ADVERTISEMENT

ജൊഹാനസ്ബെർഗ്∙ എതിരാളി ഗ്രൗണ്ടിൽ വീണതിനാല്‍ ലഭിച്ച റണ്ണൗട്ട് അവസരം വിനിയോഗിക്കാതെ ശ്രീലങ്കൻ ബോളർ ഇസുരു ഉഡാന. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ എംസാൻസി സൂപ്പർ ലീഗ് (എംഎസ്എൽ) മത്സരത്തിനിടെയാണ് ഇസുരു ക്രിക്കറ്റിലെ ‘സ്പോർട്സ്മാൻ സ്പിരിറ്റ്’ എന്താണെന്ന് ആരാധകർക്കു കാണിച്ചുകൊടുത്തത്. സംഭവം ഇങ്ങനെ– എംഎസ്എല്ലിൽ നെല്‍സൺ മണ്ഡേല ബേ ജയന്റ്സും പാൽ റോക്സും തമ്മിലുള്ള മത്സരം. ജയിക്കാൻ ബേ ജയന്റ്സിനു വേണ്ടത് എട്ടു പന്തിൽ 24 റൺസ്.

ഉഡാനയുടെ പന്തിൽ ശക്തിയായി അടിച്ച ബേ ജയന്റ്സ് താരം ഹെയ്നോ കുനിന്റെ ഷോട്ട് ചെന്നു പതിച്ചത് എതിർഭാഗത്തുനിൽക്കുകയായിരുന്ന ബാറ്റ്സ്മാൻ മാർകോ മാരിസിന്റെ ദേഹത്ത്. ക്രീസിനു പുറത്തുനിൽക്കുകയായിരുന്ന മാർകോ പന്തു ദേഹത്ത് തട്ടി താഴെവീണു. ക്രീസിലേക്കു തിരികെയെത്താൻ ബുദ്ധിമുട്ടിയ മാർകോയെ ഉഡാന റണ്ണൗട്ടാക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ആരാധകർക്കു തെറ്റി. പന്തു ലഭിച്ച ഉഡാന പതുക്കെ അടുത്ത ബോൾ ചെയ്യാൻ നടന്നു പോകുകയായിരുന്നു.

മാര്‍കോയെ പുറത്താക്കാൻ സമയം ഉണ്ടായിട്ടും എതിരാളിക്കു പരുക്കു പറ്റിയ അവസരം മുതലെടുക്കേണ്ടതില്ലെന്ന് ഉഡാന തീരുമാനിച്ചു. ഈ സമയത്ത് മാർക്കോ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ക്രീസിലേക്കു തിരികെയെത്തി. ഉടൻ വേദന താങ്ങാനാകാതെ മാർകോ ഗ്രൗണ്ടിൽ വീഴുകയും ചെയ്തു. ബാറ്റിങ് തുടർന്ന മാർകോ അടുത്ത പന്തിൽ സിക്സ് നേടിയെങ്കിലും വിജയം ഉഡാനയുടെ പാൽ റോക്സിനായിരുന്നു. 169 റൺസ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ബേ ജയന്റ്സിന് 20 ഓവറിൽ ആറിന് 156 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഇസുരു ഉഡാന ഗ്രൗണ്ടില്‍ കാണിച്ച മാന്യതയെ പുകഴ്ത്തി എംസാൻസി സൂപ്പർ ലീഗ് ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ വിഡിയോയും പങ്കുവച്ചു. ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്നായിരുന്നു വിഡിയോയ്ക്ക് നൽകിയ തലക്കെട്ട്. ശ്രീലങ്കൻ ബോളിങ് നിരയില്‍ സ്ഥിര സാന്നിധ്യമായ ഇസുരു ഉഡാന എംസാൻസി സൂപ്പർ ലീഗിലും മികച്ച ഫോമിലാണ്. 2009ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം 15 ഏകദിനങ്ങളും 27 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 35 വിക്കറ്റുകൾ നേടി. ടൂർണമെന്റിൽ പത്തു മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി മുന്നിൽ നിൽക്കുന്നതും പാല്‍ റോക്സാണ്. 27 പോയിന്റുമായി ബേ ജയന്റ്സ് രണ്ടാം സ്ഥാനത്തുണ്ട്.

English Summary: MSL 2019: Isuru Udana refuses to run out injured batsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com