ADVERTISEMENT

മുംബൈ∙ 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ പൂർണമായും ‘ചീറ്റിപ്പോയെന്ന’ വിമർശനവുമായി മുൻ താരവും ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗവുമായിരുന്ന യുവരാജ് സിങ് രംഗത്ത്. തീർത്തും പരിചയ സമ്പത്ത് കുറഞ്ഞ മധ്യനിരയാണ് ലോകകപ്പിലെ ഇന്ത്യൻ മുന്നേറ്റത്തിന് വിലങ്ങുതടിയായതെന്നും യുവരാജ് അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾ സമ്പൂർണ പരാജയമായിരുന്നുവെന്ന യുവിയുടെ കുറ്റപ്പെടുത്തൽ. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

വിജയ് ശങ്കറും ഋഷഭ് പന്തും ഉൾപ്പെടെയുള്ള താരതമ്യേന പുതുമുഖങ്ങളായ താരങ്ങളെ മധ്യനിരയുടെ ആണിക്കല്ലുകളാക്കി ലോകകപ്പിന് പോയതാണ് ഇന്ത്യയെ തിരിച്ചടിച്ചതെന്ന് യുവരാജ് നിരീക്ഷിച്ചു. ‘മധ്യനിരയിലേക്ക് അവർ ഒരു ഘട്ടത്തിലും എന്നെ അന്വേഷിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. അതിലുപരി, അമ്പാട്ടി റായുഡുവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവവികാസങ്ങൾ എന്നെ തീർത്തും നിരാശപ്പെടുത്തി. ലോകകപ്പിനു മുൻപുള്ള ഒരു വർഷത്തോളം നമ്മുടെ നാലാം നമ്പർ ബാറ്റ്സ്മാൻ റായുഡുവായിരുന്നു. ന്യൂസീലൻഡ് മണ്ണിൽ അവസാനം കളിച്ച മത്സരത്തിൽപ്പോലും റായുഡു 90നു മുകളിൽ സ്കോർ ചെയ്ത് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. അതിനുശേഷം ഓസ്ട്രേലിയയിൽക്കൂടി കളിച്ചശേഷം നമ്മൾ നേരെ പോയത് ലോകകപ്പിനാണ്’ – യുവരാജ് ചൂണ്ടിക്കാട്ടി.

‘2003 ലോകകപ്പിനായി നമ്മൾ തയാറെടുക്കുന്ന സമയത്ത് എല്ലാ ടൂർണമെന്റുകളിലും തന്നെ ഏതാണ്ട് ഒരേ ടീമിനെയാണ് കളിപ്പിച്ചിരുന്നത്. അന്ന് മധ്യനിരയിൽ കളിച്ചിരുന്ന എനിക്കും മുഹമ്മദ് കൈഫിനും ആവശ്യത്തിന് അനുഭവസമ്പത്തുമുണ്ടായിരുന്നു. ഏതാണ്ട് 35–40 മത്സരങ്ങൾ ഞങ്ങള്‍ കളിച്ചിരുന്നു. അന്ന് നമ്മുടെ മുൻനിര വളരെയധികം പരിചരസമ്പത്തുള്ളതായിരുന്നു. മധ്യനിരയ്ക്കും ആവശ്യത്തിന് പരിചയസമ്പത്തുണ്ടായിരുന്നു’ – യുവി ചൂണ്ടിക്കാട്ടി.

‘ഇത്തവണത്തെ ലോകകപ്പ് ഒരുക്കം നോക്കുക. അമ്പാട്ടി റായുഡുവിനെപ്പോലൊരു താരത്തെ ലോകകപ്പിനു തൊട്ടുമുൻപാണ് നമ്മൾ ടീമിൽനിന്ന് പുറത്താക്കിയത്. പകരം ഉൾപ്പെടുത്തിയത് അഞ്ച് ഏകദിനങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള വിജയ് ശങ്കറിനെ. ഏതാനും മത്സരങ്ങൾ കഴിഞ്ഞ് ശങ്കർ പരുക്കേറ്റ് പുറത്തുപോയപ്പോൾ പകരം കൊണ്ടുവന്നത് ഋഷഭ് പന്തിനെ. ലോകകപ്പിനു മുന്നോടിയായി ഏതാനും മത്സരം കളിച്ചതായിരുന്നു പന്തിന്റെ യോഗ്യത. ഇത്രയും കുറവ് മത്സരപരിചയമുള്ള ടീമുമായി നമ്മൾ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാണ്? ഇത്തരം വലിയ മത്സരങ്ങളുടെ സമ്മർദ്ദം പേറി ഇവരൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ?’ – യുവി ചോദിച്ചു.

ലോകകപ്പിലെ സുപ്രധാന മത്സരങ്ങളിൽപ്പോലും ബാറ്റിങ് ഓർഡറിന്റെ കാര്യത്തിൽ ടീമംഗങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. ‘സത്യത്തിൽ ലോകകപ്പിൽ എന്താണ് സംഭവിച്ചത്? ദിനേഷ് കാർത്തിക് ലോകകപ്പ് ടീമിൽ അംഗമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ലോകകപ്പ് സെമിയിൽ കാർത്തിക്കിന് അവസരം ലഭിച്ചത്. ഏതു നമ്പറിലാണ് ബാറ്റു ചെയ്യേണ്ടതെന്നതിനെക്കുറിച്ച് പോലും കാർത്തിക്കിന് ധാരണയുണ്ടായിരുന്നില്ല. എം.എസ്. ധോണിയേപ്പോലെ പരിചയസമ്പന്നനായ ഒരു താരം ടീമിലുണ്ടായിരുന്നു. എന്നിട്ടും നിർണായ മത്സരത്തിൽ അദ്ദേഹം ബാറ്റിങ്ങിന് വന്നത് ഏഴാം നമ്പറിൽ. ബാറ്റിങ് ഓർഡറിനെക്കുറിച്ച് ആർക്കും കൃത്യമായ ധാരണയില്ലായിരുന്നുവെന്നതാണ് സത്യം. ഇത്തരം വലിയ മത്സരങ്ങളിൽ ഇതെങ്ങനെ ശരിയാകും. ഒന്നിനെക്കുറിച്ചും ധാരണയില്ലാതെ എങ്ങനെ മത്സരം ജയിക്കും?’ – യുവരാജ് ചോദിച്ചു.

‘ഇന്ത്യയ്ക്കായി നാലാം നമ്പറിൽ ബാറ്റു ചെയ്ത താരത്തിന്റെ ഉയർന്ന സ്കോർ 48 റൺസ് മാത്രമായിരുന്നു. ലോകകപ്പിനുള്ള ഒരുക്കം സമ്പൂർണ പരാജയമായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. രോഹിത് ശർമയും വിരാട് കോലിയും മികച്ച ഫോമിലായതിനാൽ മറ്റുള്ളവർ പിന്തുണ നൽകിയാൽ മാത്രം മതിയെന്നാണ് ടീം മാനേജ്മെന്റ് ധരിച്ചത്. അങ്ങനെ കളിച്ചാൽ കിരീടം നേടാനാകില്ല. 2003, 2007, 2015 വർഷങ്ങളിൽ ലോകകപ്പ് നേടിയ ഓസീസ് ടീമിനെ നോക്കൂ. അവർക്ക് എക്കാലത്തും മധ്യനിരയിൽ കെട്ടുറപ്പുള്ള ഒരു സംഘം കളിക്കാരുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വീഴ്ച പറ്റിയതും ഇവിടെയാണ്’ – യുവരാജ് വിശദീകരിച്ചു.

English Summary: Yuvraj Singh slams India's World Cup 2019 planning: It was completely wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com