ADVERTISEMENT

കാര്യവട്ടത്തെ കളി ഇന്ത്യൻ ടീം സത്യത്തിൽ കാര്യമായിട്ടെടുത്തിരുന്നോ? ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യയുടെ പ്രകടനം കണ്ടവർക്ക് അങ്ങനെയൊരു സംശയം തോന്നിയാലും തെറ്റില്ല. വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചതു മുതൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന പോരാട്ടം പക്ഷേ സമ്മാനിച്ചത് നിരാശകളുടെ കൂമ്പാരമാണ്. കാത്തുകാത്തിരുന്ന മത്സരത്തിൽ പ്രിയതാരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്തതിന്റെ നിരാശയായിരുന്നു ആദ്യം. ഏറെ പ്രതീക്ഷ വച്ചവരൊന്നും തിളങ്ങാതെ പോയതിന്റെ നിരാശ പിന്നാലെ. ഒടുവിൽ തോൽവിയുടെ കയ്പു കൂടിയായതോടെ സമ്പൂർണ നിരാശ. മത്സരത്തിൽ ടോസ് നഷ്ടം മുതൽ വിധി ഇന്ത്യയ്ക്ക് എതിരായിരുന്നു. കൈവിട്ട ക്യാച്ചുകളുമായി ഇന്ത്യൻ താരങ്ങൾ വിധിയോടു പരമാവധി ‘സഹകരിക്കുകയും’ ചെയ്തു!

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണെടുത്തത്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ ശിവം ദുബെയുടെ കന്നി രാജ്യാന്തര അർധസെഞ്ചുറിയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്. ബാറ്റിങ് ദുഷ്കരമായ പ്രതലമെന്നായിരുന്നു ഇന്ത്യൻ ഇന്നിങ്സിനൊടുവിൽ പ്രശസ്ത ക്രിക്കറ്റ് നിരീക്ഷകൻ ഹർഷ ഭോഗ്‍ലെയുടെ ട്വീറ്റ്. കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടായില്ലെങ്കിൽ ഈ സ്കോർ തന്നെ ധാരാളമെന്നും ഭോഗ്‍ലെ നിരീക്ഷിച്ചു. വിൻഡീസിന്റെ പ്ലാൻ മറ്റു ചിലതായിരുന്നു. ഒന്നാം ട്വന്റി20യിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സർവ സന്നാഹങ്ങളുമായി കളിച്ച അവർ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണർ ഇരുവരെയും അഞ്ചാം ഓവറിൽ ഇന്ത്യ കൈവിട്ടതോടെ അവർ കളിയുടെ ഗിയർ മാറ്റി. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഒൻപതു ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ അവർ ലക്ഷ്യത്തിലെത്തി. വ്യക്തിഗത സ്കോർ ആറിൽ നിൽക്കെ വാഷിങ്ടൺ സുന്ദർ കൈവിട്ട സിമ്മൺസ് 45 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 67 റൺസുമായി പുറത്താകാതെ നിന്നു.

ട്വന്റി20യിൽ വിൻഡീസിനെതിരെ തുടർച്ചയായ എട്ടാം ജയം തേടിയിറങ്ങിയ ഇന്ത്യയെ എട്ടു വിക്കറ്റിനു തകർത്ത സന്ദർശകർ, പരമ്പരയിൽ ഒപ്പമെത്തുകയും ചെയ്തു. ഹൈദരാബാദിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം 11ന് മുംബൈയിൽ നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്. മുൻപ് വെസ്റ്റിൻഡീസിനെയും ന്യൂസീലൻഡിനെയും ഇന്ത്യ ഇവിടെ തോൽപ്പിച്ചിരുന്നു.

