ADVERTISEMENT

മുംബൈ∙ സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളിലെ ‘അസാധാരണ’ ബാറ്റിങ് മികവിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് ഉമേഷ് യാദവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും പിന്നീട് ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും ട്വന്റി20യെപ്പോലും വെല്ലുന്ന തരത്തിൽ ഉമേഷ് യാദവ് കാഴ്ചവച്ച സ്ഫോടനാത്മക ബാറ്റിങ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇരു മത്സരങ്ങളിലും ഉമേഷ് കളത്തിൽ ‘സിക്സർ മഴ’ പെയ്യിക്കുമ്പോൾ പവലിയനിൽ ആവേശത്തോടെ കയ്യടിച്ച വിരാട് കോലിയുടെ മനസ്സിൽ ഇപ്പോൾ മറ്റൊരു തന്ത്രം കൂടിയുണ്ട്; ആവശ്യമെങ്കിൽ ഉമേഷ് യാദവിനെ മൂന്നാം നമ്പറിലും ബാറ്റു ചെയ്യിക്കാം!

അടുത്തിടെ അനുവദിച്ച ഒരു അഭിമുഖത്തിലാണ് തമാശരൂപേണ കോലി ഇങ്ങനെയൊരു ‘തന്ത്രം’ പരസ്യമാക്കിയത്. ഹാർദിക് പാണ്ഡ്യ പരുക്കിന്റെ പിടിയിൽനിന്ന് മോചിതനാകാൻ വൈകിയാൽ വിദേശത്ത് എന്തു തന്ത്രം സ്വീകരിക്കുമെന്ന് പ്രതികരിക്കുമ്പോഴാണ് ഉമേഷിന്റെ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കോലി താരത്തെ വൺഡൗണാക്കുന്ന കാര്യം തമാശരൂപേണ പങ്കുവച്ചത്.

‘വിദേശത്ത് പര്യടനത്തിനുപോകുമ്പോൾ ഓൾറൗണ്ടറെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് കളിക്കാനാകുന്നില്ലെങ്കിലും അഞ്ചു ബോളർമാരും ഒരു സ്പെഷലിസ്റ്റ് സ്പിന്നറുമായി കളിക്കാവുന്നതേയുള്ളൂ. കാരണം ബാറ്റിങ് യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും പുറമെ വിക്കറ്റ് കീപ്പറുണ്ട്. സ്പിന്നറായി വരുന്നത് അശ്വിനായാലും ജഡേജയായാലും ഇരുവരും ബാറ്റു ചെയ്യും. ഏഴാം നമ്പർ വരെ ശക്തരായ താരങ്ങളാണുള്ളത്. അതിനുശേഷം ഇപ്പോൾ ഉമേഷ് യാദവുണ്ട്. പിഞ്ച് ഹിറ്ററെന്ന നിലയിൽ മൂന്നാം നമ്പറിലും വേണമെങ്കിൽ അദ്ദേഹത്തെ പരീക്ഷിക്കാം’ – കോലി ചിരിയോടെ പ്രതികരിച്ചു.

റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിൽ തകർത്തടിച്ച് വെറും 10 പന്തിൽനിന്ന് 30 റൺസടിച്ച ഉമേഷ് യാദവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. അ‍ഞ്ചു പടുകൂറ്റൻ സിക്സുകൾ സഹിതമായിരുന്നു ഇത്. ഉമേഷ് യാദവിന്റെ ബാറ്റിങ് പ്രകടനത്തിൽ ആവേശഭരിതരായി പവലിയനിലെ സഹതാരങ്ങള്‍ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്ന് കയ്യടികളോടെയാണ് ആ പ്രകടനം സ്വീകരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ 30 റൺസെന്ന നേട്ടവും ഈ ഇന്നിങ്സിലൂടെ ഉമേഷ് സ്വന്തമാക്കി. ബംഗ്ലദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്‍ഡോറിലും ഉമേഷ് സമാനമായ പ്രകടനം പുറത്തെടുത്തിരുന്നു. 10 പന്തിൽ ഒരു ഫോറും മൂന്നു സിക്സും ഹിതം 25 റൺസെടുത്ത് ഉമേഷ് പുറത്താകാതെ നിന്നു. എന്നാൽ, കൊൽക്കത്തയിൽ നടന്ന പിങ്ക് ടെസ്റ്റിൽ ഉമേഷിന് അതേ മികവ് ആവർത്തിക്കാനായില്ല. താരം ഡക്കിന് പുറത്തായി.

English Summary: ‘He can bat at No.3’ – Virat Kohli on Umesh Yadav’s new role in India batting order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com