ങി എട്ടു വിക്കറ്റ്), സോണി രാമദിൻ (ഇംഗ്ലണ്ടിനെതിരെ 49 റൺസ് വഴങ്ങി ഏഴ് വിക്കറ്റ്) എന്നിവരാണ് കോൺവാളിന്റെ മുമ്പൻമാർ. ഇന്ത്യൻ മണ്ണിൽ ഒരു സന്ദർശക സ്പിന്നറുടെ ഏറ്റവും മികച്ച അഞ്ചാമത്തെ ബോളിങ് പ്രകടനം കൂടിയാണ് ഇത്. അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റിൽ ഒരു ബോളറുടെ മികച്ച പ്രകടനമെന്ന റെക്കോർഡും ഇനി കോൺവാളിനു സ്വന്തം. 2018ൽ ബെംഗളൂരുവിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ പേരിലുള്ള റെക്കോർഡാണ് കോൺവാൾ തകർത്തത്.

നേരത്തെ, ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ചതോടെ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ വാർവിക് ആംസ്ട്രോങ്ങിന്റെ (133 കിലോ) പേരിലുള്ള റെക്കോർഡ് തിരുത്തിയാണ് കോൺവാൾ ഏറ്റവും ഭാരമേറിയ രാജ്യാന്തര ക്രിക്കറ്റ് താരമായത്. 2007 ലോകകപ്പിൽ തന്റെ പൊണ്ണത്തടിയുമായി ഇന്ത്യയുടെ റോബിൻ ഉത്തപ്പയെ പറന്നു പിടിച്ചതോടെയാണു ലെവറോക്ക് താരമായത്. ഇന്ത്യയ്ക്കെതിരായ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ദിനം അക്ഷരാർഥത്തിൽ ‘കോൺവാൾ ഷോ’യായിരുന്നു.

ആദ്യ ദിനം ഒരു വിക്കറ്റും 2 ക്യാച്ചുമെടുത്താണ് താരം തിളങ്ങിയത്. ആന്റിഗ്വയിൽനിന്നുള്ള ഇരുപത്താറുകാരൻ കോൺവാൾ ആദ്യം കെ.എൽ.രാഹുലിനെ ഹോൾഡറുടെ പന്തിൽ സ്‍ലിപ്പിൽ അനായാസം കയ്യിലൊതുക്കി. സ്പിൻ ബോളിങ്ങുമായി ഇറങ്ങിയപ്പോൾ പൂജാരയെ ബ്രൂക്ക്സിന്റെ കയ്യിലെത്തിച്ച് ഒരു വിക്കറ്റെടുത്തു. അർധസെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെ ബാറ്റിലുരുമ്മിയ പന്ത് ഒന്നാം സ്‍ലിപ്പിലേക്കു വീണപ്പോഴും അവിടെ പന്ത് കാത്ത് കോൺവാളുണ്ടായിരുന്നു. രണ്ടാം ദിനം രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെയും കോണ്‍വാളാണ് പുറത്താക്കിയത്.

English Summary: Rahkeem Cornwall thunders to 7-wicket haul, Afghanistan bowled out for 187

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com