ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷ നൽകിയിട്ടും ഇതുവരെ ശ്രദ്ധേയമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ടീമുണ്ടെങ്കിൽ അത് ഏതായിരിക്കും? ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നാകും കൂടുതൽ പേരുടെയും ഉത്തരം. ഇതുവരെ കിരീടം നേടാനാകാത്തതിന്റെ കുറവു നികത്താൻ പുതിയ സീസണിലേക്ക് റോയൽ ചാലഞ്ചേഴ്സ് എന്തെങ്കിലും സർപ്രൈസ് കാത്തുവച്ചിട്ടുണ്ടോ? അടുത്ത ഐപിഎൽ സീസണിനു മുന്നോടിയായി താരലേലം 19ന് കൊൽക്കത്തയിൽ നടക്കാനിരിക്കെ, ഇക്കുറി രണ്ടും കൽപ്പിച്ചാണെന്ന സൂചനയാണ് ടീം നായകൻ വിരാട് കോലി നൽകുന്നത്. ഇക്കാര്യം വ്യക്തമാക്കി റോയൽ ചാലഞ്ചേഴ്സ് ഫാൻസിനായി കോലി ട്വിറ്ററിലൂടെ ഒരു വിഡിയോയും പുറത്തുവിട്ടു.

റോയൽ ചാലഞ്ചേഴ്സ് ആരാധകരോട് ടീമിനു പിന്നിൽ ഒന്നാകെ അണിനിരക്കാൻ ആഹ്വാനം ചെയ്യുന്നതാണ് കോലിയുടെ വിഡിയോ. ‘എല്ലാവർക്കും അറിയാവുന്നതുപോലെ പുതിയ സീസണിലേക്കുള്ള താരലേലം അടുത്തുവരികയാണ്. എല്ലാ ആരാധകരും സർവ പിന്തുണയുമായി ടീമിനു പിന്നിൽ അണിനിരക്കുമല്ലോ. ടീം മാനേജ്മെന്റും മൈക്ക് ഹെസ്സൻ, സൈമൺ കാറ്റിച്ച് തുടങ്ങിയവരും വളരെ സുപ്രധാനമായൊരു ജോലിയാണ് നിർവഹിക്കുന്നത്’ – കോലി പറഞ്ഞു.

‘ടീമിനെ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തമ്മിൽ സംസാരിച്ചിരുന്നു. എല്ലാ തലങ്ങളെയും സ്പർശിക്കുന്ന മികച്ചൊരു ടീമിനെത്തന്നെ ഇത്തവണ അണിനിരത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുതരുന്നു. 2020 നമ്മുടെ ടീമിനെ സംബന്ധിച്ച് വളരെ മികച്ചൊരു സീസൺ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ടീമിനു പിന്നിൽ ഉറച്ചുനിൽക്കുക. നിങ്ങളുടെ പിന്തുണ എക്കാലവും ടീമിന് വിലമതിക്കാനാകാത്തതാണ്. ഈ കളി തുടരുന്നിടത്തോളം അത് അങ്ങനെ തന്നെയായിരിക്കും. ഏറ്റവും മികച്ചൊരു താരലേലത്തിനായി കാത്തിരിക്കുന്നു’ – കോലി പറഞ്ഞു. ‘ഡിസംബർ 19ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവരും കാത്തിരിക്കുക’  എന്ന ആഹ്വാനത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.

വിരാട് കോലിക്കു പുറമെ എ.ബി. ഡിവില്ലിയേഴ്സ്, മോയിൻ അലി, യുസ്‌വേന്ദ്ര ചെഹൽ, വാഷിങ്ടൺ സുന്ദർ, ശിവം ദുബെ, നവ്ദീപ് സെയ്നി തുടങ്ങിയ താരങ്ങളെ റോയൽ ചാലഞ്ചേഴ്സ് ഇക്കുറി നിലനിർത്തിയിട്ടുണ്ട്. അതേസമയം, ടീം ഒഴിവാക്കിയ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ മികച്ച ഫോമിലാണ്. താരലേലത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ പേരെ ലേലത്തിൽ എടുക്കാൻ അനുവാദമുള്ള ടീം റോയൽ ചാലഞ്ചേഴ്സാണെന്ന പ്രത്യേകതയുമുണ്ട്. ആകെയുള്ള 73 ഒഴിവിൽ 12 എണ്ണം റോയൽ ചാലഞ്ചേഴ്സിലാണ്. ഇതിൽ ആറ് വിദേശ താരങ്ങളും ആറ് ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നു. ഇത്രയും താരങ്ങളെ ടീമിലെത്തിക്കാൻ ടീമിന്റെ കൈവശമുള്ളത് 27.9 കോടി രൂപയും.

∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

നിലനിർത്തിയ താരങ്ങൾ: വിരാട് കോലി, മോയിൻ അലി, യുസ്‌വേന്ദ്ര ചെഹൽ, എ.ബി. ഡിവില്ലിയേഴ്സ്, പാർഥിവ് പട്ടേൽ, മുഹമ്മദ് സിറാജ്, പവൻ നേഗി, ഉമേഷ് യാദവ്, ഗുർകീരത് മാൻ, ദേവ്ദത്ത് പടിക്കൽ, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, നവ്ദീപ് സെയ്നി.

ഒഴിവാക്കിയവർ: മാർക്കസ് സ്റ്റോയ്നിസ്, ഷിംറോൺ ഹെറ്റ്മയർ, അക്ഷ്ദീപ് നാഥ്, നഥാൻ കൂൾട്ടർനീൽ, കോളിൻ ഡി ഗ്രാൻഡ്ഹോം, പ്രയാസ് ബർമൻ, ടിം സൗത്തി, കുൽവന്ത് ഖെജ്രോളിയ, ഹിമ്മത് സിങ്, ഹെൻറിച് ക്ലാസ്സൻ, മിലിന്ദ് കുമാർ, ഡെയ്‌ൽ സ്റ്റെയ്ൻ.

English Summary: We will cover all bases: Virat Kohli assures RCB fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com