ADVERTISEMENT

ലാഹോർ∙ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരകൾ വീണ്ടും ആരംഭിക്കാൻ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇടപെടണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് ആവശ്യപ്പെട്ടു. ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ തുടങ്ങുന്നതിനുള്ള ചർച്ചകളുമായി മുന്നോട്ടു പോകാൻ സൗരവ് ഗാംഗുലി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കണം. 2004ല്‍ ബിസിസിഐയുടെ വിമുഖതയ്ക്കിടെയും പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യയെത്തിയത് അന്നു ക്യാപ്റ്റനായിരുന്ന ഗാംഗുലിയുടെ കഴിവുകൊണ്ടാണെന്നും ലത്തീഫ് ഒരു മാധ്യമത്തോടു പ്രതികരിച്ചു.

ഒരു ക്രിക്കറ്റ് താരം എന്ന നിലയ്ക്കും ബിസിസിഐ അധ്യക്ഷനായും ഗാംഗുലിക്ക് പാക്ക് ക്രിക്കറ്റ് ബോർഡിനെയും പിസിബി തലവൻ എഹ്സാൻ മാനിയെയും സഹായിക്കാന്‍ സാധിക്കും. ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാതെ കാര്യങ്ങൾ മുന്നോട്ടു പോകില്ല. ലോകത്തിന് ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. ക്രിക്കറ്റിലെ വൻ ശക്തികൾ പാക്കിസ്ഥാനിലെത്തി കളിക്കാൻ പിസിബി സിഇഒ വസീം ഖാൻ ഇടപെടണം. എങ്കിൽ മാത്രമേ പാക്ക് ക്രിക്കറ്റിനും കളിക്കാർക്കും അതു സഹായകരമാകൂ– റാഷിദ് ലത്തീഫ് പറഞ്ഞു.

2004 ല്‍ പാക്കിസ്ഥാനിൽ കളിക്കാൻ ബിസിസിഐയ്ക്കു താൽപര്യമുണ്ടായിരുന്നില്ല. അവരെയും കളിക്കാരെയും അനുനയിപ്പിച്ചത് ഗാംഗുലിയായിരുന്നു. ആ പര്യടനം വിജയം കൊണ്ട് ഇന്ത്യയ്ക്ക് അവിസ്മരണീയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2004 ലെ പാക്ക് പര്യടനത്തിൽ ഏകദിന പരമ്പര 3–2നും ടെസ്റ്റ് പരമ്പര 2–1നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം വഷളായതിനെ തുടർന്ന് ഐസിസി ടൂര്‍ണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്.

ഏറെ വർഷങ്ങൾക്കുശേഷം അടുത്തിടെയാണ് പാക്കിസ്ഥാൻ ഒരു ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ 2–0ന് ജയിച്ചു. രാജ്യാന്തര മത്സരങ്ങൾ നടക്കാത്തതിനാൽ പാക്കിസ്ഥാനിലെ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നാശത്തിലേക്കു പോകുകയാണെന്നും ശ്രീലങ്ക പാക്കിസ്ഥാനിൽ കളിക്കാനെത്തിയത് ആശ്വാസമാണെന്നും റാഷിദ് ലത്തീഫ് പറഞ്ഞു.

English Summary: Sourav Ganguly can help PCB in resuming Indo-Pak cricket ties, says Rashid Latif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com