ADVERTISEMENT

മുംബൈ∙ ബാറ്റു കൊണ്ടുള്ള പ്രകടനത്തിൽ ഏതു ടീമും മോഹിക്കുന്ന താരമാണ് കെ.എൽ. രാഹുൽ. ടെസ്റ്റിൽ ടീം ഇന്ത്യയുടെ കരുത്താണെങ്കിലും ഇപ്പോഴിതാ ട്വന്റി20യിലും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് രാഹുൽ. ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ രാഹുലിന്റെ മിന്നും ഫോം ഒരു തരത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനും സിലക്ടർമാർക്കും ‘സുഖമുള്ള തലവേദനയാണ്’. കാരണം പകരം താരം എന്നതിൽനിന്ന് സ്ഥിരം താരം എന്ന നിലയിലേക്കു രാഹുല്‍ വരുമ്പോൾ ആരെ ടീമിൽനിന്നും ഒഴിവാക്കും.

പകരക്കാരനായി ട്വന്റി20യിൽ കളിക്കാനിറങ്ങിയ രാഹുൽ ഇന്ത്യയുടെ കുട്ടിക്രിക്കറ്റിലെ ബാറ്റിങ് നിരയിൽ നിർണായക സാന്നിധ്യമാണിപ്പോൾ. വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ രാഹുൽ നേടിയത് 56 പന്തുകളിൽനിന്ന് 91 റൺസ്. ഓപ്പണർ രോഹിത് ശർമയുമായി ചേർന്ന് 135 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് രാഹുൽ തീർത്തപ്പോൾ ഇന്ത്യയ്ക്ക് സ്വന്തമായത് 67 റൺസ് ജയവും, പരമ്പരയും. അവസാനം കളിച്ച നാല് ട്വന്റി20 മത്സരങ്ങളിൽ മൂന്നിലും രാഹുൽ അർധസെഞ്ചുറി നേടി. ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റു പുറത്തായതോടെയാണ് രാഹുലിന് കളിക്കാൻ അവസരം ലഭിച്ചത്. ഇരുകയ്യും നീട്ടി രാഹുൽ അവസരം സ്വീകരിക്കുകയായിരുന്നെന്നതിനു തെളിവാണ് ഈ ബാറ്റിങ് പ്രകടനം.

ഇതോടെ മറ്റൊരു ചർച്ചയും ഉയര്‍ന്നു വന്നിട്ടുണ്ട്. ട്വന്റി20യിൽ ഫോമിലല്ലാത്ത ശിഖർ ധവാൻ പരുക്കു മാറിയെത്തിയാലും രാഹുൽ തന്നെ ഓപ്പണർ ആയാല്‍ എന്താണു കുഴപ്പം. എപ്പോൾ കളിച്ചാലും നല്ല ബാറ്റിങ് നടത്തുകയെന്നതാണു പ്രധാനമെന്നാണു രാഹുൽ പറയുന്നത്. മത്സരത്തിൽ സമ്മർദമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. എതിരാളികളെ നേരിടുന്നതിനും രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നതിനാലും കുറച്ചു സമയം വേണ്ടിവരും. ആത്മവിശ്വാസത്തോടെ നല്ല താളത്തിൽ കളിക്കാൻ സാധിക്കണമെന്നും രാഹുൽ പ്രതികരിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തിളക്കമാർന്ന ഇന്നിങ്സുകൾക്കു ശേഷമാണ് രാഹുലിന് ഇന്ത്യൻ ടീമിലേക്കു പ്രവേശനം ലഭിക്കുന്നത്. മുഷ്താഖ് അലി ട്രോഫിയിൽ 8 മത്സരങ്ങളിൽനിന്ന് താരം നേടിയത് 313 റൺസ്. മൂന്ന് അർധസെഞ്ചുറികൾ.

‘എന്റെ ചിന്തകൾ വളരെ ലളിതമാണ്. നെറ്റ്സിൽ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്യുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അവസരം ലഭിച്ചപ്പോൾ എന്റെ കഴിവുകൾ മെച്ചപ്പെടുത്തിയെടുക്കാനാണു ശ്രമിച്ചത്. ക്രിക്കറ്റിൽ ബാക്‌ലിഫ്റ്റുകൾ കളിക്കേണ്ടിവരുന്നത് ബോധപൂർവമല്ല. അതു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാമല്ലോ’– രാഹുല്‍ വ്യക്തമാക്കി. ട്വന്റി20യിൽ സ്ഥിരസാന്നിധ്യമാകാൻ സാധിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്നും രാഹുൽ പറഞ്ഞു. പ്രതീക്ഷ വയ്ക്കാൻ മാത്രമാണു സാധിക്കുക. അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തുകയെന്നതു മാത്രമാണ് എനിക്കു ചെയ്യാൻ സാധിക്കുക. അടുത്ത മത്സരത്തിലോ പരമ്പരയിലോ കളിക്കാനാകുമോയെന്നു ചിന്തിക്കാറില്ലെന്നും രാഹുൽ വ്യക്തമാക്കി.

2016 സിംബാബ്‍വെയ്ക്കെതിരെ ഹരാരെയിലാണ് കെ.എൽ. രാഹുല്‍ ആദ്യ ട്വന്റി20 മത്സരം കളിക്കുന്നത്. 34 മത്സരങ്ങളിൽനിന്ന് 2 സെഞ്ചുറി ഉൾപ്പെടെ 1138 റൺസ് സ്വന്തമാക്കി. അർധസെഞ്ചുറികളുടെ എണ്ണം 8. ടെസ്റ്റിൽ 36 മത്സരങ്ങളിൽ‌നിന്ന് 2006 ഉം ഏകദിനത്തിൽ 23 മത്സരങ്ങളിൽനിന്ന് 704 റൺസും താരം നേടി.

English Summary: Shikhar Dhawan or KL Rahul; new headache in team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com