ADVERTISEMENT

തിരുവനന്തപുരം ∙ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിച്ച അതിഥിതാരം റോബിൻ ഉത്തപ്പയും ഒടുവിൽ ക്യാപ്റ്റൻ സ്ഥാനം ലഭിച്ച സച്ചിൻ ബേബിയും സെഞ്ചുറിയുമായി പടനയിച്ച രഞ്ജി പോരാട്ടത്തിൽ ഡൽഹിക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. 165 ഓവർ ക്രീസിൽനിന്ന കേരളം ഒൻപതിന് 525 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 155 റൺസുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. 274 പന്തിൽ 13 ഫോറുകൾ സഹിതമാണ് സച്ചിൻ 155 റൺസെടുത്തത്. ആദ്യ ദിനം സെഞ്ചുറി നേടിയ റോബിൻ ഉത്തപ്പ 102 റണ്‍സെടുത്തു പുറത്തായിരുന്നു. സിജോമോൻ ജോസഫ് (14), കെ.എം. ആസിഫ് (ഏഴ്) എന്നിവർ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 17 റൺസെടുക്കുമ്പോഴേയ്ക്കും ഓപ്പണർമാർ ഇരുവരെയും നഷ്ടമായി. കുനാൽ ചന്ദേല (10 പന്തിൽ ഒന്ന്), അനൂജ് റാവത്ത് (26 പന്തിൽ 15) എന്നിവരാണ് പുറത്തായത്. സ്കോർ 15ൽ നിൽക്കെ ചന്ദേലയെ സന്ദീപ് വാരിയർ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. രണ്ട് റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും അനൂജ് റാവത്തിനെ ജലജ് സക്സേന ക്ലീൻ ബൗൾഡാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ 13 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ് ഡൽഹി. എട്ടു വിക്കറ്റ് ശേഷിക്കെ കേരളത്തേക്കാൾ 502 റൺസ് പിന്നിലാണ് അവർ.

∙ ഉത്തപ്പയുടെ വഴിയേ സച്ചിൻ

മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച കേരളത്തിന് സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് ആറാം വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഡൽഹി ബോളിങ്ങിനെ വിദഗ്ധമായി ചെറുത്തുനിന്ന ഇരുവരും 156 റണ്‍സാണ് കൂട്ടിച്ചേർത്തത്. അർധസെഞ്ചുറി നേടിയ സൽമാൻ നിസാർ 77 റൺസെടുത്ത് പുറത്തായി. 144 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതമാണ് നിസാർ 77 റൺസെടുത്തത്.

വിഷ്ണു വിനോദ് (അഞ്ചു പന്തിൽ അഞ്ച്), മുഹമ്മദ് അസ്ഹറുദ്ദീൻ (28 പന്തിൽ 15) എന്നിവർ ആദ്യ സെഷനിൽത്തന്നെ കാര്യമായ സംഭാവന കൂടാതെ മടങ്ങിയ ശേഷമായിരുന്നു സൽമാന്‍ നിസാറും സച്ചിന്‍ ബേബിയും ചേർന്നുള്ള നിർണായക കൂട്ടുകെട്ട്. സച്ചിൻ ബേബിയുടെ ആറാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് പിറന്നത്. 189 പന്തിൽ 10 ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിൻ സെഞ്ചുറി പൂർത്തിയാക്കിയത്.സ്കോർ 466ൽ നിൽക്കെ സൽമാൻ നിസാർ പുറത്തായശേഷം കെ.മോനിഷ് (31 പന്തിൽ ഒൻപത്), സിജോമോൻ ജോസഫ് (45 പന്തിൽ പുറത്താകാതെ 14) എന്നിവരെ കൂട്ടുപിടിച്ചാണ് സച്ചിൻ കേരളത്തെ 500 കടത്തിയത്.

സന്ദീപ് വാരിയർ (0) നിരാശപ്പെടുത്തിയെങ്കിലും മുഹമ്മദ് ആസിഫ് 11 പന്തിൽ ഒരു സിക്സ് സഹിതം ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു. ഡൽഹിക്കായി തേജസ് ബറോക മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ശർമ, ലളിത് യാദവ് എന്നിവർ രണ്ടും വികാസ് മിശ്ര, പ്രദീപ് സാങ്‌വാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ ഉത്തപ്പ കസറിയ ഒന്നാം ദിനം

നേരത്തെ, വിജയ് ഹസാരെയിലെയും മുഷ്താഖ് അലി ട്രോഫിയിലെയും മോശം പ്രകടനത്തിനു പ്രായശ്ചിത്തം ചെയ്ത് കത്തിക്കയറിയ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയുടെ സെഞ്ചുറിയാണ് ഒന്നാം ദിനം കേരളത്തെ ശക്തമായ നിലയിൽ എത്തിച്ചത്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഉത്തപ്പയുടെയും ഓപ്പണർ രാഹുലിന്റെയും മികവിൽ 89.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലായിരുന്നു കേരളം. രഞ്ജിയിൽ കേരളത്തിനായുള്ള ഉത്തപ്പയുടെ അരങ്ങേറ്റമായിരുന്നു ഇന്നലെ.

212 പന്തിൽ 7 ഫോറും 3 സിക്സും അടക്കമാണ് ഉത്തപ്പ തന്റെ 22–ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയത്. ഓപ്പണിങ് വിക്കറ്റിൽ പി.രാഹുൽ – ജലജ് സക്സേന സഖ്യം 68 റൺസും 2–ാം വിക്കറ്റിൽ രാഹുൽ – ഉത്തപ്പ കൂട്ടുകെട്ട് 118 റൺസും നേടിയാണു കേരളത്തിന് അടിത്തറയിട്ടത്. 174 പന്തിൽ 11 ഫോറും 2 സിക്സും അടക്കമാണ് രാഹുൽ 97 നേടിയത്.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. 16–ാം ഓവറിൽ കേരളം 50 പിന്നിട്ടു. 21–ാം ഓവറിൽ തേജസ് ബറോക്കയുടെ പന്തിൽ ലളിത് യാദവ്, സക്സേനയെ(32) മടക്കി. ടീം സ്കോർ 186 എത്തിയപ്പോൾ സെഞ്ചുറിക്കു 3 റൺസ് അകലെ രാഹുലിനെ വികാസ് മിശ്ര എൽബിയിൽ കുരുക്കി. 174 പന്തിൽ 11 ഫോറും 2 സിക്സും അടങ്ങുന്നതാണു രാഹുലിന്റെ ഇന്നിങ്സ്. പിന്നീടു സച്ചിൻ ബേബിയെ കൂട്ടിനു കിട്ടിയതോടെ ‌ഉത്തപ്പ മികച്ച പ്രകടനം പുറത്തെടുത്തു. 67 ഓവറിൽ കേരളം 200 കടന്നു. 102 റൺസ് എടുത്ത ഉത്തപ്പയെ അവസാന ഓവറിൽ പ്രദീപ് സാങ്‌വാൻ മടക്കി. അതിഥിതാരമായി കേരളത്തിലേക്ക് എത്തിയ ഉത്തപ്പ ഹ്രസ്വ ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്നതോടെ രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബിയെ വീണ്ടും ക്യാപ്റ്റനാക്കിയിരുന്നു.

English Summary: Kerala vs Delhi, Round 1, Elite Group A and B - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com