ADVERTISEMENT

പരിശീലകരുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മാറ്റങ്ങളുമായി ഐപിഎൽ ട്വന്റി20 ക്രിക്കറ്റിന്റെ പുതിയ സീസണിനൊരുങ്ങുന്ന ടീമുകളാണ് പഞ്ചാബ് കിങ്സ് ഇലവനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. മുൻപു കളിക്കാലത്ത് എന്തായിരുന്നോ അതേ ആക്രമണോത്സുകതയോടെ അനിൽ കുംബ്ലെയും ബ്രണ്ടൻ മക്കല്ലവും സ്വന്തം സംഘങ്ങൾക്കു വേണ്ടി ഇറങ്ങിയതോടെ ഐപിഎൽ താരലേലം ആവേശകരമായി. കൊൽക്കത്തയുടെ ‘അഗ്രസീവ്’ വാങ്ങലുകളും കിങ്സിന്റെ ‘ജംബോ’ നീക്കങ്ങളും തിളങ്ങിയ ലേലത്തിൽ വളരെക്കുറച്ചുമാത്രം പണവുമായെത്തിയ ടീമുകൾ പോലും മോശമാക്കിയില്ല.

ക്ലിനിക്കൽ എന്നു വിശേഷിപ്പിക്കാവുന്നതാണ് ചെന്നൈയുടെയും മുംബൈയുടെയും നീക്കങ്ങൾ. മോശമാക്കിയില്ല ക്യാപിറ്റൽസും ചാലഞ്ചേഴ്സും. ആഘോഷമില്ലാതെ നിശ്ശബ്ദം ശക്തി വർധിപ്പിച്ച രാജസ്ഥാൻ റോയൽസും ഹൈദരാബാദ് സൺറൈസേഴ്സും കൂടി ചേർന്നതോടെ മിഷൻ ഐപിഎൽ – 2020 വിക്ഷേപണം വിജയം.

∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ബോളിങ് ഇംപാക്ട്

ടീം മൂല്യം: 76.5 കോടി

ലേലത്തിലെ വിലയേറിയ താരമായി പാറ്റ് കമിൻസിനെ സ്വന്തമാക്കിയ കൊൽക്കത്തയ്ക്ക് ഇനി ‘എക്സ്പ്ലോസീവ്’ ഇലവനുമായി പോരാട്ടത്തിന് ഇറങ്ങാം. പാറ്റ് കമിൻസും സുനിൽ നരെയ്നും ആന്ദ്രേ റസ്സലും ക്രിസ് ഗ്രീനും ‌നൈറ്റ്റൈഡേഴ്സ് ബോളിങ് നിരയുടെ ശൗര്യമേറ്റിയതാണു ലേലത്തിന്റെ ഹൈലൈറ്റ്. ടോം ബാന്റൻ എന്ന വെടിക്കെട്ട് ഓപ്പണറുടെ വരവിൽ ക്രിസ് ലിന്നിന്റെ വിടവും ടീം അനായാസം നികത്തി. മധ്യനിരയിലേക്കുള്ള ഓയിൻ മോർഗന്റെ വരവും കൊൽക്കത്തയുടെ സ്ക്വാഡ് സ്ട്രെങ്തിനു കരുത്തേറ്റുന്നു.

∙ കിങ്സ് ഇലവൻ പഞ്ചാബ് – ‌മാച്ച് വിന്നേഴ്സ്

ടീം മൂല്യം: 68.5 കോടി

ടോപ് ഓർഡറിൽ ക്രിസ് ഗെയ്‌ലും ലോകേഷ് രാഹുലും മായങ്ക് അഗർവാളും പോലുള്ള ഇന്ത്യൻ കരുത്തുള്ള ടീമിൽ ഇനി മാക്സ്‌വെൽ– നിക്കോളാസ് പുരാൻ ജോടി ഫിനിഷിങ് മിഷനുമായെത്തും. മാക്സ്‌വെൽ മാത്രമല്ല, ബോളിങ്ങിൽ ഷെൽഡൻ കോട്രലും കിങ്സിന്റെ ‘ഗെയിം ചേഞ്ചിങ്’ സിലക്ഷൻ ആണ്. ക്രിസ് ജോർഡനും ജെയിംസ് നീഷവും തുടങ്ങി അണ്ടർ19 ദേശീയ ടീമിലെ സ്പിൻ കണ്ടെത്തലായ രവി ബിഷ്ണോയ് വരെയുള്ള താരനിരയിലൂടെ പഞ്ചാബിന്റെ ‘മെയ്ക്ക് ഓവർ’ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട് ഈ ലേലം.

