ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ ജമൈക്കയുടെ അതിവേഗ ഓട്ടക്കാരൻ യൊഹാൻ ബ്ലേക്കിന് മറുപടിയുമായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ട്രാക്ക് വിട്ടതിനുശേഷം ക്രിക്കറ്റിൽ സജീവമാകാനുള്ള ആഗ്രഹം പലകുറി വെളിപ്പെടുത്തിയ യൊഹാൻ ബ്ലേക്ക്, ഇക്കാര്യം അടുത്തിടെയും തുറന്നു പറഞ്ഞിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയാൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളിലൊന്നിന് കളിക്കാനാണ് ഇരുപത്തൊൻപതുകാരനായ ബ്ലേക്ക് ആഗ്രഹം പ്രകടിപ്പിച്ചത്.

എന്തായാലും ബ്ലേക്കിന്റെ ആഗ്രഹത്തോട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്രതികരിച്ചു കഴിഞ്ഞു. ട്വിറ്ററിലൂടെയാണ് റോയൽ ചാലഞ്ചേഴ്സിന്റെ മറുപടി.

‘യൊഹാൻ ബ്ലേക്ക്, താങ്കളുടെ ആഗ്രഹത്തെക്കുറിച്ച് ഞങ്ങൾ കേട്ടു. താങ്കൾ ഓടുന്ന അതേ വേഗത്തിൽ പന്തെറിയാമോ? താങ്കൾക്ക് ‍ഞങ്ങളുടെ ടീമിൽ ഒരു സ്ഥാനം ഉറപ്പ്’ – ഇതായിരുന്നു ആർസിബിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഒരു ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രചാരണാർഥം ഡൽഹിയിലെത്തിയപ്പോഴാണ് ക്രിക്കറ്റിനോടും ഐപിഎല്ലിനോടുമുള്ള ഇഷ്ടം ബ്ലേക് ആവർത്തിച്ചത്. ‘കളത്തിൽ എനിക്കു മുന്നിൽ ഇനിയും രണ്ടുവർഷം കൂടി ശേഷിക്കുന്നുണ്ട്. അത് ക്രിക്കറ്റിനായി മാറ്റിവയ്ക്കാനാണ് ഇഷ്ടം. പക്ഷേ വെസ്റ്റിൻഡീസിനായി കളിക്കാൻ എനിക്ക് ആഗ്രഹമില്ല. മറിച്ച് ക്ലബ് ക്രിക്കറ്റിലാണ് നോട്ടം. ഇന്ത്യയിൽ ഒരു ക്ലബ് വാങ്ങാൻ പോലും എനിക്ക് ആഗ്രഹമുണ്ട്. അതിലുപരി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായോ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായോ കളിച്ചാൽ കൊള്ളാമെന്നുമുണ്ട്’ – ബ്ലേക്ക് പറഞ്ഞു.

വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്‌ൽ തുങ്ങിയവരാണ് ഇപ്പോഴുള്ള ക്രിക്കറ്റ് താരങ്ങളിൽ തന്റെ പ്രിയപ്പെട്ടവരെന്നും ബ്ലേക്ക് വെളിപ്പെടുത്തി. കോലിയുടെയും ഡിവില്ലിയേഴ്സിന്റെയും ടീമെന്ന നിലയിലാണ് റോയൽ ചാലഞ്ചഴ്സ് ബാംഗ്ലൂരിനെ ഇഷ്ടപ്പെടുന്നത്. ക്രിസ് ഗെയ്‌ലിന്റെ പഴയ ടീമെന്ന അടുപ്പമാണ് കൊൽക്കത്തയോടെന്നും ബ്ലേക്ക് വിശദീകരിച്ചു. അടുത്തിടെ കരീബിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ ജമൈക്ക ടാലവാസിൽനിന്ന് കളിക്കാൻ ഓഫർ ലഭിച്ച കാര്യവും ബ്ലേക്ക് സ്ഥിരീകരിച്ചു.

‘ഉവ്വ്, ജമൈക്ക ടാലവാസിൽനിന്ന് ഈ വർഷം എനിക്ക് ഓഫർ ലഭിച്ചിരുന്നു. പക്ഷേ, വിവിധ മത്സരങ്ങൾക്കായി ഒരുങ്ങേണ്ടതുള്ളതുകൊണ്ട് അത് നിരസിക്കേണ്ടി വന്നു. ലോക ചാംപ്യൻഷിപ് (ദോഹ), ഒളിംപിക്സ്, വീണ്ടും ലോക ചാംപ്യൻഷിപ് (2020ൽ ചൈനയിലെ നാൻജിങ്ങിൽ) എന്നിങ്ങനെ സുപ്രധാന മത്സരങ്ങൾ ഒട്ടേറെയുണ്ട്’ – ബ്ലേക്ക് പറഞ്ഞു.

∙ ബ്ലേക്കും ക്രിക്കറ്റ് മോഹവും

100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾ‌ട്ട് രാജാവായിരുന്ന കാലത്ത് ശക്തമായ വെല്ലുവിളി ഉയർത്തിയിട്ടുള്ള താരമാണ് ബ്ലേക്ക്. ബോൾട്ട് സ്വർണം നേടിയപല വേദികളിലും ബ്ലേക്ക് രണ്ടാമനായിരുന്നു. 2011ൽ ലോക ചാംപ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണം നേടുമ്പോൾ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായിരുന്നു ബ്ലേക്ക്. അന്ന് ബോൾട്ടിന്റെ ഓട്ടം ഫൗളായതിനെ തുടർന്നാണ് ബ്ലേക്ക് വിജയിയായത്. 2012ലെ ലണ്ടൻ ഒളിംപിക്സിൽ 100, 200 മീറ്ററുകളിൽ ബോൾട്ടിനു പിന്നിലായി വെള്ളി നേടിയതും ബ്ലേക്ക് തന്നെ.

ട്രാക്കിൽനിന്ന് കളത്തിലേക്ക് മാറാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിലും ബോൾട്ടിനു പിന്നിൽ ബ്ലേക്ക് രണ്ടാമനായത് യാദൃച്ഛികമായി. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കളിക്കാൻ പരസ്യമായി ആഗ്രഹം പ്രകടമാക്കിയ ബോൾട്ട്, ട്രാക്കിൽനിന്ന് വിരമിച്ചശേഷം നേരെ പോയത് ആ മോഹത്തിന്റെ പിന്നാലെയായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗ് വരെ എത്തിയില്ലെങ്കിലും ഓസ്ട്രേലിയയിലെ ഒന്നാം ഡിവിഷനിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി കളിച്ചു.

സ്പ്രിന്റിലേക്കു തിരിയും മുൻപ്, ജമൈക്കയിലെ കിങ്‌സ്‌റ്റൺ ക്രിക്കറ്റ് ക്ലബിന്റെ കളിക്കാരനായിരുന്നത്രേ ബ്ലേക്ക്. വലംകയ്യൻ ഫാസ്‌റ്റ്‌ബോളർ. സഹീർഖാനേക്കാൾ വേഗത്തിൽ താൻ പന്തെറിയുമെന്നും ബ്ലേക്ക് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ‘താങ്കൾ ഓടുന്ന വേഗത്തിൽ പന്തെറിഞ്ഞാൽ ടീമിൽ എടുക്കാമെന്ന’ ആർസിബിയുടെ ഉറപ്പ്!

English Summary: If you bowl as fast as you run, you already have a place reserved in our team”- RCB tweets to Yohan Blake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com