sections
MORE

രഞ്ജിയിൽ വിജയ് ശങ്കറിനെ ക്യാപ്റ്റനാക്കി തമിഴ്നാട്; മുംബൈയെ സൂര്യകുമാർ നയിക്കും

suryakumar-vijay-shankar
മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തമിഴ്‌നാട് ക്യാപ്റ്റൻ വിജയ് ശങ്കർ
SHARE

ചെന്നൈ∙ വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഫൈനലിൽ കർണാടകയോടു തോറ്റതിന്റെ ക്ഷീണം മാറ്റാൻ രഞ്ജി ട്രോഫിയിൽ കരുത്തുറ്റ താരനിരയുമായി തമിഴ്നാട് വരുന്നു. ഇന്ത്യൻ താരം വിജയ് ശങ്കർ നയിക്കുന്ന 15 അംഗ ടീമിൽ ദേശീയ ടീം അംഗങ്ങളായ ദിനേഷ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ, മുരളി വിജയ്, അഭിനവ് മുകുന്ദ്, വാഷിങ്ടൺ സുന്ദർ തുടങ്ങിയവർ അംഗങ്ങളാണ്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ അംഗമായതിനാൽ വാഷിങ്ടൻ സുന്ദർ രണ്ടാമത്തെ മത്സരത്തോടെയേ ടീമിനൊപ്പം ചേരൂ. ഈ സാഹചര്യത്തിൽ ആദ്യ മത്സരത്തിൽ കെ.മുകുന്ദ് പകരക്കാരനാകും. കർണാടക, ഹിമാചൽ പ്രദേശ് എന്നീ ടീമുകൾക്കെതിരായ ആദ്യ രണ്ടു മത്സരങ്ങൾക്കായാണ് ഇപ്പോഴത്തെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിലും ട്വന്റി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ദിനേഷ് കാർത്തിക്കിനു കീഴിലാണ് തമിഴ്നാട് മത്സരിച്ചത്. രണ്ടു ടൂർണമെന്റിലും ഫൈനലിൽ കടന്നെങ്കിലും അവസാന കടമ്പയിൽ അയർക്കാർ കൂടിയായ കർണാടകയ്ക്കു മുന്നിൽ വീണു. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ഫൈനലിൽ ഒരു റണ്ണിന്റെ നേരിയ തോൽവിയാണ് തമിഴ്നാടിന്റെ കിരീട മോഹങ്ങൾ തച്ചുടച്ചത്.

തമിഴ്നാട് ടീം: വിജയ് ശങ്കർ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), മുരളി വിജയ്, അഭിനവ് മുകുന്ദ്, ദിനേഷ് കാർത്തിക്, എൻ.ജഗദീശൻ, ആർ.അശ്വിൻ, ആർ. സായ് കിഷോർ, ടി.നടരാജൻ, കെ.വിഘ്നേഷ്, അഭിഷേക് തൻവാർ, മുരുകൻ അശ്വിൻ, എം.സിദ്ധാർഥ്, ഷാരൂഖ് ഖാൻ, കെ.മുകുന്ദ്

