ADVERTISEMENT

ദുബായ്∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയത് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഭാഗ്യം! ഇതോടെ, ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്റ്സ്മാനായി വിരാട് കോലി പുതുവർഷം ആഘോഷിക്കും. ന്യൂസീലൻഡിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിൽ കോലിയെ മറികടക്കാൻ സ്മിത്തിന് അവസരമുണ്ടായിരുന്നെങ്കിലും രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിൽനിന്ന് 37.75 ശരാശരിയിൽ നേടാനായത് 151 റൺസ് മാത്രം. ഇതോടെ 911 പോയിന്റുമായി പട്ടികയിൽ കോലിക്കു പിന്നിൽത്തന്നെ യായി സ്മിത്തിന്റെ സ്ഥാനം. 928 പോയിന്റുമായി കോലി ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

ഓസീസ് താരം മാർനസ് ലബുഷെയ്ൻ, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് എന്നിവരാണ് വർഷാന്ത്യം റാങ്കിങ്ങിൽ ഏറ്റവും നേട്ടമുണ്ടാക്കിയ താരം. ചേതേശ്വർ പൂജാരയെ പിന്തള്ളിയ ലബുഷെയ്ൻ ആദ്യമായി റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തി. 805 പോയിന്റാണ് ലബുഷെയ്നുള്ളത്. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ലബുഷെയ്നാണ്. 11 ടെസ്റ്റുകളിൽനിന്ന് നേടിയത് 1104 റൺസ്. പട്ടികയിൽ രണ്ടാമനും ഓസീസ് താരം തന്നെ. എട്ടു ടെസ്റ്റുകളിൽനിന്ന് 965 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്. ഒന്നാം റാങ്കിലുള്ള വിരാട് കോലി ഈ വർ‌ഷം കൂടുതൽ റൺസ് നേടിയ താരങ്ങളിൽ 13–ാമതാണ്. എട്ടു ടെസ്റ്റുകളിൽനിന്ന് നേടിയത് 612 റൺസ്.

ബോക്സിങ് ഡേ ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഡികോക്ക് ഒറ്റയടിക്ക് എട്ടു സ്ഥാനങ്ങൾ കയറി 712 പോയിന്റുമായി 10–ാം സ്ഥാനത്തെത്തി. 822 പോയിന്റുള്ള കെയ്ൻ വില്യംസൻ മൂന്നാം സ്ഥാനം നിലനിർത്തി. പൂജാര 791 പോയിന്റുമായി അഞ്ചാമതാണ്. ബാബർ അസം (767) ആറാം സ്ഥാനത്തുണ്ട്. ഡേവിഡ് വാർണർ (759), അജിൻക്യ രഹാനെ (759) എന്നിവർ ഏഴാം സ്ഥാനം പങ്കിട്ടു. ജോ റൂട്ട് 754 പോയിന്റുമായി ഒൻപതാമതാണ്.

ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുക സ്വന്തമാക്കിയ ഓസീസ് പേസ് ബോളർ പാറ്റ് കമിൻസാണ് ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്. 902 പോയിന്റാണ് കമിൻസിന്റെ പേരിലുള്ളത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച കിവീസ് താരം നീൽ വാഗ്ന‌ർ 859 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. രണ്ടാമതുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദ 830 പോയിന്റുമായി മൂന്നാമതാണ്. ജെയ്സൻ ഹോൾഡർ 830 പോയിന്റുമായി നാലാമതാണ്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ താരം വെര്‍നോൺ ഫിലാൻഡർ മൂന്നു സ്ഥാനം കയറി അഞ്ചാമതെത്തി. 800 പോയിന്റാണ് ഫിലാൻഡറിനുള്ളത്. കളത്തിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ജസ്പ്രീത് ബുമ്ര 794 പോയിന്റുമായി ആറാം സ്ഥാനം നിലനിർത്തി. മിച്ചൽ സ്റ്റാർക് രണ്ടു സ്ഥാനമിറങ്ങി ഏഴാമതും ജോഷ് ഹെയ്സൽവുഡ് ഒരു സ്ഥാനം പിന്നിലേക്കിറങ്ങി എട്ടാമതുമാണ്. രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ രണ്ടുവീതം സ്ഥാനങ്ങൾ കയറി യഥാക്രമം ഒൻപത്, പത്ത് റാങ്കുകളിലുണ്ട്. ഓള്‍റൗണ്ടർമാരുടെ പട്ടികയിൽ ജെയ്സൻ ഹോൾഡർ ഒന്നാമതു തുടരുന്നു. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർ യഥാക്രമം രണ്ട്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.

ടീമുകളുടെ റാങ്കിങ്ങിലും 120 പോയിന്റുമായി ഇന്ത്യ ഒന്നാം റാങ്കുകാരായി പുതുവർഷത്തിലേക്കു കടക്കും. ന്യൂസീലൻഡ് (112), ദക്ഷിണാഫ്രിക്ക (102), ഇംഗ്ലണ്ട് (102), ഓസ്ട്രേലിയ (102) എന്നിവരാണ് രണ്ടു മുതൽ അഞ്ചു വരെ റാങ്കുകളിൽ. 

English Summary: ICC Test rankings: Virat Kohli finishes 2019 as No. 1 batsman after Steve Smith's ordinary run vs New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com