ADVERTISEMENT

തിരുവനന്തപുരം ∙ ‘എന്റെ അച്ഛൻ കോട്നി വാൽഷ് അല്ല’ എന്നു നെറ്റിയിൽ എഴുതി ഒട്ടിച്ചു നടക്കേണ്ട അവസ്ഥയിലാണ് വെസ്റ്റിൻഡീസ് ടീമിലെ പുതിയ ലെഗ് സ്പിന്നർ ഹെയ്ഡൻ വാൽഷ്. മുൻ വെസ്റ്റിൻഡീസ് പേസ് ബോളർ കോട്നി വാൽഷിന്റെ പേരുമായി സാമ്യമുള്ളതാണ് ഹെയ്ഡനു വിനയായത്.

‘കാനഡയിലെ ട്വന്റി20 ലീഗിൽ കളിക്കുമ്പോഴാണ് കോട്നി വാൽഷിന്റെ മകനല്ലേ എന്ന ചോദ്യം ഞാൻ ആദ്യമായി കേൾക്കുന്നത്. ആ സീസണിൽ മുഴുവൻ ഞാൻ കോട്നിയുടെ മകൻ എന്നായിരുന്നു അറിയപ്പെട്ടത്. എത്ര പറഞ്ഞിട്ടും ആളുകൾക്കു മനസ്സിലായില്ല.

ഇന്നലെ നടന്ന മത്സരത്തിനു ശേഷമെങ്കിലും എന്റെ ശരിയായ പേര് ആളുകൾ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ’ – ഹെയ്ഡൻ പറയുന്നു. ഹെയ്ഡൻ വാൽഷ് സീനിയർ എന്നാണ് ഹെയ്ഡന്റെ അച്ഛന്റെ പേര്. തിരുവനന്തപുരത്തു നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ ഹെയ്ഡൻ 28 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ബോളർമാരെ അടിച്ചു തകർത്തു മുന്നേറിയ ശിവം ദുബെയെ പുറത്താക്കിയ ഹെയ്ഡനാണ് വെസ്റ്റിൻഡീസിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വന്നത്. ശ്രേയസ് അയ്യരുടെ വിക്കറ്റും ഹെയ്ഡനായിരുന്നു. 2019ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹെയ്ഡൻ അമേരിക്കയ്ക്കു വേണ്ടിയും രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

English Summary: My father is not Courtney: Hayden Walsh hopes to carve his own identity after good show in 2nd T20I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com