ADVERTISEMENT

ഇന്ത്യ– വെസ്റ്റിൻഡീസ് മൂന്ന് ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു ചെന്നൈയിൽ. ഉച്ച കഴിഞ്ഞ് 2 മണിക്കാണു മത്സരം. 

പിച്ച് റിപ്പോർട്ട്

എം.എ. ചിദംബരം സ്റ്റേഡിയത്തിലേതു സ്പിന്നിനെ അനുകൂലിക്കുന്ന വിക്കറ്റ്. കളി പുരോഗമിക്കുന്നതിന് അനുസരിച്ചു വേഗം നഷ്ടപ്പെടുന്ന ചെന്നൈ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാനായിരിക്കും ടീമുകൾക്കു താൽപര്യം. എന്നാൽ, രാത്രിയിലെ ഈർപ്പത്തിന്റെ സാധ്യത കണക്കിലെടുത്ത് ടോസ് നേടുന്ന ടീം ബോളിങ് തിരഞ്ഞെടുക്കാനും മതി.

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ – 239. ഇവിടെ നടന്ന 21 മത്സരങ്ങളിൽ പതിമൂന്നിലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു.

ഇവരെ സൂക്ഷിക്കുക!

ഇന്ത്യ: കെ.എൽ.രാഹുലും രോഹിത് ശർമയും ക്യാപ്റ്റൻ വിരാട് കോലിയും ട്വന്റി20 പരമ്പരയിൽ നടത്തിയ തകർപ്പൻ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷ. സ്പിൻ വിക്കറ്റുകളിലെ മുൻ പരിചയവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. ചെഹൽ – കുൽദീപ് സ്പിൻ ടീമിന്റെ പ്രകടനം നിർണായകമാകും.

വിൻഡീസ്: ഏകദിന സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ ഷായ് ഹോപ് നയിക്കുന്ന ബാറ്റിങ് നിരയിൽ നിക്കൊളാസ് പുരാനും ഷിമ്രോൺ ഹെറ്റ്മെയറും ഉൾപ്പെടെയുള്ള യുവതാരങ്ങൾ മികച്ച ഫോമിലാണ്. ഫിനിഷർ റോളിലെത്തുന്ന ക്യാപ്റ്റൻ പൊള്ളാർഡ് അവസാന ട്വന്റി20യിൽ കരുത്തു കാട്ടിയിരുന്നു. ഐപിഎല്ലിന്റെ ഭാഗമായി ഇന്ത്യൻ പിച്ചുകളിൽ മത്സര പരിശീലനം നേടിയവരാണ് അൽസരി ജോസഫും കീമോ പോളും ഉൾപ്പെടുന്ന ബോളിങ് നിര.

ഭൂവിക്കു പരുക്ക്; പകരം ഷാർദൂൽ

പേസ് ബോളർ ഭുവനേശ്വർ കുമാറിനു പരുക്കേറ്റതോടെ ശാർദൂൽ ഠാക്കൂറിനെ പകരം ടീമിൽ ഉൾപ്പെടുത്തി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ ശാർദുലിനു ചെന്നൈ വിക്കറ്റ് പരിചിതമാണ്. എന്നാൽ വിക്കറ്റ് സ്പിന്നിനെ തുണയ്ക്കാനിടയുള്ളതുകൊണ്ട് ടീമിൽ സ്ഥാനം ഉറപ്പില്ല. മുഹമ്മദ് ഷമിയും ദീപക് ചാഹറുമായിരിക്കും ആദ്യ ഇലവനിൽ ഇടം പിടിക്കുക.

സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ പിച്ചിൽ 3 സ്പിന്നർമാർ ടീമിലുണ്ടാകാനിടയുണ്ട്. പരുക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരം മായങ്ക് അഗർവാൾ ടീമിനൊപ്പം ചേർന്നു.

ചില തലവേദനകൾ

മധ്യനിരയിലെ സ്ഥിരത ഇല്ലായ്മ ഇന്ത്യൻ ബാറ്റിങ്ങിനെ വേട്ടയാടാൻ തുടങ്ങിയിട്ടു കാലമേറെയായി. ചെന്നൈയിലും മുൻനിര പെട്ടെന്നു വീണാൽ പിടിച്ചു നിൽക്കാൻ മധ്യനിരയ്ക്കു കഴിയുമോ എന്നു സംശയമാണ്. വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ അടക്കി നിർത്തേണ്ട ജോലി മുഹമ്മദ് ഷമിക്കും യുവതാരം ദീപക് ചാഹറിനും എളുപ്പമാകില്ല. ഓൾറൗണ്ടർ ശിവം ദുബെയുടെ ബോളിങ് മികവ് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.

വെല്ലുവിളി ഹെയ്ഡൻ വാൽഷ്

മൂന്നാം ട്വന്റി20യിൽ ഓപ്പണിങ് ബാറ്റ്സ്മാൻ എവിൻ ലൂയിസിന് പരുക്കേറ്റതൊഴിച്ചാൽ വിൻഡീസ് നിരയിൽ കാര്യമായ പ്രശ്നങ്ങളില്ല. ട്വന്റി20 പരമ്പരയിൽമികച്ച പ്രകടനം കാഴ്ചവച്ച ലെഗ് സ്പിന്നർ ഹെയ്ഡൻ വാൽഷ് ഇവിടെ ഇന്ത്യയ്ക്കു വെല്ലുവിളിയാകാം.

നേർക്കു നേർ

ആകെ മത്സരങ്ങൾ: 128, ഇന്ത്യ ജയിച്ചത്: 61, വിൻഡീസ് ജയിച്ചത്: 62, സമനില: 2, ഫലം ഇല്ലാത്തത്: 3

∙ ഏകദിന മത്സരങ്ങൾ ട്വന്റി20യിൽനിന്നു വ്യത്യസ്തമാണ്. അതുകൊണ്ടു ട്വന്റി20 പരമ്പരയിലെ തോൽവി ഞങ്ങളെ അലട്ടുന്നില്ല. അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പര ജയിച്ചാണ് ഞങ്ങൾ വരുന്നത്.’ 

–കീറോൺ പൊള്ളാർഡ് (വെസ്റ്റിൻഡീസ് ക്യാപ്റ്റൻ).

∙വെസ്റ്റിൻഡീസ് നിര ശക്തമാണ്. മികച്ച പ്രകടനത്തിലൂടെ മാത്രമേ അവരെ പരാജയപ്പെടുത്താൻ സാധിക്കൂ. നല്ല മത്സരം പ്രതീക്ഷിക്കാം ’ –വിക്രം റാത്തോഡ് (ഇന്ത്യൻ ബാറ്റിങ് കോച്ച്).

ടീമുകൾ ഇങ്ങനെ

ഇന്ത്യ– വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‍വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷാമി, ഷാർദൂൽ താക്കൂർ.

വെസ്റ്റിൻഡീസ്– കീറൺ പൊള്ളാർഡ‍്, സുനിൽ അംബ്രിസ്, ഷായ് ഹോപ്, കാരി പിയറി, റോസ്റ്റൻ ചെയ്സ്, അൽസാരി ജോസഫ്, ഷെൽഡൻ കോട്രൽ, ബ്രാണ്ടൻ കിങ്, നികോളാസ് പുരാൻ, ഷിമ്രോൺ ഹെയ്റ്റ്മെയർ, എവിൻ ലൂയിസ്, റൊമാരിയോ ഷെപേർഡ്, ജേസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൻ വാൽഷ്.

English Summary: India VS West Indies first ODI; Kuldeep-Chahal return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com