∙ ടോസ് നഷ്ടം, കളി നഷ്ടം

റാങ്കിങ്ങിൽ വിൻഡീസിനേക്കാൾ അഞ്ചു പടി മുന്നിലാണെങ്കിലും കളത്തിൽ അതൊന്നും വിലപ്പോയില്ലെന്നതാണ് സത്യം. മഞ്ഞുവീഴ്ചയുടെ പ്രശ്നമുള്ളതിനാൽ ടോസ് നേടുന്നവർ ആദ്യം ബോൾ ചെയ്യുമെന്ന് ഉറപ്പായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നഷ്ടമായ വിരാട് കോലിയെ സാക്ഷിനിർത്തി പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ടോസ് നഷ്ടമായപ്പോൾ തന്നെ ഇന്ത്യ പകുതി മത്സരം തോറ്റുവെന്നതാണ് സത്യം. ടോസ് നഷ്ടത്തിന്റെ ആഴം കുറയ്ക്കാൻ കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയുടെ അസാമാന്യ പ്രകടനം അനിവാര്യമായിരുന്നു.

lokesh-rahul-wicket
രാഹുലിനെ പുറത്താക്കിയ ഖാരി പിയറിയുടെ ആഹ്ലാദം.

ലോകേഷ് രാഹുലും രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് പിച്ചിനോടു പൊരുത്തപ്പെടാനാകാതെ പോയതോടെ ആ സ്വപ്നം വൃഥാവിലായി. ഹർഷ ഭോഗ്‍ലെ കുറിച്ചതുപോലെ കുറച്ചെങ്കിലും ‘ടച്ച്’ കാട്ടിയത് ഋഷഭ് പന്ത് മാത്രമാണ്. രാഹുലും രോഹിത്തും പിച്ചുമായി പൊരുത്തപ്പെടാനാകാതെ പെട്ടെന്നു തന്നെ മടങ്ങി. രാഹുൽ 11 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്തെങ്കിലും 18 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസെടുത്ത രോഹിത് ഫോമിന്റെ ഏഴയലത്തു പോലുമുണ്ടായിരുന്നില്ല.

∙ വിജയിച്ച ‘മൂന്നാം നമ്പർ’ പരീക്ഷണം

രാഹുൽ പുറത്തായതിനു പിന്നാലെ ശിവം ദുബെയെ വണ്‍ഡൗണാക്കി നടത്തിയ പരീക്ഷണം വിജയിക്കുന്നതും കണ്ടു. ദുബെയും ‘കരിയർ ചെയ്ഞ്ചിങ് മൊമന്റ്’ എന്നാണ് ഈ നിമിഷത്തെ ആരാധകരിൽ ചിലർ വിശേഷിപ്പിച്ചത്. അതു വെറുതെയായില്ല. ഇതുവരെ നാലു മത്സരങ്ങൾ കളിച്ചിട്ടും ബാറ്റിങ്ങിന് കാര്യമായി അവസരം ലഭിക്കാതിരുന്ന ദുബെ കിട്ടിയ അവസരം മുതലെടുത്തു. തുടക്കത്തിൽ ചെറിയ പതർച്ച കാട്ടിയെങ്കിലും പതുക്കെ കളത്തിലുറച്ച ദുബെ റൺസ് വാരി.

shivam-dube-fifty
ശിവം ദുബെയുടെ ബാറ്റിങ്.

എട്ടാമത്തെ ഓവറിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ ദേഹത്തു തട്ടിയെന്ന് പറഞ്ഞ് പൊള്ളാർഡ് ദുബെയെ പ്രകോപിപ്പിച്ചു. അത് ഇന്ത്യൻ ഇന്നിങ്സിലെ വഴിത്തിരിവായി. തൊട്ടടുത്ത പന്തിൽ ദുബെ സിക്സടിച്ചു. നിയന്ത്രണം നഷ്ടമായ പൊള്ളാർഡ് രണ്ടു വൈഡെറിഞ്ഞു. അടുത്ത രണ്ടു പന്തുകളിൽ തുടർച്ചയായി സിക്സറുകൾ. ആ ഓവറിൽ 26 റൺസാണ് പിറന്നത്. 27 പന്തിൽനിന്ന് ദുബെ കന്നി അർധസെഞ്ചുറി പിന്നിട്ടു.  30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സെടുത്താണ് ദുബെ മടങ്ങിയത്. ഹാർദിക് പാണ്ഡ്യയ്ക്ക് അത്യാവശ്യ ഘട്ടത്തിൽ പകരം വയ്ക്കാൻ ഒരാളെ തേടുന്ന ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നു ദുബെയുടെ ഇന്നിങ്സ്.