∙ രഹാനെ, പൃഥ്വി ഷാ മുംബൈ ടീമിൽ

ഇന്ത്യൻ ടെസ്റ്റ് ടീമംഗങ്ങളായ അജിൻക്യ രഹാനെ, വിലക്കിനുശേഷം ടീമിലേക്കു തിരിച്ചെത്തിയ പൃഥ്വി ഷാ എന്നിവരെ ഉൾപ്പെടുത്തി മുംബൈയും രഞ്ജി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. ബറോഡയ്ക്കെതിരായ ആദ്യ മത്സരത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 41 തവണ കിരീടം നേടിയ ചരിത്രമുള്ള മുംബൈയെ മധ്യനിര ബാറ്റ്സ്മാൻ സൂര്യകുമാർ യാദവാണ് നയിക്കുന്നത്. വെറ്ററൻ വിക്കറ്റ് കീപ്പർ ആദിത്യ താരെയാണ് വൈസ് ക്യാപ്റ്റൻ. ദേശീയ ടീമിനൊപ്പമായതിനാൽ ശ്രേയസ് അയ്യർ, ശിവം ദുബെ എന്നിവരെ ആദ്യ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ടെസ്റ്റ് ടീമിൽ മാത്രം അംഗമായ രഹാനെയ്ക്ക് ഇനി രണ്ടു മാസങ്ങൾക്കുശേഷം ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മാത്രം ദേശീയ ടീമിനൊപ്പം ചേർന്നാൽ മതി. ഉത്തജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് വിലക്കു നേരിട്ട പൃഥ്വി ഷായ്ക്ക്, ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ രഞ്ജി ട്രോഫി. ഇന്ത്യൻ ടീമിൽ കളിക്കുന്ന ഷാർദുൽ താക്കൂർ, ധവാൽ കുൽക്കർണി തുടങ്ങിയവരും ടീമിലുണ്ട്. വിവാഹത്തിന് തയാറെടുക്കുന്ന യുവതാരം സിദ്ധേഷ് ലാഡിനെയും മുംബൈ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

മുംബൈ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ആദിത്യ താരെ (വൈസ് ക്യാപ്റ്റഃ്‍), അജിൻക്യ രഹാനെ, പൃഥ്വി ഷാ, ജയ് ബിസ്ത, ശുഭം രഞ്ജനെ, ആകാഷ് പാർക്കർ, സർഫറാസ് ഖാൻ, ഷംസ് മുളാനി, വിനായക് ഭോയിൽ, ശശാങ്ക് അട്രാഡെ, ഷാർദുൽ താക്കൂർ, തുഷാർ ദേശ്പാണ്ഡെ, ധവാൽ കുൽക്കർണി, ഏക്നാഥ് കേർകർ

∙ കേരളത്തെ സച്ചിൻ നയിക്കും

നേരത്തെ, സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തി രഞ്ജു ട്രോഫിക്കുള്ള കേരളാ ടീമിനെയും പ്രഖ്യാപിച്ചിരുന്നു. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി എന്നീ ടൂർണമെന്റുകളിൽ കേരളത്തെ നയിച്ച റോബിൻ ഉത്തപ്പയെ തഴഞ്ഞാണ് സച്ചിൻ ബേബിയെ രഞ്ജി ട്രോഫിയിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തിയത്. ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ കേരളത്തിന് യുവതാരം സഞ്ജു സാംസണിന്റെ സേവനം ലഭിക്കില്ല. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര ഈ സമയത്തായതിനാലാണിത്. സഞ്ജുവിന്റെ അസാന്നിധ്യത്തിൽ രോഹിൻ കുന്നുമ്മൽ, എസ്.മിഥുൻ എന്നിവരെ ആദ്യമായി രഞ്ജി ട്രോഫി ടീമിൽ ‍ഉൾപ്പെടുത്തി.

ഓസ്ട്രേലിയക്കാരനായ ഡേവ് വാട്മോർ പരിശീലിപ്പിക്കുന്ന കേരള ടീമിന്റെ പരിശീലനം തുമ്പയിലെ സെന്റ് സേവ്യേഴ്സ് മൈതാനത്താണ്. കേരളത്തിന്റെ ഹോം മത്സരങ്ങളെല്ലാം ഇവിടെയാണു നടക്കുക.

കേരളാ ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), പി.രാഹുൽ, ജലജ് സക്സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, രോഹൻ പ്രേം, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ്, സന്ദീപ് വാരിയർ, കെ.എം. ആസിഫ്, ബേസിൽ തമ്പി, എം.ഡി. നിധീഷ്, രോഹൻ കുന്നുമ്മൽ, എസ്.മിഥുൻ

English Summary: Vijay Shankar to lead TN in Ranji Trophy, Suryakumar Yadav to Lead Mumbai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA