ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിദേശ പരിശീലകരുടെ എണ്ണം വർധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരവും നാഷനൽ ക്രിക്കറ്റ് അക്കാദമി ഡയറക്ടറുമായ രാഹുൽ ദ്രാവിഡ്. ഇന്ത്യൻ പരിശീലകരെ അവഗണിക്കുന്ന ഐപിഎൽ ടീമുകളുടെ രീതി തന്ത്രപരമായ പിഴവാണെന്ന് ദ്രാവിഡ് വിലയിരുത്തി. വിദേശ പരിശീലകരോടു കിടപിടിക്കുന്ന ഒട്ടേറെ ഇന്ത്യൻ പരിശീലകരുണ്ടെന്നു ചൂണ്ടിക്കാട്ടിയ ദ്രാവിഡ്, മുഖ്യ പരിശീലകരാക്കിയില്ലെങ്കിലും ഇന്ത്യക്കാരെ സഹപരിശീലകരാക്കുന്നതുപോലും ടീമുകൾക്കു ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

‘ഇന്ത്യക്കാരായ ഒട്ടേറെ മികച്ച പരിശീലകരുണ്ട്. അവരുടെ കഴിവിൽ എനിക്കു പൂർണ വിശ്വാസവുമുണ്ട്. കളിക്കാരുടെ കാര്യത്തിൽ നമുക്കുള്ള പ്രതിഭാ ധാരാളിത്തം പരിശീലകരുടെ കാര്യത്തിലുമുണ്ട്. അവര്‍ക്ക് ഉറച്ച പിന്തുണ നൽകി ആത്മവിശ്വാസം വർധിപ്പിക്കുകയാണ് വേണ്ടത്.’ – ദ്രാവിഡ് പറഞ്ഞു.

‘ഇന്ത്യക്കാരായ ഈ പരിശീലകരിൽ ഒട്ടേറെപ്പേർക്ക് സഹപരിശീലകരായിപ്പോലും ഐപിഎല്ലിൽ അവസരം കിട്ടാത്തത് നിരാശാജനകമാണ്. ഇന്ത്യക്കാരായ യുവതാരങ്ങളെയും അവരുടെ കഴിവുകളെയും അടുത്തറിയാവുന്ന ഒട്ടേറെ ഇന്ത്യൻ പരിശീലകരുണ്ട്. ഇത്തരക്കാരെ പരിശീലക സംഘത്തിൽ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണം തീർച്ചയായും ടീമുകൾക്കു ലഭിക്കും. ഇന്ത്യൻ കളിക്കാരെയും ഇന്ത്യൻ സാഹചര്യങ്ങളെയും മറ്റുള്ളവരേക്കാൾ വിദഗ്ധമായി വിലയിരുത്താനും തന്ത്രങ്ങൾ മെനയാനും അവർക്കു കഴിയും. അവർക്ക് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രം മതി’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

എല്ലാ ഐപിഎൽ ടീമിലും 18 വരെ ഇന്ത്യന്‍ താരങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ദ്രാവിഡ്, ഇത്തരം കളിക്കാരെ കൈകാര്യം ചെയ്യാൻ കൂടുതൽ നല്ലത് പ്രാദേശിക തലത്തിൽ കൂടുതൽ അറിവും ഇന്ത്യൻ സംവിധാനങ്ങളെക്കുറിച്ച് അവഗാഹവുമുള്ള പരിശീലകരാണെന്ന് അഭിപ്രായപ്പെട്ടു. ഐപിഎൽ ടീമുകൾക്ക് ഇക്കാര്യത്തിൽ ‘തന്ത്രപരമായ പിഴവു’ സംഭവിക്കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

English Summary: IPL teams 'missing a trick' by not using more Indian coaches - Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com