ADVERTISEMENT

2019 ‘അവസാന ഓവറിലാണിപ്പോൾ; ക്രിക്കറ്റ് ലോകത്തിന് ഓർമയിൽ സൂക്ഷിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ ബാക്കി. 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് എത്തിയപ്പോൾ 2019 ക്രിക്കറ്റ് വർഷം ഏറ്റവും സന്തോഷിച്ചതു ടീം ഇംഗ്ലണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര നേടി ഇന്ത്യ ചരിത്രം കുറിച്ചപ്പോൾ ആഷസ് പരമ്പര നിലനിർത്തി ഓസ്ട്രേലിയ ആശ്വാസം കണ്ടെത്തി.

നേട്ടമുണ്ടാക്കിയവർ:

2019ൽ ഏറ്റവും കൂടുതൽ ആഘോഷിക്കാൻ അവസരം ലഭിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനാണ്. ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടനേട്ടം. സ്വന്തം നാട്ടിൽ നടന്ന ആഷസ് പരമ്പരയിൽ അവിശ്വസനീയമായി തിരിച്ചുവന്ന് പരമ്പര സമനിലയിലാക്കി. രണ്ടു സന്തോഷങ്ങളിലും ഇംഗ്ലണ്ടിന് നന്ദി പറയാനുള്ളത് ഒരാളോടുമാത്രം: ബെൻ സ്റ്റോക്സ്, ലോകകപ്പിന്റെയും ആഷസ് പരമ്പരയുടെയും താരം. പന്തുചുരണ്ടൽ വിവാദത്തിനുശേഷം തിരിച്ചെത്തി ആഷസ് അവിസ്മരണീയമാക്കിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിനും 2019 അവിസ്മരണീയമായ വർഷമായി.

tim-pain
പേരും നമ്പരുമെഴുതിയ ടെസ്റ്റ് ജഴ്സി ധരിച്ച് ഓസീസ് താരം ടിം പെയ്ൻ. (ഫയൽ ചിത്രം)

ഉദിച്ചുയർന്നവർ:

ഓസീസ് താരം സ്റ്റീവ് സ്മിത്തിനു പരുക്കേറ്റപ്പോൾ പകരം ടീമിലെത്തി 2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായി മാറിയ മാർനസ് ലബുഷെയ്നാണ് ഈ വർഷത്തിന്റെ പ്രധാന കണ്ടെത്തൽ. തീപാറുന്ന ബൗൺസറുകൾകൊണ്ടു ബാറ്റ്സ്മാൻമാരെ വട്ടംകറക്കിയ ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചറും 2019ന്റെ കണ്ടെത്തലാണ്.

കോട്ട തകർന്നവർ:

പ്രധാന താരങ്ങൾ കൂട്ടത്തോടെ വിരമിച്ചപ്പോൾ 2019ൽ ഏറ്റവുമധികം തിരിച്ചടി നേരിടേണ്ടിവന്നത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനാണ്. ലോകകപ്പിൽ 7–ാം സ്ഥാനത്തു ഫിനിഷ് ചെയ്ത് സെമി ഫൈനൽ കാണാതെ പുറത്തായ ദക്ഷിണാഫ്രിക്ക, തുടർന്നു നടന്ന ഇന്ത്യൻ പര്യടനത്തിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങി. സ്വന്തം മണ്ണിൽ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യൻ രാജ്യത്തോടു (ശ്രീലങ്ക) ടെസ്റ്റ് പരമ്പര തോൽവി എന്ന നാണക്കേടും 2019ൽ ദക്ഷിണാഫ്രിക്കയ്ക്കു നേരിടേണ്ടിവന്നു. ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തുണ്ടായ അരക്ഷിതാവസ്ഥയും മറ്റു പ്രശ്നങ്ങളും വേറെ.

നിറം മങ്ങിയവർ:

ഒത്തുകളി വിവാദത്തിന്റെ പേരിൽ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസനു രാജ്യാന്തര ക്രിക്കറ്റിൽ വിലക്കു നേരിടേണ്ടി വന്നതും ബോർഡുമായുള്ള തർക്കം കാരണം ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾ സമരത്തിനിറങ്ങിയതും ക്രിക്കറ്റിന്റെ ശോഭ കെടുത്തി.