∙ വീണ്ടും വില്യംസ് Vs കോലി

ഹൈദരാബാദ് ട്വന്റി20യിലെ ചൂടേറിയ നിമിഷമായിരുന്നു വിരാട് കോലിയും വിൻഡീസ് ബോളർ കെസറിക് വില്യംസും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. അന്ന് വില്യംസിനെ സിക്സറിനു പറത്തിയ ശേഷം കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ വൈറലായിരുന്നു. 2017ൽ ജമൈക്കയിൽ തന്നെ പുറത്താക്കിയശേഷം സാങ്കൽപ്പിക നോട്ടുബുക്കിൽ എന്തോ കുറിക്കുന്നതായി കാണിച്ച് ആഘോഷിച്ച വില്യംസിനുള്ള മറുപടിയായിരുന്നു ഇത്. രണ്ടു വർഷം കാത്തിരുന്നു പകരം വീട്ടിയ കോലിക്ക് തക്ക മറുപടി നൽകാൻ വില്യംസിന് വേണ്ടിവന്നത് രണ്ടു ദിവസം മാത്രം.

തിരുവനന്തപുരത്ത് കോലിയെ പുറത്താക്കിയ വില്യംസിന്റെ പ്രതികരണം. ഹൈദരാബാദിലെ ആദ്യ ട്വന്റി20യിൽ വില്യംസിനെതിരെ സിക്സ് നേടിയശേഷം കോലി ‘നോട്ട്ബുക് ആഘോഷം’ നടത്തുന്നതാണ് രണ്ടാം ചിത്രം.
വില്യംസും കോലിയും.

തിരുവനന്തപുരത്ത് പിച്ചിനോടു പൊരുത്തപ്പെടാനാകാതെ ഉഴറിയ കോലിയെ ഒടുവിൽ പുറത്താക്കിയത് വില്യംസ് തന്നെ. 17 പന്തിൽ രണ്ടു ഫോർ സഹിതം 19 റൺസെടുത്ത കോലിയെ ലെൻഡ്ൽ സിമ്മൺസിന്റെ കൈകളിലെത്തിച്ചാണ് വില്യംസ് പകരംവീട്ടിയത്. ഓഫ് സൈനഡിൽ നിരുപദ്രവകരമായി വന്ന പന്തിനെ കോലി ഷോർട്ട് തേഡ്മാനിൽ ഫീൽഡറുണ്ടെന്ന് ഓർക്കാതെ ഫ്ലിക്ക് ചെയ്യുകയായിരുന്നു. സിമ്മൺസിന് അനായാസ ക്യാച്ച്. കോലിയുടെ പ്രതികാരത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാകണം, വില്യംസ അമിത ആഹ്ലാദ പ്രകടനങ്ങൾക്കൊന്നും മുതിർന്നില്ല. ചുണ്ടിൽ വിരൽവച്ച് ‘മിണ്ടരുത്’ എന്ന ആംഗ്യം മാത്രം. എന്തായാലും ഹൈദരാബാദിൽ കൊടുത്താൽ തിരുവനന്തപുരത്ത് തിരിച്ചുകിട്ടുമെന്ന് കോലിക്കു മനസ്സിലായി.

∙ ഇങ്ങനാണേൽ അയ്യരെന്തു ചെയ്യും!

