ADVERTISEMENT

അഡ്‌ലെയ്ഡ്∙ ട്വന്റി20 ക്രിക്കറ്റ് കളിച്ചുനടന്ന കാലത്ത് തനിക്ക് ടെസ്റ്റ് ക്രിക്കറ്റും നന്നായി വഴങ്ങുമെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗാണെന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. അഡ്‍ലെയ്ഡിൽ നടക്കുന്ന പാക്കിസ്ഥാനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയശേഷം സംസാരിക്കുമ്പോഴാണ് വാർണർ ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലിൽ ഡൽഹിക്കായി കളിക്കുന്ന കാലത്താണ് സേവാഗ് ഈ ‘പ്രവചനം’ നടത്തിയത്. അധികം ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താൻ അന്ന് സേവാഗിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ലെന്നും വാർണർ പറഞ്ഞു.

ടെസ്റ്റ് കരിയറിൽ തന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയാണ് അഡ്‌ലെയ്ഡിൽ വാർണർ നേടിയത്. 389 പന്തിൽ 39 ഫോറും ഒരു സിക്സും സഹിതമാണ് വാർണർ ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയത്. ഇന്നിങ്സിലാകെ 418 പന്തുകൾ നേരിട്ട വാർണർ, 39 ഫോറും ഒരു സിക്സും സഹിതം 335 റൺസെടുത്ത് പുറത്താകാതെ നിന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരശേഷം സംസാരിക്കുമ്പോഴാണ് വാർണർ സേവാഗിന്റെ പ്രവചനം ഓർമിച്ചത്.

‘ടെസ്റ്റിലും എനിക്കു മികവു കാട്ടാനാകുമെന്ന് ആദ്യം പറഞ്ഞത് വീരേന്ദർ സേവാഗാണ്. ഐപിഎല്ലിൽ ഡൽഹിക്കു കളിക്കുന്ന കാലത്ത് ടീമിനൊപ്പം സേവാഗുമുണ്ടായിരുന്നു. ഞാൻ ട്വന്റിയേക്കാൾ ശോഭിക്കുക ടെസ്റ്റ് ക്രിക്കറ്റിലാണെന്ന് അന്ന് എനിക്കടുത്തിരുന്ന് സേവാഗ് പറയുമായിരുന്നു. നിങ്ങൾക്ക് ബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്നായിരുന്നു എന്റെ പ്രതികരണം. കാരണം അന്ന് ഞാൻ അധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. ഞാൻ അവിശ്വസിച്ചിട്ടും അദ്ദേഹം അതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു’– വാർണർ വിവരിച്ചു.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന സ്കോറായ ബ്രയാൻ ലാറയുടെ 400 റൺസ് റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള താരമാരെന്ന ചോദ്യത്തോടും വാർണർ പ്രതികരിച്ചു. ഇന്ത്യൻ താരം രോഹിത് ശർമയുടെ പേരാണ് വാർണർ ചൂണ്ടിക്കാട്ടിയത്.

English Summary: David Warner picks Rohit Sharma to break Brian Lara's 400 not out Test record, recalls Virender Sehwag's encouragement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com