ഇന്ത്യ @ 2019

kohli
വിരാട് കോലി

70 വർഷത്തിലധികം കാത്തിരുന്ന ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയം; ബോർഡർ – ഗാവസ്കർ ട്രോഫി നിലനിർത്തുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്നീ പെരുമകളുമായാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി 2019നു തുടക്കമിട്ടത്. ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ അമരത്തു കൊടിനാട്ടിയാണ് 2019നോട് ടീം ഇന്ത്യ വിടപറയുന്നത്.

എന്നാൽ, ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസീലൻഡിനോടു തോറ്റുപുറത്തായതിന്റെ വിഷമം ഒരു നീറ്റലായി ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിലുണ്ട്. വിരാട് കോലി രാജ്യാന്തര ക്രിക്കറ്റിൽ 2019ലെ റൺവേട്ടക്കാരിൽ ഒന്നാമത് എത്തിയപ്പോൾ ഏകദിന ക്രിക്കറ്റിലെ റൺനേട്ടക്കാരിൽ രോഹിത് ശർമയും മുന്നിലെത്തി.

mithali-raj
മിതാലി രാജ്

രാജ്യാന്തര ക്രിക്കറ്റിൽ 200 ഏകദിന മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയുടെ മിതാലി രാജ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമായി. ഇന്ത്യ ആദ്യമായി പിങ്ക് ബോൾ ടെസ്റ്റ് മത്സരം കളിച്ച വർഷമെന്ന പ്രത്യേകതയും 2019ന് ഉണ്ട്.

2019 –ഐസിസി പുരുഷ റാങ്കിങ്ങിൽ ടീം ഇന്ത്യ
ടെസ്റ്റ് – 1
ഏകദിനം – 2
ട്വന്റി20 – 5

2019ൽ വിരമിച്ച പ്രമുഖർ

യുവരാജ് സിങ് (ഇന്ത്യ)
ഡെയ്ൽ സ്റ്റെയ്ൻ (ദക്ഷിണാഫ്രിക്ക)
ഹാഷിം അംല (ദക്ഷിണാഫ്രിക്ക)

2019 – ഹാ... ആ നിമിഷങ്ങൾ

(2019ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്ത രാജ്യാന്തര ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷങ്ങൾ)

ellyse-perry
എലിസ് പെറി (ഫയൽചിത്രം)

1. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലേക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടമെത്തി
2. ഏഷ്യൻ രാജ്യങ്ങൾക്കു കിട്ടാക്കനിയായ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയം ശ്രീലങ്ക സ്വന്തമാക്കി
3. രാജ്യാന്തര ക്രിക്കറ്റിൽ 200 ഏകദിന മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ വനിതാതാരമായി ഇന്ത്യയുടെ മിതാലി രാജ്.
4. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ജഴ്സിയുടെ പിന്നിൽ പേരും നമ്പരും വയ്ക്കാൻ താരങ്ങൾക്ക് അനുവാദം.
5. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 100 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് ഓസ്ട്രേലിയയുടെ എലീസ് പെറി സ്വന്തമാക്കി.
6. നേപ്പാളിന്റെ വനിതാ സ്പിന്നർ അഞ്ജലി ചന്ദ് മാലദ്വീപിനെതിരായ ട്വന്റി20യിൽ ഒറ്റ റൺ പോലും വഴങ്ങാതെ ആറു വിക്കറ്റ് വീഴ്ത്തി
7. തായ്‌ലൻഡ് വനിതാ ക്രിക്കറ്റ് ടീം 2020 ഐസിസി ട്വന്റി20 ലോകകകപ്പിന് യോഗ്യത നേടി
8. പാപ്പുവ ന്യൂഗിനി പുരുഷ ടീം 2020 ട്വന്റി20 ലോകകപ്പിന് യോഗ്യത ഉറപ്പാക്കി.
9. ഓസ്ട്രേലിയൻ വനിതാ ടീം ആഷസ് കിരീടം നിലനിർത്തി.
10. പത്തു വർഷത്തിനു ശേഷം പാക്കിസ്ഥാനിൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരം. ശ്രീലങ്ക പര്യടനത്തിനെത്തി.

English Summary: 2019 Cricket Round up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com