ADVERTISEMENT

മെൽബൺ ∙ ഐപിഎൽ ക്രിക്കറ്റ് ലേലത്തിൽ എന്തുകൊണ്ടാണു പഞ്ചാബ് ടീം തനിക്ക് പത്തേമുക്കാൽ കോടി രൂപ വിലയിട്ടതെന്ന് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ ലേലപ്പിറ്റേന്നു തന്നെ ആരാധകർക്കു കാട്ടിക്കൊടുത്തു. അതും ഓസ്ട്രേലിയക്കാരുടെ ‘ഐപിഎല്ലാ’യ ബിഗ് ബാഷ് ലീഗിൽ. മാനസിക സമ്മർദ്ദത്തെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് മാറിനിന്ന ശേഷം തിരിച്ചെത്തിയ മാക്സ്‍വെൽ, 30–ാം ട്വന്റി20 അർധസെഞ്ചുറിയുമായാണ് കരുത്തുകാട്ടിയത്. മെൽബൺ സ്റ്റാർസ് ക്യാപ്റ്റനായ മാക്സ്‍വെൽ 39 പന്തിൽ അടിച്ചുകൂട്ടിയത് 83 റൺസ്! ഏഴു ഫോറും അഞ്ച് സിക്സും നിറംചാർത്തിയ ഇന്നിങ്സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മെൽബണ്‍ സ്റ്റാർസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയത്. ഇതിൽ പകുതിയോളം റൺസ് പിറന്നത് മാക്സ്‍വെല്ലിന്റെ ബാറ്റിൽനിന്നു തന്നെ. ഇതിനിടെ കരിയറിലെ വേഗമേറിയ അർധ സെഞ്ചുറിയും (23 പന്തിൽ) താരം കണ്ടെത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബ്രിസ്‌ബെയ്ൻ ഹീറ്റിന്റെ പോരാട്ടം നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ അവസാനിച്ചു. മെൽബണ്‍ സ്റ്റാർസിന് 22 റൺസ് ജയം. മാക്സ്‌വെല്ലിന്റെ ടീമിൽ അംഗമായ മാർക്കസ് സ്റ്റോയ്നിസിനെ ഐപിഎല്ലിൽ 4.80 കോടിക്കു വാങ്ങിയ ഡൽഹി ക്യാപിറ്റൽസിനു പക്ഷേ മത്സരഫലം സമ്മാനിച്ചത് ചെറിയ നിരാശ. 19 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് ഒരേയൊരു ഫോർ സഹിതം 16 റൺസെടുത്ത് പുറത്തായി.

ഇംഗ്ലണ്ട് യുവതാരം ടോം ബാന്റനെ അടിസ്ഥാന വിലയായ ഒരു കോടിക്ക് ടീമിലെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ മത്സരം കണ്ട് ആവേശം കൊണ്ട മറ്റൊരു ഐപിഎൽ ടീം. മറുപടി ബാറ്റിങ്ങിൽ ബ്രിസ്ബെയ്ൻ ഹീറ്റ് 145 റൺസെടുത്തപ്പോൾ മുന്നിൽ നിന്ന് പടനയിച്ചത് ഇതേ ബാന്റൻ തന്നെ. 36 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം നേടിയത് 64 റൺസ്! അതേസമയം, ഇതേ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഓസീസ് താരം ക്രിസ് ലിന്നിന്റെ പ്രകടനം, താരത്തിനായി രണ്ടു കോടി മുടക്കിയ മുംബൈ ഇന്ത്യൻസിനെ നിരാശപ്പെടുത്തിക്കാണും. ഒൻപതു പന്തു നേരിട്ട ലിൻ ആറു റൺസെടുത്ത് പുറത്തായി.

English Summary: Glenn Maxwell, who was picked by the Kings XI Punjab for a whopping Rs 10.75 crore, played a whirlwind knock on his return to competitive cricket in the Big Bash League.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com