ശ്രേയസ് അയ്യരുടെ കാര്യമാണ് കഷ്ടം. കളത്തിൽ നിലയുറപ്പിച്ച് കളിക്കുന്ന ശൈലിയുടെ വക്താവാണ് അയ്യർ. പക്ഷേ മിക്കപ്പോഴും കളിക്കാൻ അവസരം ലഭിക്കുന്നത് അവസാന ഓവറുകളിൽ. തകർത്തടിക്കേണ്ട ഈ സമയത്ത് എന്തു ചെയ്യണമെന്നറിയാതെ അയ്യർ ഉഴറുന്ന കാഴ്ചയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും കണ്ടത്. 11 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസ് മാത്രമെടുത്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും അയ്യർ നിരാശപ്പെടുത്തി. ഹെയ്ഡൻ വാൽഷിന്റെ പന്തിൽ ബ്രണ്ടൻ കിങ്ങിന് ക്യാച്ച് സമ്മാനിച്ചാണ് അയ്യർ കൂടാരം കയറിയത്. കാര്യമായ സംഭാവനകളൊന്നും കൂടാതെ 19–ാം ഓവറിന്റെ അവസാന പന്തിൽ രവീന്ദ്ര ജഡേജയും മടങ്ങി. കെസറിക് വില്യംസിന് മത്സരത്തിലെ രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 11 പന്തിൽ ഒൻപതു റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം.

shreyas-iyer-batting
ശ്രേയസ് അയ്യർ (ഫയൽ ചിത്രം)

ഷെൽഡൺ കോട്രൽ എറിഞ്ഞ അവസാന ഓവറിൽ വമ്പനടിക്കു ശ്രമിച്ച് വാഷിങ്ടൺ സുന്ദർ ഗോൾഡൻ ഡക്കായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാട് ജഴ്സിയിൽ ഓപ്പണറായും വൺഡൗണായുമെല്ലാം പകർന്നാട്ടം നടത്തിയ വാഷിങ്ടൺ സുന്ദർ ഇന്ത്യൻ ജഴ്സിയിൽ ബാറ്റുകൊണ്ട് നിരാശപ്പെടുത്തുന്ന കാഴ്ച തുടരുകയാണ്. മറുവശത്ത് ഋഷഭ് പന്ത് ദീർഘനാളുകൾക്കു ശേഷം സ്വാഭാവിക മികവോടെ കളിച്ചു. അവസാന ഓവറുകളിൽ പ്രതീക്ഷിച്ച പ്രകടനം സാധ്യമില്ലെങ്കിലും 170 റൺസെന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത് പന്താണ്.

∙ ആദ്യം കൈവിട്ട് ക്യാച്ചുകൾ, പിന്നെ മത്സരം

കാര്യവട്ടത്ത് ഇന്ത്യയുടെ തോൽവിയിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് എന്തായിരിക്കും? അത് കൈവിട്ട ക്യാച്ചുകളല്ലാതെ മറ്റൊന്നുമാകാൻ തരമില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫീൽഡിങ്ങിൽ ഇന്ത്യ നടത്തിയ ‘കൈവിട്ട’ കളിയെ ഒറ്റപ്പെട്ട സംഭവമായി എഴുത്തിത്തള്ളാനുമാകില്ല. ഹൈദരാബാദിലും ഇതിലും ദയനീയമായിരുന്നു ഇന്ത്യയുടെ ഫീൽഡിങ് നിലവാരം. അവിടെ പക്ഷേ, ബാറ്റുകൊണ്ട് വിരാട് കോലിയും ലോകേഷ് രാഹുലും നടത്തിയ ബാറ്റിങ് വെടിക്കെട്ടിൽ അതെല്ലാം മറയ്ക്കപ്പെട്ടു എന്നതാണ് സത്യം. ഇവിടെ അങ്ങനെയൊരു മറയുണ്ടായില്ല. ഫീൽഡിങ്ങിലെ ഇന്ത്യയുടെ ചോർച്ചകളെല്ലാം അതേപോലെ തെളിഞ്ഞുകണ്ടു.