∙ ഡൽഹി ക്യാപിറ്റൽസ് – ബാറ്റിങ് പവർ

ടീം മൂല്യം: 76 കോടി

ആദ്യം ലക്ഷ്യം വച്ച ഒട്ടേറെ താരങ്ങളെ കൈവിട്ടെങ്കിലും ഷിമ്രോൺ ഹെറ്റ്മെയറും അലക്സ് കാരിയും മാർക്കസ് സ്റ്റോയ്നിസുമെല്ലാം ടീമിന്റെ മുഖഛായ മാറ്റുന്ന വാങ്ങലുകൾ തന്നെ. ശിഖർ ധവാനും ശ്രേയർ അയ്യരും ഋഷഭ് പന്തും പൃഥ്വി ഷായും അജിൻക്യ രഹാനെയും നിരക്കുന്ന ബാറ്റിങ് നിരയ്ക്ക് ഇവരുടെ വരവോടെ കരുത്തേറി. പക്ഷേ ബോളിങ് എൻഡിൽ കാഗിസോ റബാദയ്ക്കൊരു ബാക്ക് അപ്പിനെ നേടാൻ ക്യാപിറ്റൽസിന് ആയിട്ടുമില്ല.

∙ മുംബൈ ഇന്ത്യൻസ് – ലിൻ ലക്ക്

ടീം മൂല്യം: 83.05 കോടി

പഴ്സിനു കനമില്ലാതെ ലേലത്തിനു വന്ന മുംബൈയ്ക്കു ‘ഭാഗ്യം’ ക്രിസ് ലിൻ എന്ന തീപ്പൊരി താരത്തിന്റെ രൂപത്തിലാണു വന്നത്. ലോകത്തേതു ട്വന്റി20 ടീമും സ്വന്തമാക്കാൻ കൊതിക്കുന്ന ക്രിസ് ലിൻ എതിരാളികളില്ലാതെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായതു കൊൽക്കത്തയിലെ ലേലത്തിലെ ‘നിഗൂഢ’ കാഴ്ചകളിലൊന്നായി. ഞെട്ടിക്കുന്ന തുകയ്ക്കു (2 കോടി !) ഓസീസ് മാച്ച് വിന്നറെ കിട്ടിയ ചാംപ്യൻമാർ നഥാൻ കോൾട്ടർനൈലിനെ സ്വന്തമാക്കി ബോളിങ്ങിനും ആഴമേറ്റി.

∙ ചെന്നൈ സൂപ്പർ കിങ്സ് – ത്രീഡി ഇഫക്ട്

ടീം മൂല്യം: 84.85 കോടി

നിസാരവിലയ്ക്കു ലേലത്തിനു വന്ന ചെന്നൈ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താവുന്ന 3 താരങ്ങളുമായി ‘സൂപ്പർ കിങ്സ്’ ആയാണു മടങ്ങിയത്. കളത്തിൽ മാത്രമല്ല, ലേലത്തിലും ‘ടാക്റ്റിസ്’ അനിവാര്യമെന്നു കാട്ടിത്തന്നു സ്റ്റീഫൻ ഫ്ലെമിങ് നയിച്ച ധോണിയുടെ സംഘം. ചെപ്പോക്കിലെ പിച്ചിൽ നിർണായകമാകാവുന്ന സാന്നിധ്യങ്ങളാണു സാം കറന്റെ സീമും പിയൂഷ് ചാവ്‌ലയുടെ സ്പിന്നും ജോഷ് ഹെയ്സൽവുഡിന്റെ സ്വിങ്ങും.

