ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ‘നന്മയ്ക്കായി’ ഒരു ചെറിയ ഉപദേശം നൽകുക മാത്രമാണ് അവരുടെ ഇതിഹാസ താരം കൂടിയായ ഷെയ്ൻ വോൺ ചെയ്തത്. അതിത്ര പുലിവാലാകുമെന്ന് കക്ഷി നിനച്ചിരിക്കില്ല. ന്യൂസീലൻഡിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആദ്യ രണ്ടു ടെസ്റ്റും ജയിച്ചപ്പോൾത്തന്നെ ഓസീസ് സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മൂന്നാം ടെസ്റ്റിൽ ഓസീസ് സ്പിന്നർ നേഥൻ ലയണിന് വിശ്രമം അനുവദിച്ചിട്ടാണെങ്കിലും യുവ സ്പിന്നർ മിച്ചൽ സ്വെപ്സന് അവസരം നൽകണമെന്നായിരുന്നു ആ നിർദ്ദേശം. ഓസീസ് ക്രിക്കറ്റിന്റെ ഭാവി കൂടി പരിഗണിച്ചാണ് താൻ ഇതു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മെൽബണിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 247 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് ഓസീസ് തുടർച്ചയായ രണ്ടു ജയങ്ങളോടെ പരമ്പര ഉറപ്പാക്കിയത്. യുവതാരത്തിന് അരങ്ങേറ്റത്തിന് അവസരം നൽകാനുള്ള വോണിന്റെ നിർദ്ദേശം ലയൺ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും തനിക്ക് വിശ്രമം അനുവദിക്കാനുള്ള വോണിന്റെ ‘ഉദാരത’ താരത്തിന് അത്രയ്ക്കങ്ങ് സ്വീകാര്യമായില്ല. വോണിന്റെ നിർദ്ദേശം ലയൺ ‘നിർദ്ദാക്ഷിണ്യം’ തള്ളുകയും ചെയ്തു. സ്വെപ്സനൊപ്പം കളിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും അതിന്റെ പേരിൽ ടീമിൽനിന്ന് മാറാൻ താനില്ലെന്നായിരുന്നു ലയണിന്റെ പ്രതികരണം. മാത്രമല്ല, ഷെയ്ൻ വോൺ ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന സഹ സ്പിന്നർ സ്റ്റുവാർട്ട് മക്ഗിലിന്റെ പേരിൽ ‘നൈസായിട്ടൊന്ന് കുത്തു’കയും ചെയ്തു:

‘ഷെയ്ൻ വോൺ കളിച്ചിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന സ്റ്റുവാർട്ട് മക്ഗിലിന് അവസരം ഉറപ്പാക്കാൻ എന്നെങ്കിലും വിശ്രമമെടുത്തിട്ടുണ്ടോ?’ – ഇതായിരുന്നു ലയണിന്റെ ചോദ്യം. ഷെയ്ൻ വോണിന്റെ പ്രതാപകാലത്ത് ഓസീസ് ക്രിക്കറ്റിൽ സജീവമായിരുന്ന താരമാണ് ലെഗ് സ്പിന്നർ സ്റ്റുവാർട്ട് മക്ഗിൽ. വോണിന്റെ നിഴലിലായിപ്പോയ മക്ഗിലിന് കരിയറിൽ ആകെ കളിക്കാനായത് 44 ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മാത്രം. 44 ടെസ്റ്റിൽനിന്ന് 208 വിക്കറ്റുകളും മൂന്ന് ഏകദിനങ്ങളിൽനിന്ന് ആറു വിക്കറ്റുമാണ് സമ്പാദ്യം. വോണാകട്ടെ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചു.

‘തീർച്ചയായും അടുത്ത ടെസ്റ്റിൽ വിശ്രമം ചോദിച്ചുവാങ്ങാൻ ഞാൻ തയാറല്ല. മാത്രമല്ല, വിശ്രമം ഇഷ്ടപ്പെടുന്ന ഒരു ഓസീസ് താരത്തേപ്പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ബുദ്ധിമുട്ടേറിയ മേഖലയാണെന്നത് ശരിതന്നെ. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിന്റെ വെല്ലുവിളി സ്വീകരിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. ഓസ്ട്രേലിയയ്ക്ക് വേണ്ട് ടെസ്റ്റ് കളിക്കാൻ ലഭിക്കുന്ന അവസരം ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ?’ – ലയൺ ചോദിച്ചു.

മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ്, ജയിംസ് പാറ്റിൻസൻ തുടങ്ങി ഓസീസ് ടീമിലെ ബോളർമാരിലാരും വിശ്രമം ചോദിച്ചുവാങ്ങുമെന്ന് താൻ കരുതുന്നില്ലെന്നും ലയൺ പറഞ്ഞു. അതേസമയം, രണ്ട് ലെഗ് സ്പിന്നർമാർ ഒരുമിച്ചു കളിക്കുന്നത് മത്സരത്തിന് തീർത്തും വ്യത്യസ്തമായൊരു തലം സമ്മാനിക്കുമെന്നും ലയൺ ചൂണ്ടിക്കാട്ടി.

‘ഒരു സ്പിന്നർ കൂടിയുണ്ടെങ്കിൽ അദ്ദേഹത്തിനൊപ്പം ബോൾ ചെയ്യുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. കൂടുതൽ വേഗത്തിൽ ഓവറുകൾ എറിഞ്ഞുതീർക്കാമെന്നു മാത്രമല്ല, രണ്ടറ്റത്തുനിന്നും ബാറ്റ്സ്മാൻമാരെ സമ്മർദ്ദത്തിലാക്കാനും അതു നല്ലതാണ്. സ്വപ്സന് ടീം അവസരം നൽകിയാൽ തീർച്ചയായും അദ്ദേഹത്തിനൊപ്പം പന്തെറിയാൻ‌ സന്തോഷമേയുള്ളൂ. പക്ഷേ, ആ തീരുമാനം ഞാനല്ല കൈക്കൊള്ളേണ്ടത്. അത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണ്’ – ലയൺ ചൂണ്ടിക്കാട്ടി.

ഓസീസ് ടീമിന്റെ മുഖ്യ സ്പിന്നറായ ലയൺ ഇതുവരെ 95 ടെസ്റ്റുകളും 29 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 380 വിക്കറ്റും ഏകദിനത്തിൽ 29 വിക്കറ്റും ട്വന്റി20യിൽ ഒരു വിക്കറ്റും നേടി. ടെസ്റ്റിൽ 16 തവണ അഞ്ചു വിക്കറ്റ് നേട്ടവും രണ്ടു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് പിഴുത് കിവീസിനെ എറിഞ്ഞിടുന്നതിന് നേതൃത്വം ന‍ൽകി.

English Summary: Nathan Lyon shoots down Shane Warne call to take a rest for Sydney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com