ഭുവനേശ്വർ കുമാർ എറിഞ്ഞ നാലാം ഓവറിൽ ക്യാച്ചിനുള്ള രണ്ട് സുവർണാവസരങ്ങളാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്. 1999ലെ ലോകകപ്പ് സെമിയിൽ തന്റെ ക്യാച്ച് കൈവിട്ട ദക്ഷിണാഫ്രിക്കൻ താരം ഹെർഷേൽ ഗിബ്സിനോട് സ്റ്റീവ് വോ പറഞ്ഞതായി പ്രചരിക്കുന്നൊരു വാചകമുണ്ട്; ‘നിങ്ങൾ നിലത്തിട്ടത് ലോകകപ്പാണ്’. സത്യത്തിൽ കാര്യവട്ടത്ത് ഭുവിയുടെ ഓവറിൽ ആദ്യം വാഷിങ്ടൺ സുന്ദറും പിന്നെ ഋഷഭ് പന്തും കൈവിട്ടത് മത്സരം തന്നെയായിരുന്നു. വ്യക്തിഗത സ്കോർ ആറിൽ നിൽക്കുമ്പോഴാണ് ലെൻഡ്ൽ സിമ്മൺസ് നൽകിയ ഒന്നാന്തൊരു സിറ്റർ സുന്ദർ അവിശ്വസനീയമായി കൈവിട്ടത്. പിന്നീട് തകർത്തടിച്ച സിമ്മൺസ് പുറത്തായില്ലെന്നു മാത്രമല്ല, അർധസെഞ്ചുറിയുമായി വിൻഡീസിന്റെ വിജയശിൽപിയുമായി.

washington-sundar-catch-miss
ലെൻഡ്ൽ സിമ്മൺസിന്റെ ക്യാച്ച് വാഷിങ്ടൺ സുന്ദർ കൈവിട്ടപ്പോൾ.

ഇതേ ഓവറിൽ ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം വ്യക്തിഗത സ്കോർ 16ൽ നിൽക്കെ എവിൻ ലൂയിസ് നൽകിയ അവസരം ഋഷഭ് പന്തും കൈവിട്ടു. സ്റ്റേഡിയത്തിൽ ‘സഞ്ജു, സഞ്ജു’ വിളികൾ ഉച്ചത്തിലാക്കിയ ഈ പിഴവിനുശേഷം തകർത്തടിച്ച ലൂയിസ് 35 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 40 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ സിമ്മൺസ് – ലൂയിസ് സഖ്യം 73 റൺസ് കൂട്ടിച്ചേർത്തു. ഈ മത്സരത്തിനു മുൻപ് 2019ൽ കളിച്ച 10 ട്വന്റി20 മത്സരങ്ങളിൽനിന്ന് വിൻഡീസ് ഓപ്പണിങ് സഖ്യം നേടിയത് 72 റൺസ് മാത്രമായിരുന്നു!

ഇന്ത്യയുടെ ഫീൽഡിങ് പിഴവുകൾ അവിടംകൊണ്ടും അവസാനിച്ചില്ല. ഏറ്റവും വിശ്വസ്തനായ ഫീൽഡർ രവീന്ദ്ര ജഡേജയുടെ കൈകളും ചോർന്നു. 16–ാം ഓവറിൽ ഭുവിയുടെ പന്തിൽ ഹെറ്റ്മയറിനെ ജഡേജ ബൗണ്ടറിക്കരികിൽ കൈവിട്ടു. ശ്രേയസ് അയ്യരും മോശമാക്കിയില്ല. ഒരു ക്യാച്ച് അയ്യരും വിട്ടുകളഞ്ഞു. അതേസമയം, വിരാട് കോലിയുടെ വക ഉജ്വലമായൊരു ക്യാച്ചും ഇതേ മത്സരത്തിൽ കണ്ടു. ജഡേജയുടെ പന്തിൽ ഹെറ്റ്മയറിനെ പുറത്താക്കാൻ ബൗണ്ടറി ലൈനിനു സമാന്തരമായി മുഴുനീളെ ഓടി കോലിയെടുത്ത ക്യാച്ച് ആരാധകർക്കും ആവേശമായി. എവിൻ ലൂയിസിനെ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത സുന്ദര നിമിഷം കൂടി ചേർത്തുവച്ചാൽ വിൻഡീസ് ഇന്നിങ്സിൽ ഇന്ത്യ സന്തോഷിച്ച നിമിഷങ്ങൾ പൂർണമെന്നു മാത്രം!

