ADVERTISEMENT

ന്യൂഡൽഹി∙ പുറത്തിനേറ്റ പരുക്കുമൂലം ദീർഘനാളായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന പേസ് ബോളർ ജസ്പ്രീത് ബുമ്ര പരിശീലനം പുനഃരാരംഭിച്ചു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ട്രെയ്നറായ രജനികാന്ത് ശിവജ്ഞാനത്തിനു കീഴിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനിലാണ് ബുമ്രയുടെ പരിശീലനം. രജനികാന്തിനു കീഴിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ബുമ്ര കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇന്ത്യൻ ദേശീയ ടീമിന്റെ ട്രെയ്നർ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും പിന്തള്ളപ്പെട്ടു പോയ വ്യക്തിയാണ് രജനികാന്ത് ശിവജ്ഞാനം.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുറംവേദനയെ തുടർന്ന് ബുമ്ര താൽക്കാലികമായി ദേശീയ ടീമിൽനിന്ന് ഇടവേളയെടുത്തത്. വിശദമായ പരിശോധനയിൽ പുറംവേദനയ്ക്കു കാരണമായ പരുക്ക് കണ്ടെത്തിയതോടെ ചികിത്സ ലണ്ടനിലേക്കു മാറ്റി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലദേശിനുമെതിരായ പരമ്പരകൾ താരത്തിന് നഷ്ടമാകുകയും ചെയ്തു. ഈ മാസം ആറിന് വിൻഡീസിനെതിരെ ആരംഭിക്കുന്ന ട്വന്റി20, ഏകദിന ടൂർണമെന്റുകളും ബുമ്രയ്ക്കു നഷ്ടമാകും.

വിൻഡീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസീലൻഡിലേക്കു പോകുന്നുണ്ട്. അപ്പോഴേക്കും ദേശീയ ടീമിലേക്കു തിരിച്ചെത്താനാണ് ബുമ്രയുടെ ശ്രമം. ന്യൂസീലൻഡിനെതിരെ അഞ്ച് ട്വന്റി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവയുൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക. 2020 ജനുവരി 24നാണ് പരമ്പര ആരംഭിക്കുക.

ഐപിഎല്ലിൽ ഡൽഹിയുടെ ഔദ്യോഗിക ട്രെയ്നറാണെങ്കിലും വിവിധ താരങ്ങൾക്കൊപ്പവും രജനികാന്ത് പ്രവർത്തിക്കാറുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ട്രെയിനിങ് ബുമ്ര വ്യക്തിപരമായി ക്രമീകരിച്ചതാണെന്ന് ബിസിസിഐ അധികൃതരും വ്യക്തമാക്കി. അടുത്തിടെ ഇന്ത്യൻ പരിശീലകസംഘം അഴിച്ചുപണിത അവസരത്തിലാണ് ട്രെയ്നർ പോസ്റ്റിലേക്കും പുതിയ ആളുകള്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് രജനികാന്ത് ശിവജ്ഞാനവും അപേക്ഷിച്ചിരുന്നെങ്കിലും ന്യൂസീലൻഡുകാരനായ നിക് വെബ്ബിനാണ് ബിസിസിഐ അവസരം നൽകിയത്.

ഇന്ത്യൻ പേസ് ബോളർമാരിൽ ഒന്നാമനായി എണ്ണപ്പെടുന്ന ബുമ്ര, ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോഴും ആദ്യ അഞ്ചിനുള്ളിലുണ്ട്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബോളറായി അറിയപ്പെടുന്ന ബുമ്ര, അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന പ്രധാന താരമാണ്. ഇതുവരെ 12 ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും 62 വിക്കറ്റും നേടിയിട്ടുണ്ട്.

English Summary: Jasprit Bumrah Begins Training at MCA Under Delhi Capitals’ Trainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com