∙ സൺറൈസേഴ്സ് ഹൈദരാബാദ് – സ്മാർട് ഓപ്ഷൻസ്

ടീം മൂല്യം: 74.9 കോടി

പഴുതുകൾ അധികമില്ലാതെയെത്തിയ ഹൈദരാബാദ് സൺറൈസേഴ്സ് ഈ ലേലത്തിൽ കാഴ്ചക്കാരുടെ റോളിലായിരുന്നു. മടക്കം പക്ഷേ ‘സ്മാർട്’ എന്നു പറയാവുന്ന താരവാങ്ങലുകളോടെയാണ്. ഓസീസ് താരം മിച്ചൽ മാർഷും കരീബിയൻ യുവതാരം ഫാബിയൻ അലനും ഇലവനിലെത്താൻ സാധ്യതയുള്ള ഓൾറൗണ്ടർമാർ. ബാറ്റിങ് നിരയിലേക്കെത്തിയ പ്രിയം ഗാർഗും വിരാട് സിങ്ങും നാളത്തെ താരങ്ങളും.

∙ റോയൽ ചാലഞ്ചേഴ്സ് – റോയൽ ബോളിങ്

ടീം മൂല്യം: 78.6 കോടി

ഏറെ പഴി കേട്ട ബോളിങ് നിരയിൽ മാറ്റം തേടിയെത്തിയ ചാലഞ്ചേഴ്സ് ആ വെല്ലുവിളി വിജയിച്ചാണു മടങ്ങിയത്. ഡെയ്ൽ സ്റ്റെയ്നും കെയ്ന്‍ റിച്ചാർഡ്സണും കറ തീർന്ന പേസർമാരായും ക്രിസ് മോറിസും ഇസിരു ഉഡാനയും ബോളിങ് ഓൾറൗണ്ടർമാരായുമെത്തുമ്പോൾ വിരാട് കോലിക്ക് ഇനി സന്തുലിതമായ ‘ഇലവൻ’ തേടാം. ആരോൻ ഫിഞ്ചും ജോഷ് ഫിലിപ്പെയും ബാറ്റിങ് നിരയ്ക്കു വർധിതവീര്യം പകരുന്ന കണ്ടെത്തലുകളാണ്.

∙ രാജസ്ഥാൻ റോയൽസ് – മെയ്ക്ക് ഇൻ ഇന്ത്യ !

ടീം മൂല്യം: 70.25 കോടി

പ്ലേയിങ് ഇലവനിലേയ്ക്കു വിദേശതാരങ്ങളെ ആവശ്യമില്ലാതെ വന്ന രാജസ്ഥാന്റെ ഇന്ത്യൻ ദൗത്യം വിജയം കണ്ടു. റോബിൻ ഉത്തപ്പയും ജയ്ദ‌േവ് ഉനദ്കടും പോലുള്ള സീനിയേഴ്സിനെക്കാളേറെ ജൂനിയർ സൂപ്പർ സ്റ്റാർ യശസ്വി ജയ്സ്വാൾ ഉൾപ്പെടെയുള്ള യുവതുർക്കികളാണു ലേലത്തിൽ ടീമിന്റെ ന്യൂക്ലിയസ്. അണ്ടർ–19 താരങ്ങളെ സ്വന്തമാക്കി ഭാവിതാരങ്ങളെ സമ്മാനിക്കുന്നുവെന്ന മുദ്രാവാക്യം ആവർത്തിച്ചതിനൊപ്പം വിദേശ ബാക്ക് അപ്പും മോശമാക്കിയില്ല ടീം. ഡേവിഡ് മില്ലറും ടോം കുറാനും ആൻഡ്രൂ ടൈയും ഓഷെയ്ൻ തോമസും നിസാരതുകയ്ക്കാണു റോയൽസ് പാളയത്തിലെത്തുന്നത്.

English Summary: Indian Premier League 2019-20 Auction, Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com