∙ ഒടുവിൽ ‘വിൻ’ഡീസ്....

ട്വന്റി20യിൽ ലോക ചാംപ്യൻമാരാണ് വിൻഡീസ്. പറഞ്ഞിട്ടെന്തു കാര്യം, ഇന്ത്യയ്ക്കു മുന്നിൽ തുടർച്ചയായി ഏഴു മത്സരങ്ങൾ തോറ്റതിന്റെ നിരാശയുമായാണ് വിൻഡീസ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യ തുടർച്ചയായി ഇതിലും കൂടുതൽ മത്സരങ്ങൾ തോൽപ്പിച്ചിട്ടുള്ളത് ബംഗ്ലദേശിനെ മാത്രമാണ്; എട്ടു മത്സരങ്ങൾ. മുൻപു നടന്ന രണ്ടു മത്സരങ്ങളിലും ഇന്ത്യയെ മാത്രം തുണച്ച ചരിത്രമുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇത്തവണ വിൻഡീസ് ടീമിനെ തുണച്ചു.

ഇന്ത്യൻ ഫീൽഡർമാരുടെ ‘കൈവിട്ട’ സഹായമുണ്ടായിരുന്നെങ്കിലും വിൻഡീസിന്റെ സുന്ദരമായ റൺചേസിങ്ങിനെ ചെറുതാക്കി കാണരുതെന്ന ഹർഷ ഭോഗ്‍ലെയുടെ നിരീക്ഷണവും എടുത്തുപറയണം. ഇടയ്ക്ക് ചില അവസരങ്ങൾ നൽകിയെങ്കിലും ഇന്ത്യയെ ചിത്രത്തിൽനിന്ന് പൂർണമായും മായ്ക്കുന്നതായിരുന്നു വിൻഡീസിന്റെ പ്രകടനം.

kohli-pooran-simmons

45 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 67 റൺസെടുത്ത് പുറത്താകാതെ നിന്ന സിമ്മൺസ് മുതൽ കളത്തിലിറങ്ങിയ വിൻഡീസ് താരങ്ങളെല്ലാം തകർത്തടിച്ചു. ഇന്ത്യ ബാറ്റു ചെയ്ത പ്രതലം തന്നെയോ ഇത് എന്ന് ആരാധകർ അതിശയിച്ചു കാണും. എവിൻ ലൂയിസ് (35 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 40), ഷിമ്രോൺ ഹെറ്റ്മയർ (14 പന്തിൽ മൂന്നു സിക്സ് സഹിതം 23), നിക്കോളാസ് പുരാൻ (18 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 38) എന്നിവരെല്ലാം കനമുള്ള സംഭാവനകൾ ഉറപ്പാക്കി. പൊള്ളാർഡ് ഉൾപ്പെടെയുള്ളവർക്ക് ബാറ്റു പിടിക്കേണ്ടി പോലും വന്നില്ല എന്നതിലുണ്ട്, വിൻഡീസ് വിജയത്തിന്റെ ആധികാരികത.

∙ പിൻകുറിപ്പ്: വിൻഡീസ് ബോളർമാരുടെ പ്രകടനവും എടുത്തുപറയണം. കെസറിക് വില്യംസ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി കരുത്തുകാട്ടി. കഴിഞ്ഞ മത്സരത്തിൽ 3.4 ഓവറിൽ 60 റൺസ് വഴങ്ങി നാണംകെട്ട വില്യംസ്, തിരുവനന്തപുരത്ത് നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഇതിൽ കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ പരിഹസിച്ച കോലിയുടെ വിക്കറ്റും ഉൾപ്പെടുന്നു. വാൽഷ് നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഷെൽഡൺ കോട്രൽ, ഖാരി പിയറി, ജെയ്സൻ ഹോള്‍ഡർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary: India vs West Indies, 2nd T20I - Match Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com